കീവ്: ഉക്രെയ്‌നില്‍ റഷ്യന്‍ കേണലിനെ അദ്ദേഹത്തിന്റെ തന്നെ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. യുദ്ധത്തില്‍ കേണലിന്റെ ഏകപക്ഷീയ നിലപാടുകള്‍ മൂലം യൂണിറ്റിന് സംഭവിച്ച വന്‍ നാശ നഷ്ടങ്ങളില്‍ രോഷാകുലരായ കീഴ് സൈനികര്‍ അദ്ദേഹത്തെ ടാങ്ക് ഇടിച്ചു വീഴ്ത്തിയതായി ഒരു പാശ്ചാത്യ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 'ഇസ്രായേല്‍ ടൈംസ്' ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
റഷ്യയുടെ 37-ാമത് ഗാര്‍ഡ് മോട്ടോറൈസ്ഡ് റൈഫിള്‍ ബ്രിഗേഡിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.അത്യാസന്ന നിലയിലായിരുന്ന യൂറി മെദ്വദേവ് എന്ന കേണലിനെ റഷ്യന്‍ സൈനികര്‍ സ്ട്രെച്ചറില്‍ നീക്കുന്നതിന്റെ വീഡിയോ പ്രശസ്ത ഉക്രേനിയന്‍ പത്രപ്രവര്‍ത്തകന്‍ റോമന്‍ സിംബാല്‍യുക്ക് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പാശ്ചാത്യ സ്ഥിരീകരണം വന്നത്. യൂണിറ്റിന് 50 ശതമാനത്തിലധികം നഷ്ടം നേരിട്ടതിന് ശേഷമാണ് സംഭവം നടന്നതെന്ന് സിംബാല്‍യുക്ക് പറഞ്ഞു. മെദ്വദേവിന്റെ കാലുകള്‍ ചതഞ്ഞതായും ചികിത്സയ്ക്കായി അയല്‍രാജ്യമായ ബെലാറസിലേക്ക് കൊണ്ടുപോയതായുമാണ് അദ്ദേഹം ആദ്യം അറിയിച്ചത്. എന്നാല്‍, മരിച്ചതായി തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തു.
'അദ്ദേഹത്തിന്റെ ബ്രിഗേഡിന് സംഭവിച്ച നഷ്ടത്തിന്റെ അനന്തരഫലമായി മനഃപൂര്‍വ്വം സ്വന്തം സൈന്യം ആക്രമിച്ചു കൊന്നതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു,' ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിഷേധവും അതിരോഷവു മൂലം 'റഷ്യന്‍ സേന നേരിടുന്ന ധാര്‍മിക വെല്ലുവിളികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നു ഈ സംഭവം. തീര്‍ത്തും മോശമായ അവസ്ഥയില്‍ അവര്‍ വളരെയധികം കഷ്ടപ്പെടുന്നു. '- ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏഴാമത്തെ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു
ഇതിനിടെ, 49-ാമത് സംയോജിത ആയുധ സേനയുടെ കമാന്‍ഡറായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ യാക്കോവ് റെസാന്റ്സെവ് പോരാട്ടത്തില്‍ കൊല്ലപ്പെട്ടുവെന്ന ഉക്രേനിയന്‍ റിപ്പോര്‍ട്ടുകളും പാശ്ചാത്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.ഒരു മാസം മുമ്പ് ആക്രമണം ആരംഭിച്ചതിനുശേഷം യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ റഷ്യന്‍ ജനറലാണ് റെസാന്റ്സെവ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്നില്‍ വിന്യസിച്ച ചെചെന്‍ സ്‌പെഷ്യല്‍ ഫോഴ്സിലെ ജനറല്‍ മഗോമെദ് തുഷേവും, കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടതായി പറയപ്പെടുന്ന ഉന്നതരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ആറാമത്തെ സംയോജിത ആയുധ സേനയിലെ റഷ്യന്‍ ആര്‍മി കമാന്‍ഡര്‍ ജനറല്‍ വ്‌ലൈസ്ലാവ് യെര്‍ഷോവിനെ ഈ ആഴ്ച ആദ്യം ക്രെംലിന്‍ തല്‍സ്ഥാനത്തു നിന്ന് നീക്കിയ കാര്യം സ്ഥിരീകരിക്കപ്പെട്ടു. ഒരു മാസത്തെ അധിനിവേശത്തിനിടെ ഉണ്ടായ കനത്ത നഷ്ടങ്ങളും തന്ത്രപരമായ പരാജയങ്ങളും കാരണമാണ് അദ്ദേഹത്തെ പെട്ടെന്ന് പുറത്താക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്.
ഒരു മാസം നീണ്ടുനിന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്ന റഷ്യന്‍ സൈനികരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും എണ്ണം പാശ്ചാത്യ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണെന്നും ഇസ്രായേല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.യുദ്ധത്തില്‍ റഷ്യയുടെ 1,300-ലധികം സൈനികര്‍ മരിച്ചുവെന്നാണ്് ക്രെംലിന്‍ പറയുന്നതെങ്കിലും അതിന്റെ നാലോ അഞ്ചോ ഇരട്ടി മരണം ഉറപ്പാണെന്ന് പാശ്ചാത്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഉക്രെയ്‌നില്‍ മോസ്‌കോ വിന്യസിച്ചിരിക്കുന്നത് 115-120 ബറ്റാലിയനുകളെയാണ്.പിടിച്ചു നില്‍ക്കാന്‍ ഒരു തരത്തിലും കഴിയാത്തത്ര ദുര്‍ബലമായിട്ടുണ്ട് ഇതില്‍ ഏകദേശം 20 എണ്ണമെങ്കിലുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. 'ഒരു മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം, ഒരുപക്ഷേ ആറിലൊന്ന് ഭാഗം സേനയുടെ പോരാട്ടം ഫലപ്രദമല്ല - ഇത് വളരെ ശ്രദ്ധേയമായ സ്ഥിതിവിവരക്കണക്കാണ്,' പാശ്ചാത്യ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ 'സൈനിക ഓപ്പറേഷന്റെ' ആദ്യഘട്ടം അവസാനിച്ചതായി റഷ്യ പറഞ്ഞതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.യുദ്ധത്തില്‍ തങ്ങളുടെ ഭാഗത്ത് 1,351 മരണങ്ങള്‍ സംഭവിച്ചതായാണ് റഷ്യന്‍ സൈന്യം പറയുന്നത്. ഉക്രെയ്നും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗവും പറയുന്നത് യഥാര്‍ത്ഥ സംഖ്യ പല മടങ്ങാണെന്നാണ്.
ആദ്യ ഘട്ടം അവസാനിച്ചെന്ന് റഷ്യ
റഷ്യന്‍ സൈന്യം ഇപ്പോള്‍ പറയുന്നത് തങ്ങളുടെ ദൗത്യത്തിന്റെ ആദ്യ ഘട്ടം അവസാനിച്ചുവെന്നാണ്. ഉക്രെയ്നിന്റെ കിഴക്കുള്ള റഷ്യന്‍ സംസാരിക്കുന്ന ഡോണ്‍ബാസ് പ്രദേശത്തിന്റെ 'വിമോചന'ത്തിലാണ് സൈന്യം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പറഞ്ഞു.ഉക്രെയ്നിന്റെ ചെറുത്തുനില്‍പ്പ് തകര്‍ക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം കിഴക്കന്‍ ഉക്രെയ്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പറയാന്‍ റഷ്യ നിര്‍ബന്ധിതമായിരിക്കുകയാണെന്ന നിഗമനമാണ് ഇതേത്തുടര്‍ന്ന് ശക്തമാകുന്നത്.
അതിനിടെ, റഷ്യന്‍ സൈന്യം വിവരദോഷികളാല്‍ നിറഞ്ഞിരിക്കുകയാണെന്നും ഉക്രേനിയന്‍ സേനയ്ക്കെതിരെ 'പഴയ യുദ്ധരീതികള്‍' ആവര്‍ത്തിച്ച് ഉപയോഗിക്കുകയാണെന്നും ഉക്രെയ്നിന്റെ പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സിയായ ജിയുആര്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ കൈറിലോ ബുഡനോവ് അമേരിക്കന്‍ പ്രസിദ്ധീകരണമായ ദി നേഷനോട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഗറില്ലാ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ 'വളരെ വലിയൊരു വിഭാഗം ആളുകളെ' റഷ്യ അണിനിരത്തിയത്രേ.
റഷ്യക്കാരുടെ തെറ്റായ കണക്കുകൂട്ടലുകളില്‍ നിന്ന് ഉക്രേനിയന്‍ സൈന്യം നേട്ടമുണ്ടാക്കിയതായി ബുഡനോവ് അവകാശപ്പെട്ടു.'റഷ്യന്‍ കമാന്‍ഡ് പലതവണ തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തി, ഈ തെറ്റുകള്‍ ഞങ്ങള്‍ മുതലാക്കുന്നു.'ഒരു മാസമായി ഉക്രേനിയന്‍ സൈന്യം റഷ്യന്‍ സൈന്യത്തിനെതിരെ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ് ഇരു സേനകളും നേരിടുന്നതെന്ന ബുഡനോവ് പറഞ്ഞു.'ഞങ്ങളുടെ പ്രദേശത്ത് വലിയ റഷ്യന്‍ സൈന്യമുണ്ട്, അവര്‍ ഉക്രെയ്‌നിലെ നഗരങ്ങളെ വളഞ്ഞിരിക്കുന്നു. സമാധാനത്തിന്റെ സാധ്യതകള്‍ അവ്യക്തമാണ്. ചര്‍ച്ചകള്‍ക്കിടയിലും, എല്ലാം പ്രവചനാതീതം.'
മെയ് 9 ആകാതെ റഷ്യ പിന്മാറില്ല: ഉക്രെയ്ന്‍
ഉക്രെയ്നെതിരായ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ പറഞ്ഞതിനു പിന്നാലെ, യുദ്ധം അവസാനിപ്പിക്കാനുള്ള സമയം മെയ് 9 ആണെന്നാണ് റഷ്യയുടെ രഹസ്യതീരുമാനമെന്ന് ഉക്രെയ്ന്‍ സൈന്യം ആരോപിച്ചു. റഷ്യ ഇനിയും നാശനഷ്ടം ഉണ്ടാക്കും. ലുഹാന്‍സ്‌ക് ഡോണ്‍ബാസ്‌ക് മേഖലയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം കയ്യിലാക്കലായിരുന്നു റഷ്യയുടെ ആദ്യ ലക്ഷ്യം. അതിനായി ഉക്രെയ്ന്റെ ആയുധശേഷി ഇല്ലാതാക്കാനാണ് റഷ്യ യുദ്ധത്തിലേക്ക് കടന്നതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.
കനത്ത ആക്രമണം നടത്തി ഖാര്‍കീവും കീവും തുറമുഖ നഗരവുമായ മരിയുപോളും നിര്‍ജ്ജീവമാക്കിയാണ് റഷ്യ ഉക്രെയ്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെ ലുഹാന്‍സ്‌ക് മേഖലയുടെ 93 ശതമാനവും റഷ്യന്‍ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. ഒപ്പം ഡോണ്ബാസ്‌കിന്റെ 53 ശതമാനം പ്രദേശവും പിടിച്ചെടുത്തെന്നാണ് റഷ്യയുടെ അവകാശവാദം.
ഇതിനിടെ റഷ്യയുടെ നീക്കം ദുരൂഹമാണെന്നും ഉക്രെയ്ന്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കാതെ റഷ്യ സൈന്യത്തെ പിന്‍വലിക്കില്ലെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. നാറ്റോയെ ഫലപ്രദമായി നേരിടാന്‍ ഉക്രെയ്ന്‍ പൂര്‍ണ്ണമായും കീഴടക്കേണ്ട അവസ്ഥയാണ് റഷ്യയ്ക്ക് നിലവിലുള്ളതെന്നാണ് അമേരിക്ക പറയുന്നത്.
റഷ്യയെ പിന്തുണയ്ക്കുന്ന ഉക്രെയ്ന്‍ വിമതരുടെ കയ്യിലേക്ക് പ്രാദേശിക സ്വാധീനം ഏല്‍പ്പിച്ചുകൊടുക്കുന്നു നിലവില്‍ റഷ്യന്‍ സൈന്യം .ഇത്തരത്തില്‍ സ്വാധീനം ഉറപ്പിച്ച ശേഷം സൈനിക പിന്മാറ്റം ഓരോ മേഖലയിലും റഷ്യ നടത്തിക്കൊണ്ടിരിക്കുകയാണ്.
യുദ്ധത്തിലെ നാശനഷ്ടം ലോകരാഷ്ട്രങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് റഷ്യ വിമര്‍ശിച്ചു. കഴിഞ്ഞ ഒരു മാസമായി നടക്കുന്ന യുദ്ധത്തില്‍ 1351 സൈനികരാണ് റഷ്യക്ക് നഷ്ടമായത്. 3825പേര്‍ക്ക് പരിക്കേറ്റു. ഉക്രെയ്ന്‍ അവകാശപ്പെടുന്ന ആള്‍നാശം ഉണ്ടായിട്ടില്ലെന്ന് റഷ്യന്‍ സൈനിക ഉപമേധാവി കേണല്‍ ജനറല്‍ സെര്‍ജി റുഡ്സ്‌കോയി കണക്ക് പുറത്ത് വിട്ടുകൊണ്ട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.