കീവ്: പോളണ്ട് അതിര്‍ത്തിയില്‍നിന്ന് 80 കിലോമീറ്റര്‍ മാത്രമുള്ള പടിഞ്ഞാറന്‍ ഉക്രെയ്ന്‍ നഗരമായ ലിവിവില്‍ തുടര്‍ സ്ഫോടനങ്ങള്‍ നടത്തി റഷ്യ. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പോളണ്ട് സന്ദര്‍ശിക്കുന്നതിനിടെയാണ് ലവിവില്‍ റഷ്യ മിസൈലാക്രമണം നടത്തിയത്. യു.എസ് പ്രസിഡന്റിനുള്ള സന്ദേശമെന്ന് വിലയിരുത്തപ്പെടുന്ന ആക്രമണത്തില്‍ നാല് മിസൈലുകളാണ് നഗരത്തില്‍ പതിച്ചത്. പോളണ്ട് തലസ്ഥാനമായ വാഴ്‌സയില്‍ വെച്ച് ഉക്രെയ്ന്‍ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതായിരിക്കണം റഷ്യയെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
ലിവിവിലെ ഇന്ധന ഡിപ്പോക്ക് നേരെയാണ് ആദ്യം മിസൈലാക്രമണമുണ്ടായത്. രണ്ട് റോക്കറ്റുകള്‍ ഇവിടെ പതിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ ഒരു മിലിട്ടറി ഫാക്ടറിക്ക് നേരെയും രണ്ട് മിസൈലുകള്‍ പതിച്ചു.
പോളണ്ടിലെത്തിയ ബൈഡനെ വരവേറ്റുകൊണ്ടാണ് റഷ്യ മിസൈലാക്രമണം നടത്തിയതെന്ന് ലവിവ് മേയര്‍ ആന്‍ഡ്രി സദോവിയ് പറഞ്ഞു. അതിനിടെ, വാഴ്‌സയില്‍ നടത്തിയ പ്രസംഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ബൈഡന്‍ 'കശാപ്പുകാരന്‍' എന്നാണ് വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് ഉക്രെയ്ന്‍ ജനങ്ങളുടെ മരണത്തിനിടയാക്കിയ അധിനിവേശത്തിന് ഉത്തരവിട്ട പുടിന്‍ കശാപ്പുകാരനാണ്. പുടിന്‍ അധികാരത്തില്‍ തുടരരുതെന്ന് പറഞ്ഞ ബൈഡന്‍ ഉക്രെയ്‌ന് എല്ലാ സുരക്ഷാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
പുടിന്‍ അധികാരത്തില്‍ തുടരരുതെന്ന ബൈഡന്റെ പ്രസ്താവനക്കെതിരെ റഷ്യ രൂക്ഷമായി പ്രതികരിച്ചു. റഷ്യയെ ആര് നയിക്കണം എന്ന് തീരുമാനിക്കേണ്ടത് റഷ്യക്കാരാണെന്ന് ക്രെംലിന്‍ തിരിച്ചടിച്ചു. ഇതോടെ, റഷ്യയില്‍ ഭരണമാറ്റം വേണമെന്ന് ആഹ്വാനം ചെയ്തതല്ലെന്നും അയല്‍രാജ്യങ്ങളുടെ മേല്‍ അധികാരപ്രയോഗം പാടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ബൈഡന്‍ ചെയ്തതെന്നും വിശദീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.