അവിശ്വാസ പ്രമേയ ഭീഷണിക്കിടെ ഇമ്രാന്‍ ഖാനെ വിരട്ടി ഭരണപക്ഷവും; 50 പ്രമുഖ നേതാക്കള്‍ 'മുങ്ങി'

 അവിശ്വാസ പ്രമേയ ഭീഷണിക്കിടെ ഇമ്രാന്‍ ഖാനെ വിരട്ടി ഭരണപക്ഷവും; 50 പ്രമുഖ നേതാക്കള്‍ 'മുങ്ങി'

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ച അസംബ്ലിയില്‍ അവതരിപ്പിക്കാനിരിക്കെ മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണ പക്ഷത്തെ ഡസന്‍ കണക്കിന് ഉന്നതര്‍ പൊതു സമ്പര്‍ക്കത്തില്‍ നിന്ന് വിട്ടകന്ന് അജ്ഞാത വാസത്തിലേക്കു മുങ്ങിയതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ തെഹ്രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടിയില്‍ ഇമ്രാന്‍ ഖാന്റെ നയങ്ങള്‍ക്കെതിരെ നിലപാടെടുത്ത 50 പേര്‍ സംശയകരമായ നിലയില്‍ മാറി നില്‍ക്കുന്നതായുള്ള വിവരമാണ് പുറത്തുവരുന്നത്.

കാണാതായ നേതാക്കളില്‍ 25 പേര്‍ ഫെഡറല്‍, പ്രവിശ്യാ ഭരണ സംവിധാന ഉപദേഷ്ടാക്കളും സ്‌പെഷ്യല്‍ അസിസ്റ്റന്റുമാരുമാണ്.അതേസമയം, ഇമ്രാനെ അനുകൂലിക്കുന്ന വിദേശമന്ത്രി ഷാ മഹമൂദ് ഖുറേഷി, ഊര്‍ജമന്ത്രി ഹമദ് അസര്‍, പ്രതിരോധമന്ത്രി പര്‍വേസ് ഖട്ടക്ക്, ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് തുടങ്ങിയവര്‍ പൊതുരംഗത്ത് സജീവമായി അദ്ദേഹത്തിനുവേണ്ടി രംഗത്തുണ്ട്. പാക് ദേശീയ അസംബ്ലിയിലെ 342 അംഗങ്ങളില്‍ അവിശ്വാസം ജയിക്കാന്‍ ഇമ്രാന് 172 വോട്ടാണ് വേണ്ടത്.

സ്വന്തം പാര്‍ട്ടിയിലെ എംപിമാരും ഇമ്രാനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന മന്ത്രിമാരെ അനുനയിപ്പിക്കാനുള്ള ഇമ്രാന്‍ ഖാന്റെ ശ്രമവും പാളി. അതേസമയം ഇമ്രാന്‍ ഖാന്‍ ഇന്ന് സംഘടിപ്പിച്ചിട്ടുള്ള ബഹുജന റാലിയില്‍ രാജി സന്നദ്ധത പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. 'പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ്' എന്ന യൂട്യൂബ് ചാനലിന്റെ പേര് 'ഇമ്രാന്‍ ഖാന്‍' എന്നു മാറ്റിയത് ഇതിന്റെ നാന്ദിയായാണെന്ന് ചിലര്‍ പറയുന്നു. അതിനിടെ, ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റാ ബീവിയും 600 കോടി പാകിസ്താന്‍ രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് വൈസ് പ്രസിഡന്റ് മരിയം നവാസ് രംഗത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.