സില്‍വര്‍ ലൈന്‍: സുപ്രീം കോടതി വിധി പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയല്ല; കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്ന് രമേശ് ചെന്നിത്തല

സില്‍വര്‍ ലൈന്‍: സുപ്രീം കോടതി വിധി പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയല്ല; കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്ന് രമേശ് ചെന്നിത്തല

ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട് കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്ന് വ്യക്തമാക്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി വിധി പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയല്ല. സര്‍വെ നടത്തുന്നതിന് യു.ഡി.എഫ് എതിരല്ല. സര്‍വേയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെ ആണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയില്ല. ജനങ്ങളുടെ വികാരം കോടതി തിരിച്ചറിയുമെന്നാണ് പ്രതീക്ഷ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം മുന്‍കൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കെ റെയിലോ എന്ത് പദ്ധതിയായാലും നിയമപരമായി സര്‍വെ നടത്തണം. കോടതി പദ്ധതിക്കെതിരല്ല സര്‍വെ തുടരുന്നതിനും തടസമില്ല. നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്. ജനങ്ങളെ കാര്യം ധരിപ്പിക്കാതെ വീട്ടിലെത്തുന്നത് നിയമപരമാണോയെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു.

സാമൂഹികാഘാത പഠനമാണ് നടത്തുന്നതെന്ന് എന്തുകൊണ്ട് ജനങ്ങളെ ബോധ്യപെടുത്താന്‍ സാധിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എങ്ങനെയാണ് സര്‍വെയെന്ന് ക്യത്യമായി വിശദീകരിക്കണം. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബഞ്ച് എവിടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചോദിച്ചു.

കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോ, റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ഡിവിഷന്‍ ബഞ്ചിന്റെ ആ ഉത്തരവ് എവിടെയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത്.

ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്ക് ആവില്ല. രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.