അറിയുമോ 'ജഗത് സേത്ത്'നെ...? ബില്‍ ഗേറ്റ്സിനെ വരെ കടത്തിവെട്ടാന്‍ പ്രാപ്തനായ ധനികന്‍..!

അറിയുമോ 'ജഗത് സേത്ത്'നെ...? ബില്‍ ഗേറ്റ്സിനെ വരെ കടത്തിവെട്ടാന്‍ പ്രാപ്തനായ ധനികന്‍..!

ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പ് ഇന്ത്യ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. മുമ്പ് 'സ്വര്‍ണപ്പക്ഷി'( Golden Bird ) എന്നാണ് രാജ്യം അറിയപ്പെട്ടിരുന്നത്. ഇന്നത്തെ സമ്പന്നരായ എലോണ്‍ മസ്‌ക്സിനെയും ബില്‍ ഗേറ്റ്സിനെയും വരെ മറികടക്കാന്‍ കഴിയുന്നത്ര സമ്പന്നരായ നിരവധി കുടുംബങ്ങള്‍ അക്കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നു.

സമ്പന്നമായ രാജ്യം പിന്നീട് നൂറ്റാണ്ടുകളോളം വിദേശ ശക്തികളാല്‍ കൊള്ളയടിക്കപ്പെട്ടുവെങ്കിലും ചില പേരുകള്‍ അതിന് ശേഷവും ചരിത്രത്തില്‍ ഇടം നേടി. അക്കൂട്ടത്തില്‍ ഒരാളാണ് സേത്ത് ഫത്തേചന്ദ് എന്നറിയപ്പെടുന്ന മുര്‍ഷിദാബാദിലെ ജഗത് സേത്ത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ബംഗാളില്‍ ജീവിച്ചിരുന്ന വളരെ സമ്പന്നനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 1723ല്‍ മുഗള്‍ ചക്രവര്‍ത്തിയായ മുഹമ്മദ് ഷായാണ് ജഗത് സേത്ത് എന്ന പദവി ഫത്തേ ചന്ദിന് നല്‍കിയത്. അതിനുശേഷം ഫത്തേ ചന്ദിന്റെ മുഴുവന്‍ കുടുംബവും ജഗത് സേത്ത് കുടുംബം എന്നറിയപ്പെട്ടു. ജഗത് സേത്ത് എന്നാല്‍ 'ലോകത്തിന്റെ ബാങ്കര്‍' എന്നാണ് അര്‍ത്ഥം.

ഈ കുടുംബത്തിന്റെ സ്ഥാപകന്‍ സേത് മണിക് ചന്ദ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ പൂര്‍വ്വികര്‍ മാര്‍വാറിലെ നിവാസികളായിരുന്നുവെന്നും 1495 എഡിയില്‍ കുടുംബം ജൈനമതം സ്വീകരിച്ചിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഈ കുടുംബത്തിലെ ഹിരാനന്ദ് സാഹു 1652ല്‍ മാര്‍വാര്‍ വിട്ട് പട്നയില്‍ സ്ഥിര താമസമാക്കി.

അക്കാലത്ത് പട്‌ന ഒരു വലിയ വ്യാപാര കേന്ദ്രമായിരുന്നു. ഇവിടെ ഹിരാനന്ദ് സാഹു രാസപദാര്‍ത്ഥമായ സാള്‍ട്ട്പീറ്റര്‍ വ്യാപാരം ആരംഭിച്ചു. അക്കാലത്ത് യൂറോപ്യന്മാരായിരുന്നു ഈ രാസവസ്തു ഏറ്റവും കൂടുതലായി വാങ്ങിയിരുന്നത്. അതിനുപുറമെ പലിശയ്ക്ക് കടം കൊടുക്കുന്ന ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഹിരാനന്ദ് സാഹുവിന് ഏഴ് ആണ്‍മക്കളുണ്ടായിരുന്നു. അവര്‍ കച്ചവടം ചെയ്യാനായി പലയിടത്തേയ്ക്ക് ചേക്കേറി. അദ്ദേഹത്തിന്റെ ഒരു മകനായ മണിക് ചന്ദ് അക്കാലത്ത് ബംഗാളിന്റെ തലസ്ഥാനമായിരുന്ന ധാക്കയിലെത്തി. മണിക്ചന്ദ് പിന്നീട് ബിസിനസിലൂടെയും രാഷ്ട്രീയ പിന്തുണയിലൂടെയും സാമ്പത്തിക വിപണി ഭരിച്ചു. ബംഗാളിലെ ജഗത് സേത്ത് കുടുംബത്തിന് അടിത്തറയിട്ടത് അദ്ദേഹമാണ്.

ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1720കളിലെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ജഗത് സേത്ത് കുടുംബത്തിന്റെ സമ്പത്തിനേക്കാള്‍ കുറവായിരുന്നു. ഇന്നത്തെ പണത്തിന്റെ മൂല്യം അനുസരിച്ച് 1000 ബില്യണ്‍ പൗണ്ടോ അതിലധികമോ മൂല്യമുള്ള ആസ്തി അവര്‍ക്കുണ്ടായിരുന്നു. ബ്രിട്ടീഷ് പത്രങ്ങള്‍ പ്രകാരം ഇംഗ്ലണ്ടിലെ എല്ലാ ബാങ്കുകളും സംയോജിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ പണം അവരുടെ പക്കലുണ്ടായിരുന്നു.

മണിക്ചന്ദ് സാഹു ബംഗാളിലെ ആദ്യ നവാബായിരുന്ന മുര്‍ഷിദ് കുലി ഖാനുമായി നല്ല സൗഹൃദത്തിലായിരുന്നു. അന്നത്തെ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും കുടുംബത്തിന് ഓഫീസുകള്‍ ഉണ്ടായിരുന്നു. അവരുടെ ഓഫീസുകള്‍ ഒരു ആധുനിക ബാങ്കിന്റെ ഓഫീസിനോട് സാമ്യമുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഓഫീസുകള്‍ ഉപയോഗിച്ചു നവാബും ബ്രിട്ടീഷുകാരും പെട്ടെന്ന് ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പണം കൈമാറാന്‍ തുടങ്ങി. താമസിയാതെ മണിക് ചന്ദ് നികുതി ശേഖരിക്കാനും നവാബിന്റെ ട്രഷററായി പ്രവര്‍ത്തിക്കാനും ആരംഭിച്ചു.

പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ക്ക് ഇന്ത്യയിലെ ചെറിയ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ആവശ്യമുള്ള പണം വായ്പയായി നല്‍കിയതും ഈ കുടുംബമാണെന്ന് പറയുന്നു. മണിക് ചന്ദിന്റെ ദത്തു പുത്രനായ ഫത്തേ ചന്ദ് ആയിരുന്നു കുടുംബത്തിന്റെ സമ്പത്തും സ്വാധീനവും വാനോളം ഉയര്‍ത്തിയത്. 'ജഗത് സേത്ത്' എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു.

പണവും, സ്വര്‍ണവും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത്, വിദേശ വ്യാപാരികളുമായുള്ള ഇടപാട്, വിനിമയ നിരക്ക് നിയന്ത്രിക്കല്‍, ചക്രവര്‍ത്തിമാര്‍ക്കും ജമീന്ദാര്‍മാര്‍ക്കും വായ്പ നല്‍കല്‍ തുടങ്ങി ജഗത് സേത്തിന്റെ ഭവനം ഒരു സെന്‍ട്രല്‍ ബാങ്ക് പോലെ ആയിരുന്നു.

പ്ലാസിയിലെ ബ്രിട്ടീഷ് വിജയമാണ് ജഗത് സേത്ത് കുടുംബത്തിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുന്നത്. പ്ലാസി യുദ്ധത്തിനു ശേഷം മിര്‍ ജാഫര്‍ പുതിയ നവാബായി. 1763ല്‍ ഏറ്റവും പ്രമുഖരായ അംഗങ്ങളായ സേത്ത് മാധബ് റായ്, അദ്ദേഹത്തിന്റെ ബന്ധു സ്വരൂപ് ചന്ദ് എന്നിവരുള്‍പ്പെടെ നിരവധി കുടുംബാംഗങ്ങളെ അദ്ദേഹം കൊലപ്പെടുത്തി. അവരുടെ മൃതദേഹങ്ങള്‍ മുന്‍ഗര്‍ കോട്ടയുടെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു.

ഇതോടെ അവരുടെ സാമ്രാജ്യം തകരാന്‍ തുടങ്ങി. അവരുടെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗം ഭൂമിയുടെയും നിയന്ത്രണം അവര്‍ക്ക് നഷ്ടപ്പെട്ടു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരില്‍ നിന്ന് കടം വാങ്ങിയ പണം ഒരിക്കലും തിരിച്ചടച്ചില്ല. 1857ലെ കലാപത്തോടെ അവര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

1900കളോടെ കുടുംബം പൊതു സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായി. മുര്‍ഷിദാബാദിലുള്ള ജഗത് സേത്തിന്റെ വീട് ഇപ്പോള്‍ ഒരു മ്യൂസിയം ആക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.