ക്രൈസ്തവ ന്യൂനപക്ഷവും അവകാശ നിഷേധവും

ക്രൈസ്തവ ന്യൂനപക്ഷവും അവകാശ നിഷേധവും

ജനാധിപത്യസംവിധാനത്തിൽ എണ്ണത്തിൽ ദുർബലരായ വിഭാഗമാണ് ന്യൂനപക്ഷങ്ങൾ ആയി പരിഗണിക്കപ്പെടുക. അത്തരം വിഭാഗങ്ങൾക്ക് ഭൂരിപക്ഷവിഭാഗങ്ങൾക്കൊപ്പം തുല്യതയിൽ ജീവിക്കുവാൻ ഇന്ത്യൻ ഭരണഘടന പ്രത്യേക സംവരണങ്ങളും ആനുകൂല്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഉള്ള ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പുവരുത്തുവാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ നിലവിലുണ്ട് . എന്നാൽ കേരളത്തിൻറെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ വിഭാഗമെന്ന നിലയിൽ ക്രൈസ്തവ സമൂഹത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും മറ്റൊരു ഒരു ന്യൂനപക്ഷ സമുദായം ആസൂത്രിതമായി കൈക്കലാക്കുകയും ന്യൂനപക്ഷ അവകാശങ്ങളെ ഏകപക്ഷീയമായി ആയി അട്ടിമറിക്കുകയും ചെയ്യുന്നു എന്നതാണ് വസ്തുത .

ആരാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ?

1993 ഒക്ടോബർ 22 ന് പ്രസിദ്ധീകരിച്ച എക്സ്ട്രാ ഓർഡിനറി ഗസെറ്റിലൂടെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ദേശീയതലത്തിൽ ന്യൂനപക്ഷ പദവിയിലുള്ള മതവിഭാഗങ്ങള്ളുടെ പേരുകൾ പ്രസിദ്ധീകരിച്ചു. അതിൽ ഉൾപ്പെട്ടിരുന്നത് -- മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, പാർസി വിഭാഗങ്ങൾ ആയിരുന്നു. 2014 ജനുവരി 27 ന് മറ്റൊരു ഒരു ഗസറ്റിലുടെ ജൈന വിഭാഗത്തെയും അതിൽ ഉൾപ്പെടുത്തി. ഈ വിഭാഗങ്ങളുടെ സംരക്ഷണത്തിനായി ദേശീയ- സംസ്ഥാന തലങ്ങളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ നിലവിലുണ്ട്. ഈ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും, സമഗ്ര സമുദ്ധാരണത്തിനും ആയി ആയിരക്കണക്കിന് കോടി രൂപയുടെ സഹായമാണ് കേന്ദ്ര സർക്കാരുകൾ ഓരോ ബജറ്റിലും വകയിരുത്തുന്നത്. ഇത് കേന്ദ്ര സർക്കാരുകൾ നൽകുന്നത് സംസ്ഥാന സർക്കാർ മുഖേനയാണ് ഇത് കൂടാതെ സംസ്ഥാന സർക്കാരുകളും വിവിധ ക്ഷേമ പദ്ധതികൾ ന്യൂനപക്ഷങ്ങൾക്ക് നൽകുന്നുണ്ട്.  

അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന കേരള ക്രൈസ്തവ ന്യൂനപക്ഷം   

2011 സെൻസസ് പ്രകാരം കേരള ജനസംഖ്യയുടെ 26.56% മുസ്ലിം സമുദായവും 18.38% ക്രിസ്ത്യാനികളും ആണ്. ഇരുവിഭാഗങ്ങളും ന്യൂനപക്ഷ സംരക്ഷണത്തിന് ഒരുപോലെ അർഹരും. എണ്ണത്തിൽ കൂടുതൽ ദുർബലരായ ക്രൈസ്തവ സമുദായം കൂടുതൽ അർഹരും ആണ്. എന്നാൽ ന്യൂനപക്ഷ ക്ഷേമത്തിനായി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന തുകകളും മറ്റ് ആനുകൂല്യങ്ങളും, സംവരണങ്ങളും, കേരളത്തിലെ മുസ്ലിം സമുദായം ഏകപക്ഷീയമായി സ്വന്തമാക്കുകയാണ്. താരതമ്യേന എണ്ണത്തിൽ കൂടുതൽ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ആസൂത്രിതമായി അവഗണിക്കപ്പെടുകയാണ്. 2020 ആയപ്പോഴേക്ക് 2011 ലെ സെൻസസ് കണക്കിനേക്കാൾ ജനസംഖ്യ അനുപാതത്തിൽ കാര്യമായ കുറവ് സംഭവിച്ച നിലനിൽപ്പ് തന്നെ അപകടത്തിൽ ആയിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ സമുദായത്തിന് ആണ് ഈ ന്യൂനപക്ഷ സംരക്ഷണ സഹായങ്ങൾ കേരളത്തിൽ കൂടുതൽ ആവശ്യമായിരിക്കുന്നത്. 

80:20 എന്ന അനീതിയുടെ അനുപാതം  

2005 ൽ മുസ്ലീം സമുദായത്തിന്റെ പിന്നോക്ക അവസ്ഥയെക്കുറിച്ച് പഠിക്കാൻ മൻമോഹൻസിങ് സർക്കാർ, ജസ്റ്റിസ് രജീന്ദർ സച്ചാർ അധ്യക്ഷനായി ഒരു കമ്മീഷനെ (സച്ചാർ കമ്മീഷൻ) നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ, അന്ന് അധികാരത്തിലിരുന്ന ഇടതുപക്ഷ ഗവൺമെന്റ് അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ആയിരുന്ന ശ്രീ. പാലോളി മുഹമ്മദ് കുട്ടിയെ അധ്യക്ഷനാക്കിക്കൊണ്ട് ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ഈ കമ്മീഷന്റെ നിർദ്ദേശം ആയിരുന്നു കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കായുള്ള ആനുകൂല്യങ്ങളുടെയും സംവരണങ്ങളുടെയും 80% മുസ്ലീം സമുദായത്തിനായി മാറ്റി വെയ്ക്കുക എന്നത്. ബാക്കി 20% പരിവർത്തിത ക്രൈസ്തവരും ലത്തീൻ ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മത ന്യൂനപക്ഷങ്ങൾക്ക് എന്ന് നിശ്ചയിച്ചത്. തികച്ചും ഏകപക്ഷീയവും അനീതിപരവുമായ ഈ 80:20 എന്ന അനുപാതമാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കേരളത്തിലെ ന്യൂനപക്ഷ ആനുകൂല്യങ്ങൾക്കും, സ്കോളർഷിപ്പുകൾക്കും മാനദണ്ഡമായി സ്വീകരിക്കപ്പെടുന്നത്. എന്നാൽ കേരളത്തിൽ 18% മാത്രം വരുന്ന ക്രൈസ്തവരുടെ പിന്നോക്ക അവസ്ഥയെക്കുറിച്ച് പഠിക്കുവാനും സമാന ആനുകൂല്യങ്ങൾ പ്ലാൻ ചെയ്യുവാനും സർക്കാരോ, സർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പോ തയ്യാറായിട്ടില്ല.   

2019 - 2020 വർഷം അവസാനമായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിൽ (www.minoritywelfarekerala.gov.in) പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന സ്കോർഷിപ്പുകൾ - ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, നേഴ്സിംഗ് ഡിപ്ലോമ പാരമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള മദർ തെരേസ സ്കോളർഷിപ്പ്, സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്, ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഫീ- റീ ഇംപേഴ്സ്മെന്റ് സ്കീം - മുതലായവ നൽകപ്പെടുന്നത് 80:20 (മുസ്ലീം: മറ്റ് മത ന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണ്. മുസ്ലീം വിഭാഗത്തിൽ നിന്ന് 80 പേർക്ക് നൽകുമ്പോൾ മറ്റ് മത ന്യൂനപക്ഷ (ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന) വിഭാഗങ്ങിൽപെട്ട എല്ലാവർക്കും കൂടി 20 പേർക്ക് മാത്രം നൽകപ്പെടുന്നു എന്ന യാഥാർത്ഥ്യം നീതിയുടെയും അവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്.  

ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഒരു സമുദായത്തിന് മാത്രമോ?  

കേരള സർക്കാറിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്, ന്യൂനപക്ഷ അംഗങ്ങൾക്കായി, പരീക്ഷ പരിശീലന കേന്ദ്രങ്ങൾ തുടങ്ങാവുന്നതാണ്. ഇത്തരത്തിൽ കേരളത്തിൽ ഉള്ള പി.എസ്.സി (PSC), യു.പി.എസ്.സി (UPSC), റെയിൽവേ, ബാങ്ക് തുടങ്ങിയ മത്സര പരീക്ഷകൾക്കായുള്ള 45 ഓളം കോച്ചിംങ് സെന്ററുകൾ എല്ലാം മുസ്ലീം സമുദായത്തിന് മാത്രം ആണ്. ഇത്തരം ഒരു കേന്ദ്രം കുട്ടനാട്ടിൽ തുടങ്ങാൻ ചങ്ങനാശ്ശേരി അതിരൂപത ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ സമീപിച്ചപ്പോൾ നിരുപാധികം അനുവാദം നിഷേധിച്ചു എന്നത് ഭയാനകമായ ഏകപക്ഷീയ നിലപാടിന്ൻറെ വെളിപ്പെടുത്തലാണ്. 

ന്യൂനപക്ഷ ആനുകൂല്യങ്ങൾ മദ്രസകൾക്കും മദ്രസ അധ്യാപകർക്കും മാത്രമോ?  

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ മുസ്ലീം മദ്രസ അധ്യാപക ക്ഷേമ നിധി ബോർഡ് ഉണ്ട്. മാത്രമല്ല മദ്രസ അധ്യാപകർക്ക് ശമ്പളം, പെൻഷൻ എന്നീ ആനുകൂല്യങ്ങളുമുണ്ട്. ഇവയ്ക്ക് പുറമെ മദ്രസ അധ്യാപകർക്ക് വിവാഹ സഹായം, അവരുടെ പെൺമക്കൾക്ക് വിവാഹത്തിന് സാമ്പത്തിക സഹായം, ഭവനനിർമ്മാണ സഹായം, ചികിത്സാ സഹായം, പലിശ രഹിത ലോണുകൾ, ഇവയും പ്രാബല്യത്തിലുണ്ട്. ഇതുപോലെ പരിഗണിക്കപ്പെടേണ്ട ന്യൂനപക്ഷ ക്രൈസ്ത സമുദായത്തിന്റെ മത അധ്യാപകർക്ക് ഒരു രൂപ പോലും ശമ്പളമില്ല. മാത്രമല്ല ക്രൈസ്തവ മത അധ്യാപകർക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ന്യൂനപക്ഷ അവകാശത്തിന്റെ ഭാഗമാണെന്നുള്ള വാദം പോലും വർഗ്ഗീയത ആയിട്ടാണ് കേരളത്തിന്റെ പൊതു സമൂഹം കണക്കാക്കുക.   

 കേരള സർവ്വകലാശാലകളിൽ ഇസ്ലാമിക് സ്റ്റഡി ഫോറങ്ങളും, അറബി പഠനത്തിനായുള്ള പ്രത്യേക വിഭാഗങ്ങളും, ഇസ്ലാമിക് ഹിസ്റ്ററിയുടെ പഠന ശിബിരങ്ങളും രൂപീകരിക്കപ്പെട്ടിരിക്കുന്നു. ക്രിസ്ത്യൻ ഹിസ്റ്ററി പഠിപ്പിക്കുവാനുളള സാധ്യതകളോ, സുറിയാനി, ലത്തീൻ തുടങ്ങിയ ക്രൈസ്തവ ഭാഷകളുടെ സംരക്ഷണത്തിനായുള്ള നിലപാടുകളോ എവിടേയും ഇല്ല. ഏറ്റവും ഒടുവിൽ അറബിക് സർവ്വകലാശാലയുടെ ആരംഭവും കേരള സർക്കാരിന്റെ പരിഗണനയിലുള്ള കാര്യമാണ്. ഇവിടെയാണ് ഏകപക്ഷീയമായ മുസ്ലീം കേന്ദ്രീകൃതമായ ന്യൂനപക്ഷ പ്രീണനം വ്യക്തമാകുന്നത്. 

ന്യൂനപക്ഷ സമിതികളിലെ ഏകപക്ഷീയത 

കേരളത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ എങ്ങനെ ഇത്രമാത്രം ഏകപക്ഷീയമായി, മുസ്ലീം സമുദായത്തിന് മാത്രം അനുകൂലമായി ഒരുക്കപ്പെടുന്നു എന്നതിന്റെ പിന്നാമ്പുറ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ തിരിച്ചറിയുന്ന വസ്തുത, തീരുമാനമെടുക്കുന്ന ന്യൂനപക്ഷ ക്ഷേമ സമിതികളിലെ ഭൂരിപക്ഷവും മുസ്ലീം അംഗങ്ങൾ ആണ് എന്നുള്ളതാണ്. കേരള സർക്കാരിലെ മന്ത്രി കെ.ടി ജലീലിന്റെ ഭരണ നിയന്ത്രണത്തിൽ വരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ന്യൂനപക്ഷ കമ്മീഷൻ ഉണ്ട്. ഈ കമ്മീഷനിൽ നിലവിൽ ഒരേയൊരു അംഗം മാത്രമാണ് ക്രിസ്ത്യൻ സമുദായാംഗം ആയിട്ടുള്ളത്. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ എന്ന സംവിധാനമാണ് ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്ക് പലിശ രഹിത - കുറഞ്ഞ പലിശ - ലോൺ തുടങ്ങി മറ്റ് ആനുകൂല്യങ്ങൾ അനുവദിക്കുക. ഈ സംവിധാനത്തിന്റെ ഉദ്യോഗസ്ഥരിൽ പേരിന് പോലും ക്രൈസ്തവർ ആരുമില്ല. എല്ലാ ജില്ലകളിലെയും ആളുകളെ ഉൾക്കൊള്ളിച്ച് കൊണ്ട് ന്യൂനപക്ഷ ക്ഷേമ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികളിലെ 39 അംഗങ്ങളിലെ 7 പേർ മാത്രമാണ് ക്രൈസ്തവർ. 30 പേർ മുസ്ലീം സമുദായ അംഗങ്ങളും 2 പേർ മറ്റ് സമുദായങ്ങളിൽ നിന്ന് ഉള്ളവരുമാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള വകഫ് ബോർഡ്, മദ്രസ ബോർഡ് എന്നിവ മുസ്ലീം സമുദായത്തെ മാത്രം ഉദ്ദേശിച്ചുള്ളവയാണ്. ക്രൈസ്തർക്കായി ഇത്തരം യാതൊരു സംവിധാനങ്ങളും കേരളത്തിൽ മാറി മാറി ഭരിച്ച സർക്കാരുകൾ രൂപീകരിച്ചിട്ടില്ല. 

 ഇത്തരത്തിൽ ക്രൈസ്തവ സമുദായത്തിന് കൂടി അർഹതപ്പെട്ട ന്യൂനപക്ഷ ക്ഷേമ അവകാശങ്ങളും ആനുകൂല്യങ്ങളും കേരളത്തിൽ മുസ്ലീം സമുദായം ഏകപക്ഷീയമായി സ്വന്തമാക്കുകയും, തീരുമാനം എടുക്കുന്ന എല്ലാ സമിതികളിൽ നിന്ന് ക്രൈസ്തവ പ്രാതിനിധ്യം ബോധപൂർവ്വം ഒഴിവാക്കപ്പെടുകയും ചെയ്യുമ്പോൾ  അതിനെതിരെ ക്രൈസ്തവരും മറ്റ് മത ന്യൂനപക്ഷ സമുദായങ്ങളും ശബ്ദം ഉയർത്തുകയും സംഘാത്മകമായി സമ്മർദ്ദം ശക്തമാക്കുകയും ചെയ്തില്ലെങ്കിൽ കാലക്രമേണ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ക്രൈസ്തവ സമൂഹം പൂർണ്ണമായി മാറ്റി നിർത്തപ്പെടും. 

വിപിൻ സെബാസ്റ്റ്യൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.