യുദ്ധമുഖത്തെ ഉരുക്കുകവചം; സെലന്‍സ്‌കി ആവശ്യപ്പെട്ട ബുഷ്മാസ്റ്റര്‍ വാഹനങ്ങളുടെ പ്രത്യേകതകള്‍

യുദ്ധമുഖത്തെ ഉരുക്കുകവചം; സെലന്‍സ്‌കി ആവശ്യപ്പെട്ട ബുഷ്മാസ്റ്റര്‍ വാഹനങ്ങളുടെ പ്രത്യേകതകള്‍

കാന്‍ബറ: റഷ്യക്കെതിരായ പോരാട്ടത്തിന് ഉക്രെയ്‌ന് കരുത്തു പകരാന്‍ ഓസ്ട്രേലിയന്‍ നിര്‍മ്മിത ബുഷ്മാസ്റ്റര്‍ വാഹനങ്ങള്‍ അയയ്ക്കുമെന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നടത്തിയ പ്രത്യേക അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് യുദ്ധഭൂമിയില്‍ സൈനികര്‍ക്കു കവചമായി ഉപയോഗിക്കുന്ന ബുഷ്മാസ്റ്റര്‍ വാഹനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.

ബോയിംഗ് സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളില്‍ സൈനിക വാഹനങ്ങള്‍ ഉക്രെയ്‌നില്‍ എത്തിക്കുമെന്നും മോറിസണ്‍ കൂട്ടിച്ചര്‍ത്തു. എന്നാലിത് എപ്പോള്‍ യൂറോപ്പില്‍ എത്തിക്കുമെന്നോ എത്ര വാഹനങ്ങളാണ് നല്‍കുന്നതെന്നോ വ്യക്തമാക്കാന്‍ പ്രധാനമന്ത്രി തയാറായില്ല.


ആഗോളതലത്തില്‍ ഓസ്ട്രേലിയയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തതാണ് ബുഷ്മാസ്റ്റര്‍ യുദ്ധ വാഹനങ്ങള്‍. യുദ്ധഭൂമിയില്‍ സൈനികരുടെ സുരക്ഷയാണ് ഈ വാഹനത്തിന്റെ പ്രാഥമിക ദൗത്യം. ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രീസ് (എ.ഡി.ഐ) ആണ് ബുഷ്മാസ്റ്റര്‍ രൂപകല്‍പന ചെയ്തത്. യുദ്ധമുഖത്തെ ഇവന്റെ മികച്ച പ്രകടനം തന്നെയാണ് പല ലോക രാജ്യങ്ങളും സൈനിക ആവശ്യങ്ങള്‍ക്കായി ബുഷ് മാസ്റ്ററെ ആശ്രയിക്കാന്‍ കാരണം.

ഓസ്ട്രേലിയന്‍ ആര്‍മി, റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സ്, റോയല്‍ നെതര്‍ലാന്‍ഡ്സ് ആര്‍മി, ബ്രിട്ടീഷ് ആര്‍മി, ജപ്പാന്‍ ഗ്രൗണ്ട് സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്, ഇന്തോനേഷ്യന്‍ ആര്‍മി, ഫിജി ഇന്‍ഫന്‍ട്രി റെജിമെന്റ്, ജമൈക്ക ഡിഫന്‍സ് ഫോഴ്സ്, ന്യൂസിലന്‍ഡ് ആര്‍മി എന്നീ സേനകളുടെ അഭിവാജ്യ ഘടകമാണ് ബുഷ് മാസ്റ്റര്‍.

സ്‌ഫോടനത്തെ അതിജീവിക്കുന്ന കരുത്ത്

ബുഷ്മാസ്റ്റര്‍ പ്രൊട്ടക്റ്റഡ് മൊബിലിറ്റി വെഹിക്കിള്‍ എന്നറിയപ്പെടുന്ന ഈ വാഹനങ്ങള്‍ക്ക് യുദ്ധമുഖത്ത് നിരവധി ദൗത്യങ്ങള്‍ നിര്‍വഹിക്കാനാകും. ഫ്രഞ്ച് കമ്പനിയായ തേല്‍സ് ആണ് വിക്ടോറിയയിലെ പ്രാദേശിക മേഖലയില്‍ ഇത്തരം കവചിത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്.

കുഴിബോംബുകളെയും മറ്റും സ്‌ഫോടനങ്ങളെയും പ്രതിരോധിക്കും എന്നതാണ് ബുഷ്മാസ്റ്ററിന്റെ ഏറ്റവും വലിയ സവിശേഷത. യുദ്ധസജ്ജരായ 10 സൈനികരെയും ആയുധങ്ങളും വഹിക്കാനും വേഗത്തില്‍ വിന്യസിക്കാനും രൂപകല്‍പ്പന ചെയ്ത വാഹനം ഏതു പരിതസ്ഥിതിയിലും ഉപയോഗിക്കാനാകും. യന്ത്രത്തോക്കിനുള്ള വളയങ്ങള്‍ പോലുമുണ്ട്.

സൈനികരെ വഹിക്കുന്ന വാഹനം, ആയുധ വിന്യാസം, പട്രോളിംഗ്, ആംബുലന്‍സ് തുടങ്ങി നിരവധി ദൗത്യങ്ങള്‍ക്ക് ഒരേ സമയം ഇവ ഉപയോഗിക്കാനാകും. മോട്ടോറുകളും മറ്റ് ഭാരമേറിയ ആയുധങ്ങളും വഹിക്കാനും ശേഷിയുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ഓസ്ട്രേലിയന്‍ സൈന്യം ഇവ ഉപയോഗിച്ചിരുന്നു.

സൈനിക വാഹനമാണെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ഏറെ എളുപ്പമാണ്. ഇത് ഉപയോഗിക്കാന്‍ ഉക്രെയ്ന്‍കാരെ പരിശീലിപ്പിക്കുന്നതും വളരെ എളുപ്പമായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ സേനയിലുള്ളവര്‍ പറയുന്നു.

പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത വാഹനത്തില്‍ ഒരു തവണ ഇന്ധനം നിറച്ചാല്‍ മൂന്ന് ദിവസം വരെ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ടയര്‍ പഞ്ചറായാലും യാത്ര തുടരാനുള്ള സംവിധാനമുണ്ട്.

ഓസ്‌ട്രേലിയയില്‍ 1,000-ലധികം ബുഷ്മാസ്റ്ററുകളുണ്ട്. കരസേനയും വ്യോമസേനയും ഉപയോഗിക്കുന്നു.

ബുഷ്മാസ്റ്റര്‍ വാഹനങ്ങള്‍ ഉക്രെയ്‌നില്‍ എത്തിക്കാനുള്ള വഴികളാണ് പ്രതിരോധ വകുപ്പ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. 'ഞങ്ങള്‍ പ്രാര്‍ത്ഥനകള്‍ മാത്രമല്ല ഉക്രെയ്‌നു വേണ്ടി നടത്തുന്നത്. ഞങ്ങളുടെ ആയുധങ്ങള്‍, സൈനിക വാഹനങ്ങള്‍, മാനുഷിക സഹായം എന്നിവയൊക്കെ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍:

ഭാരം: 12,500 കിലോഗ്രാം
നീളം: 7.18 മീറ്റര്‍
വീതി: 2.48 മീറ്റര്‍
ഉയരം: 2.65 മീറ്റര്‍
യാത്രക്കാര്‍: ഒമ്പത് സൈനികര്‍ വരെ
പരമാവധി വേഗത: മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.