വത്തിക്കാന്‍: റഷ്യന്‍ അധിനിവേശത്തില്‍ രക്തം ചിന്തി വിറങ്ങലിച്ച് നില്‍ക്കുന്ന ഉക്രെയ്‌ന് സമാധാനം പകരാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്തും. ഉക്രെയ്ന്‍ സന്ദര്‍ശനം പരിഗണനയിലാണെന്ന് മാര്‍പ്പാപ്പ അറിയിച്ചു. യാത്ര എപ്പോഴാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
രാജ്യം സന്ദര്‍ശിക്കാനായി മത, രാഷ്ട്രീയ നേതാക്കള്‍ നേരത്തെ തന്നെ മാര്‍പ്പാപ്പയെ ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷണം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചത്. ഉക്രെയ്ന്‍ യുദ്ധത്താല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അവിടെ രക്തത്തിന്റെയും കണ്ണീരിന്റെയും നദികള്‍ ഒഴുകുന്നുവെന്നും വ്യക്തമാക്കി മാര്‍പ്പാപ്പ മുന്‍പ് ഉക്രെയ്‌നോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു.
റഷ്യന്‍ അധിനിവേശം കനത്ത നാശനഷ്ടം വിതച്ച് മുന്നോട്ട് പോകുമ്പോള്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കും മുറിവേറ്റ് വീണവര്‍ക്കും മാര്‍പ്പാപ്പയുടെ സന്ദര്‍ശനം വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
അഭയാര്‍ത്ഥികള്‍ക്ക് തുണയായി ആയിരത്തിലധികം കോണ്‍വെന്റുകള്‍
യുദ്ധം മൂലം ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തവരെ സഹായിക്കാന്‍ സദാ സന്നദ്ധരായി ഉക്രെയ്‌നിലും പോളണ്ടിലുമായി ആയിരത്തോളം കോണ്‍വെന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പോളണ്ടിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെ കൗണ്‍സില്‍ ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടു.
ഇതനുസരിച്ച് പലായനം ചെയ്തവര്‍ക്ക് പോളണ്ടിലെ 924 കോണ്‍വെന്റുകളിലും ഉക്രെയ്‌നിലെ 98 കോണ്‍വെന്റുകളിലും ആത്മീയവും മാനസികവും വൈദ്യപരവും ഭൗതികവുമായ പിന്തുണ നല്‍കുന്നുണ്ട്. 18,000 ത്തോളം ആളുകളെ ഇതിനകം സഹായിച്ചിട്ടുള്ള 150 ഓളം സന്യാസ സമൂഹങ്ങളുണ്ട്.
ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും അഭയാര്‍ത്ഥികള്‍ക്കായി ടോയ്ലറ്ററികള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍ എന്നിവ ശേഖരിക്കുന്നതിലും സംഭാവന ചെയ്യുന്നതിലും സന്യാസിനിമാര്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നുണ്ടെന്ന് കൗണ്‍സില്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്സ് ഓഫ് റിലീജിയസ് കോണ്‍ഗ്രിഗേഷന്‍സ് വ്യക്തമാക്കി.
ഇവര്‍ക്കു പുറമേ, പോളണ്ടിലെയും ഉക്രെയ്‌നിലെയും പുരുഷന്മാരുടെ ഓര്‍ഡറുകളും രൂപതാ വൈദികരും സമാനമായ രീതിയില്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.