ന്യൂ സൗത്ത് വെയിസില്‍ മഴയും വെള്ളപ്പൊക്കവും; തൂണില്‍ പിടിച്ചിരുന്ന യുവാവിനെ രക്ഷപ്പെടുത്തി

ന്യൂ സൗത്ത് വെയിസില്‍ മഴയും വെള്ളപ്പൊക്കവും; തൂണില്‍ പിടിച്ചിരുന്ന യുവാവിനെ രക്ഷപ്പെടുത്തി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ വടക്കന്‍ ന്യൂ സൗത്ത് വെയിസില്‍ മഴക്കെടുതി വീണ്ടും ദുരിതം വിതയ്ക്കുന്നു. വുഡ്ബേണ്‍ നഗരത്തില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമാകുന്നതിനാല്‍ വീടുകള്‍ ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. നോര്‍ത്തേണ്‍ റിവേഴ്സ് മേഖലയില്‍ വെള്ളപ്പൊക്കത്തില്‍പെട്ട തൂണില്‍ ചുറ്റിപ്പിടിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് രക്ഷപ്പെടുത്തി.

വുഡ്ബേണില്‍ ഒരു മീറ്ററിലധികം വെള്ളം ഉയര്‍ന്ന ഭാഗത്തെ ടെലിഗ്രാഫ് തൂണില്‍ ചുറ്റിപ്പിടിച്ച നിലയിലാണ് ശനിയാഴ്ച രാത്രി പത്തരയോടെ യുവാവിനെ കണ്ടെത്തിയത്. ഇയാളുടെ സഹായത്തിനായുള്ള നിലവിളി കേട്ട പ്രദേശവാസികളാണ് റിച്ച്മണ്ട് വാലി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിനെ (എസ്.ഇ.എസ്) വിളിച്ചറിയിച്ചത്.

വെള്ളപ്പൊക്കത്തിലൂടെ 800 മീറ്റര്‍ ബോട്ടില്‍ യാത്ര ചെയ്തപ്പോഴാണ് യുവാവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. തൂണിനടുത്തേക്കു ബോട്ട് അടുപ്പിച്ച് യുവാവിനെ ബോട്ടിലേക്ക് ഇറക്കുകയായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ലിസ്മോറിന്റെ ഭൂരിഭാഗം മേഖലകളിലും ബംഗവാള്‍ബിന്‍, വുഡ്ബേണ്‍, ബ്രോഡ്വാട്ടര്‍, കോറാക്കി, ന്യൂ ഇറ്റലി എന്നിവയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ റിച്ച്മണ്ട് നദിക്കരയിലുള്ളവര്‍ക്ക് വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ലിസ്മോര്‍ മേഖല വലിയ ദുരിതമാണ് അനുഭവിച്ചത്.

മിഡ് നോര്‍ത്ത് കോസ്റ്റില്‍ തിങ്കളാഴ്ച ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ഇത് കനത്ത മഴയ്ക്കും കാറ്റിനും മഞ്ഞുവീഴച്ചയ്ക്കും കാരണമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.