ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ഒമാന്‍ സന്ദര്‍ശനം ഏഴു മുതല്‍

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ഒമാന്‍ സന്ദര്‍ശനം ഏഴു മുതല്‍

മസ്‌കറ്റ്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഒമാനില്‍ ശ്‌ളൈഹിക സന്ദര്‍ശനം നടത്തുന്നു. മസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ഈ വര്‍ഷത്തെ വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

സഭയുടെ പ്രധാന മേലദ്ധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത ശേഷമുള്ള പ്രഥമ സന്ദര്‍ശനത്തില്‍ ഇടവക ഒരുക്കുന്ന വിവിധ പരിപാടികളിലും പങ്കെടുക്കും. ഈ മാസം ഏഴിന് മസ്‌കറ്റിലെത്തുന്ന അദേഹത്തെ വിശ്വാസ സമൂഹം പരമ്പരാഗത ആചാരങ്ങളോടെ പള്ളിയങ്കണത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് നവീകരിച്ച ചാപ്പലിന്റെ കൂദാശ നിര്‍വഹിക്കും.

എട്ടിന് സെന്റ് തോമസ് ചര്‍ച്ചില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കാര്‍മ്മികത്വം വഹിച്ച് മുഖ്യ സന്ദേശം നല്‍കുകയും ചെയ്യും. ഇടവകയുടേയും ആധ്യാത്മിക സംഘടനകളുടേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആത്മീയ പരിപാടികളിലും പ്രഭാഷണം നടത്തും.

ഈസ്റ്റര്‍ ദിനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. റുവി സെന്റ് തോമസ് ചര്‍ച്ചില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വിവിധ സഭാ പ്രതിനിധികളും ഉന്നത വ്യക്തികളും പങ്കെടുക്കും.

18 ന് ഒമാനിലെ മറ്റൊരു ഇടവകയായ ഗാലാ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലും സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശം പൂര്‍ത്തിയാക്കി അദേഹം 20ന് മടങ്ങും.

1972 ലാണ് മസ്‌കറ്റില്‍ മാര്‍ ഗ്രീഗോറിയോസ് ഇടവക രൂപീകൃതമാകുന്നത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ് അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ ടസ്റ്റി ജാബ്‌സണ്‍ വര്‍ഗീസ്, സെക്രട്ടറി ജോസഫ് വര്‍ഗീസ്, കോ-ട്രസ്റ്റി ബിനു ജോസഫ് കുഞ്ചാറ്റില്‍ എന്നിവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.