ജേഴ്‌സിയില്‍ 50 പക്ഷെ കരുതലിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍; സ്‌നേഹം നിറച്ചൊരു വീഡിയോ

ജേഴ്‌സിയില്‍ 50 പക്ഷെ കരുതലിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍; സ്‌നേഹം നിറച്ചൊരു വീഡിയോ

സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിന് തൊട്ടരികിലായി ലഭ്യമാകുന്നുമുണ്ട്. ദിവസേന എത്രയെത്ര കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്... പല കാഴ്ചകളും നമ്മളില്‍ പലരും വെറുതേ സ്‌കറോള്‍ ചെയ്ത് വിടാറാണ് പതിവ്. എന്നാല്‍ മറ്റ് ചില കാഴ്ചകളുണ്ട്, ഹൃദയം കീഴടക്കുന്ന അപൂര്‍വ്വങ്ങളായ ചില സ്‌നേഹക്കാഴ്ചകള്‍.

കാഴ്ചക്കാരുടെ ഹൃദയം തൊടുകയാണ് അത്തരത്തിലൊരു വീഡിയോ. കുട്ടികള്‍ തമ്മിലുള്ള ഒരു ബാസ്‌കറ്റ് ബോള്‍ മത്സരമാണ് വീഡിയോയില്‍. ബാസ്‌കറ്റ് ബോള്‍ കളിക്കുമ്പോള്‍ തന്നെ സ്വന്തമായി ഒരു സ്‌കോര്‍ എങ്കിലും നേടാനായിരിക്കും പലരും ശ്രമിക്കുക. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നവരില്‍ നിന്നും വ്യത്യസ്തനാകുകയാണ് അമ്പതാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ കുട്ടി. മത്സരത്തിനിടെ മറ്റൊരാളെ സഹായിക്കുകയാണ് ഈ ബാലന്‍.

തന്റെ ടീമിലുള്ള ചെറിയ ഒരു കുട്ടിയെ തന്നാലാവും വിധം പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ബാലന് സ്‌കോര്‍ ചെയ്യാന്‍ അവസരം ഉണ്ടാരുന്നിട്ടും മറ്റൊരു കുട്ടിക്കായി അവന്‍ സ്വയം മാറികൊടുക്കുകയാണ്. എന്നാല്‍ കൊച്ചുകുട്ടിയുടെ ആദ്യ ശ്രമം പാഴായപ്പോള്‍ അവനെ നിരാശപ്പെടുത്താതെ അവനൊപ്പം ചേര്‍ന്ന് വീണ്ടും ബാസ്‌കറ്റ് ലക്ഷ്യമാക്കി അമ്പതാം നമ്പര്‍ ജേഴ്‌സിക്കാരന്‍ ബോള്‍ എറിഞ്ഞു. ഇരുവരും ചേര്‍ന്ന് ബോള്‍ കൃത്യമായി ബാസ്‌കറ്റില്‍ വീഴ്ത്തുകയും ചെയ്തു.

ജേഴ്‌സിയില്‍ അമ്പതാം നമ്പര്‍ ആണെങ്കിലും നന്മയുടെ കാര്യത്തില്‍ ഒന്നാം നമ്പറാണ് ഈ ബാലന് എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. മറ്റൊരാളുടെ മുഖത്ത് വിരിയുന്ന ചിരിക്കായി സ്വന്തം നേട്ടം പോലും വേണ്ടെന്നു വെച്ച ഈ ബാലന്‍ ലോകത്തിന് നല്‍കുന്ന പാഠം വലുതാണ്. അമേരിക്കയിലെ മുന്‍ ബാസ്‌കറ്റ് ബോള്‍ പ്ലെയറായ റെക്‌സ് ചാപ്മാന്‍ ആണ് ഹൃദയ സ്പര്‍ശിയായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 'ഈ ബാലനെപ്പോലെ ആരുടേയുമൊക്കെ ജീവിതത്തിലെ അമ്പതാം നമ്പര്‍ ആകാന്‍ നമുക്കും സാധിക്കണം' എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.