'പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത്': കെ.വി തോമസിന് സുധാകരന്റെ മുന്നറിയിപ്പ്; സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ്

'പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത്': കെ.വി തോമസിന് സുധാകരന്റെ മുന്നറിയിപ്പ്; സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ്

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി തോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ്.

പാര്‍ട്ടിക്ക് പുറത്തേക്ക് പോകാനുള്ള മനസുണ്ടെങ്കില്‍ മാത്രമേ സിപിഎം സെമിനാറില്‍ പങ്കെടുക്കാവൂ. വിലക്ക് ലംഘിച്ച് കെ.വി തോമസ് സിപിഎം പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. പുറത്താണെങ്കില്‍ പുറത്ത് എന്ന് തീരുമാനമെടുത്താല്‍ മാത്രമേ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. കെ.വി തോമസിന് അങ്ങനെയൊരു മനസ് ഇല്ലെന്നാണ് തന്റെ തിരിച്ചറിവും ഊഹവുമെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

എം.വി ജയരാജന് എന്തും പറയാം. പക്ഷേ, കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു വികാരമുണ്ട്. കണ്ണൂരില്‍ സിപിഎം അക്രമത്തില്‍ മരിച്ചു വീണ പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നിരവധിയുണ്ട്. മനസ് മുറിഞ്ഞ നിരവധി പ്രവര്‍ത്തകരുണ്ട്. അവരുടെയൊക്കെ വികാരത്തെ ചവിട്ടിമെതിച്ച് ഒരു കോണ്‍ഗ്രസ് നേതാവിന് സിപിഎമ്മിന്റെ പ്ലാറ്റ്ഫോമിലേക്ക് കയറിച്ചെല്ലാന്‍ സാധിക്കില്ല.

കേരളത്തിലല്ല പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നടന്നതെങ്കില്‍ തങ്ങള്‍ ഇത്രയും വാശി പിടിക്കില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ അത്രയും ഏകാധിപത്യപരമായ, ഫാസിസം നടപ്പാക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് സന്ധി ചെയ്യാന്‍ കോണ്‍ഗ്രസിനാകില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

കെ.വി തോമസ് കോണ്‍ഗ്രസ് വിരുദ്ധ നിലപാട് എടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. അദ്ദേഹം പാര്‍ട്ടി അച്ചടക്കത്തിന്റെ ഫ്രെയിമില്‍ നില്‍ക്കുന്നയാളാണ്. അദ്ദേഹം തന്റെ ഗുരുനാഥന്‍ കൂടിയാണ്. അദ്ദേഹം കോണ്‍ഗ്രസിന് ദോഷകരമായ ഒരു കാര്യവും ചെയ്യില്ല എന്നാണ് തന്റെ വിശ്വാസം. കോണ്‍ഗ്രസുകാരുടെ ചോര വീണ കണ്ണൂരില്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് അനുവദിക്കാനുള്ള വിശാല മനസ് ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് കുടുങ്ങരുതെന്ന് രണ്ട് പതിറ്റാണ്ട് കാലം ഇടത് സഹായാത്രികനായി ഒടുവില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം.

യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല.

കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാന്‍ ഫിലിപ്പ് തന്റെ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു.

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി തോമസ് പങ്കെടുക്കുമോ എന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. സെമിനാറില്‍ പങ്കെടുക്കണോ എന്നതില്‍ നാളെ തീരുമാനമെടുക്കുമെന്ന് കെ.വി തോമസ് പറഞ്ഞു. നാളെ രാവിലെ 11 ന് മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.