ജനങ്ങളുടെ ശബ്ദം കേള്‍ക്കണം: ശ്രീലങ്കയില്‍ കര്‍ദിനാളിന്റെ നേതൃത്വത്തില്‍ വൈദികരുടെ പ്രതിഷേധം

ജനങ്ങളുടെ ശബ്ദം കേള്‍ക്കണം: ശ്രീലങ്കയില്‍ കര്‍ദിനാളിന്റെ നേതൃത്വത്തില്‍ വൈദികരുടെ പ്രതിഷേധം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ ജനരോഷം ശക്തമാകുന്നതിനിടെ കത്തോലിക്കാ പുരോഹിതരുടെ നേതൃത്വത്തില്‍ കൊളംബോ അതിരൂപതയില്‍ നിശബ്ദ പ്രതിഷേധ നടത്തം സംഘടിപ്പിച്ചു. 'ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍' സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചായിരുന്നു പ്രതിഷേധം. ആര്‍ച്ച് ബിഷപ്പ് ആല്‍ബര്‍ട്ട് മാല്‍ക്കം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ വൈദികരും സന്ന്യസ്ഥരും അടങ്ങുന്ന വിശ്വാസികളുടെ വലിയ സമൂഹം സിംഹള, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി ജപമാല ചൊല്ലി പ്രതിഷേധത്തിന്റെ ഭാഗമായി. അതിരൂപത സഹായ മെത്രാന്മാരായ മാക്സ്വെല്‍ സില്‍വ, ആന്റണി ജയക്കൊടി, ആന്റണ്‍ രഞ്ജിത്ത് എന്നിവരും റാലിയില്‍ പങ്കെടുത്തു.

രാജ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയും ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. ദീര്‍ഘവീക്ഷണം ഇല്ലാത്ത സര്‍ക്കാര്‍ നയങ്ങളും തീവ്രവാദവും കാരണം ശ്രീലങ്കയ്ക്ക് കഴിവും സത്യസന്ധരുമായ നേതാക്കളെ നഷ്ടപ്പെട്ടെന്നും ശരിയായ ഭരണകര്‍ത്താക്കളെ തിരഞ്ഞെടുത്ത് അപകടകരമായ അവസ്ഥയില്‍ നിന്ന് ശ്രീലങ്കയെ കരകയറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൊളംബോ അതിരൂപത വക്താവ് ഫാ. കാമിലസ് ഫെര്‍ണാണ്ടോ ആവശ്യപ്പെട്ടു.


ശ്രീലങ്കയില്‍ കൊളംബോ അതിരൂപതയിലെ പുരോഹിതരുടെ നേതൃത്വത്തില്‍ നടന്ന നിശബ്ദ പ്രതിഷേധ പ്രകടനം.

രാജ്യത്തിന്റെ വിഭവങ്ങള്‍ വിറ്റ് കമ്മിഷനും കൈക്കൂലിയും വാങ്ങാന്‍ കൂട്ടുനിന്ന പ്രസിഡന്റ് ഗോട്ടബായ രാജപാക്സെയാണ് ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രതസന്ധിയുടെ മുഖ്യ കാരണക്കാരനെന്ന് അതിരൂപത മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജൂഡ് ക്രിസന്ത പറഞ്ഞു. രാഷ്ട്രീയക്കാരെ മാറ്റിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. വ്യവസ്ഥിതയാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



സാധാരണക്കാരുടെ കഷ്ടപ്പാടില്‍ ഭരണാധികാരികള്‍ക്ക് യാതൊരു മനസലിവും ഇല്ലെന്ന് അതിരൂപതാംഗമായ ഫാ. സിറില്‍ ജെമിനി കുറ്റപ്പെടുത്തി. കിത്തു ദാന പുബുദുവ കരിസ്മാറ്റിക് കമ്മ്യൂണിറ്റിയും ചിലാവ് രൂപതയില്‍ പ്രാര്‍ത്ഥനാ പ്രതിഷേധം നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.