അടിക്ക് തിരിച്ചടി; അവതാരകന്റെ മുഖത്തടിച്ച ഓസ്‌കാര്‍ ജേതാവ് വില്‍ സ്മിത്തിന് 10 വര്‍ഷം വിലക്ക്

അടിക്ക് തിരിച്ചടി; അവതാരകന്റെ മുഖത്തടിച്ച ഓസ്‌കാര്‍ ജേതാവ് വില്‍ സ്മിത്തിന് 10 വര്‍ഷം വിലക്ക്

ലോസ്ആഞ്ചലസ്: കഴിഞ്ഞ ഓസ്‌കാര്‍ വേദിയില്‍ അവതാരകനും ഹാസ്യതാരവുമായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ നടന്‍ വില്‍ സ്മിത്തിന് ഓസ്‌കാര്‍ ചടങ്ങിലും മറ്റ് അനുബന്ധ പരിപാടികളിലും 10 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. വെളളിയാഴ്ച രാത്രി വെര്‍ച്വലായി ചേര്‍ന്ന അക്കാഡമി ഒഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്‌സ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. വിലക്ക് അവസാനിക്കുംവരെ സ്മിത്തിന് ഓസ്‌കാറില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല.

സ്മിത്തിന്റെ പ്രവൃത്തി ന്യായീകരിക്കാനാവുന്നതല്ലെന്നും ചടങ്ങില്‍ പങ്കെടുത്ത അഭിനേതാക്കളുടെയു അതിഥികളുടെയും പ്രിവിലേജ് സംരക്ഷിക്കുന്നതിനും അക്കാഡമിയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തേണ്ടിവന്നതെന്ന് അക്കാഡമി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അസാധാരണ സാഹചര്യത്തില്‍ സംയമനം പാലിച്ചതിന് റോക്കിനെ അഭിനന്ദിക്കുകയും ചെയ്തു. അക്കാഡമിയുടെ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതായി വില്‍ സ്മിത്ത് പ്രതികരിച്ചു.

കഴിഞ്ഞ മാര്‍ച്ച് 27 നാണ് ഓസ്‌കാര്‍ അവാര്‍ഡ് വിതരണ വേദിയില്‍ വച്ച് അവതാരകന്‍ ക്രിസ് റോക്കിനെ സ്മിത്ത് മുഖത്തടിച്ചത്. അകാരണമായി തലമുടി കൊഴിയുന്ന അലോപേഷ്യ രോഗം നേരിടുന്ന ഭാര്യ ജെയ്ഡയുടെ രൂപത്തെ പരിഹസിച്ചതായിരുന്നു സ്മിത്തിനെ പ്രകോപിപ്പിച്ചത്. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം, 'കിംഗ് റിച്ചാര്‍ഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്മിത്തിന് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. അവാര്‍ഡ് ഏറ്റുവാങ്ങവേ വിതുമ്പിക്കൊണ്ട് അക്കാഡമിയോടും ക്രിസിനോടും സ്മിത്ത് മാപ്പ് പറഞ്ഞു.

സംഭവം ഏറെ വിമര്‍ശനത്തിന് വഴിവച്ചതോടെ ഏപ്രില്‍ ഒന്നിന് വില്‍ സ്മിത്ത് അക്കാഡമിയില്‍ നിന്ന് രാജി വച്ചു. അക്കാദമിയുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നും തന്റെ പ്രവൃത്തിയില്‍ ഹൃദയവേദനയുണ്ടെന്നും സ്മിത്ത് രാജി കത്തില്‍ പറഞ്ഞു. തന്റെ പെരുമാറ്റത്തിന്റെ പേരില്‍ എന്തു പ്രത്യോഘാതം ഉണ്ടായാലും അതു പൂര്‍ണ്ണമായി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മിത്തിന് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഓസ്‌കാര്‍ പുരസ്‌കാരം തിരികെ വാങ്ങുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടില്ല. സ്മിത്തിന്റെ പ്രവര്‍ത്തിയില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അക്കാഡമിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണ്ണര്‍ അംഗമായ നടന്‍ ഹൂപ്പി ഗോള്‍ഡ്‌ബെര്‍ഗ് സംഭവത്തിന് ശേഷം പ്രതികരിച്ചിരുന്നു. എന്നാല്‍ ഓസ്‌കാര്‍ അദ്ദേഹത്തില്‍ നിന്ന് എടുത്തുമാറ്റില്ലെന്നും പറഞ്ഞിരുന്നു. അക്കാഡമിയുടെ പെരുമാറ്റത്തിന്റെ മാനദണ്ഡം പ്രകാരം അച്ചടക്കം ലംഘിക്കുന്നവരെ ഓസ്‌കാര്‍ ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുക, അവാര്‍ഡുകള്‍ക്കുള്ള യോഗ്യത റദ്ദാക്കുക, ഓസ്‌കാര്‍ തിരിച്ചെടുക്കുക തുടങ്ങിയ ശിക്ഷകളാണ് നല്‍കാറുള്ളത്.

അക്കാദമി വിലക്കിന് പിന്നാലെ സ്മിത്തുമായി കരാര്‍ ഒപ്പുവച്ച പ്രോജറ്റുകള്‍ സോണി, നെറ്റ്ഫ്‌ളിക്‌സ് സറ്റുഡിയോകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മറ്റ് സിനിമ നിര്‍മാണ കമ്പനികളും സ്മിത്തുമായി ഒപ്പുവച്ച കരാറില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. അതേസമയം തന്റെ ഏറ്റവും പുതിയ സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടിയുമായി റോക്ക് സജീവമായി. അടിയെക്കുറിച്ച് അദ്ദേഹം ഇതുവരെ പരസ്യമായി പ്രതികരണം നടത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.