വിദേശ സംഭാവന പരമമായ അവകാശമല്ല; നിയമ ഭേദഗതി സുപ്രീം കോടതി ശരിവെച്ചു

വിദേശ സംഭാവന പരമമായ അവകാശമല്ല; നിയമ ഭേദഗതി സുപ്രീം കോടതി ശരിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതികള്‍ സുപ്രീം കോടതി ശരിവെച്ചു. സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള ബില്ലാണിത്. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും പൊതുതാല്‍പര്യവും സംരക്ഷിക്കാനുള്ള നിയമ ഭേദഗതി ഭരണഘടനാ പരമാണെന്ന് ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. വിദേശ സംഭാവന സ്വീകരിക്കുന്നത് പരമമായ അവകാശം അല്ലെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാറേതര സന്നദ്ധ സംഘടനകള്‍(എന്‍.ജി.ഒ)ക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടു വന്ന നിയമഭേദഗതി മറ്റു നിയമ നിര്‍മാണം പോലെയല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ദേശീയ ജനാധിപത്യ ഇടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും വിദേശ ഉറവിടങ്ങളില്‍ നിന്നുള്ള ആതിഥേയത്വവും ഫണ്ടിങ്ങും കൊണ്ട് അനര്‍ഹമായി സ്വാധീനിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഭേദഗതി.

സ്ഥാപനമോ വ്യക്തിയോ സ്വീകരിച്ച വിദേശ സംഭാവന മറ്റൊരു സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറ്റം ചെയ്യുന്നത് വിലക്കുന്ന ഏഴാം വകുപ്പ്, ഭരണപരമായ ചെലവുകള്‍ക്ക് വിദേശ സംഭാവനയുടെ 50 ശതമാനം തുക വരെ ഉപയോഗിക്കാന്‍ കഴിയുന്നത് മാറ്റി പകരം 20 ശതമാനമാക്കി വെട്ടിക്കുറച്ച എട്ട് (1) ബി വകുപ്പ്, നിയമലംഘനത്തിന് അന്വേഷണം നേരിടുന്ന സമയത്ത് വിദേശ സംഭാവന ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരം നല്‍കുന്ന 11(2) വകുപ്പ്, വിദേശ സംഭാവന സ്വീകരിക്കുന്നതിന് ഏതൊരാളും എന്‍.ജി.ഒയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹിയിലെ പ്രത്യേക ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങണമെന്ന് നിഷ്‌കര്‍ഷിക്കുന്ന 12, 17 വകുപ്പുകള്‍ ഇവയെല്ലാം ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വിധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.