ടെന്നീസി: പ്രകൃതിക്കിണങ്ങിയ ആഢംബരത്തിന്റെ പര്യായമായി ലോകത്തിലെ ഏറ്റവും വലിയ ട്രീഹൗസ് റിസോര്‍ട്ട് കിഴക്കന്‍ ടെന്നീസില്‍ തുറന്നു. മഞ്ഞുമൂടിയ മലനിരകളുടെ സൗന്ദര്യം സഞ്ചാരികള്‍ക്ക് പരമാവധി സമ്മാനിക്കുന്ന സാങ്ച്വറി ട്രീഹൗസ് റിസോര്‍ട്ടിന്റെ പെരുമ ഇതിനോടകം തന്നെ അമേരിക്കയുടെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്.
ആഡംബരത്തിന്റെ പുതിയ പര്യായമാണ് സാങ്ച്വറി ട്രീഹൗസ് റിസോര്‍ട്ട്. എല്ലാ റിസോര്‍ട്ടുകളിലും ഉള്ള കൃത്രിമ ശീതികരണ സംവിധാനങ്ങളും റണ്ണിംഗ് വാട്ടര്‍ സിസ്റ്റവും ഉറക്കം നഷ്ടപ്പെടുത്തുന്ന ചെറു പ്രാണികളെ തുരത്താനുള്ള ക്രമീകരണങ്ങളൊക്കെ ഉണ്ടെങ്കിലും സ്‌മോക്കി മലനിരങ്ങളുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.
വിശാലമായ 40 ഏക്കറില്‍ ഇത്തരത്തിലുള്ള 130 ട്രീഹൗസ് മുറികളാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന അമേരിക്കയിലെ ദേശീയോദ്യാനമായ ഗ്രേറ്റ് സ്‌മോക്കി ദേശീയോദ്യാനം ഇതിനടുത്താണ്.
ഗയിറ്റ്‌ലിന്‍ബര്‍ഗില്‍ സ്‌കൈ സെന്റര്‍ എന്ന റെസ്റ്റോറന്റ് നടത്തുന്ന അമാന്‍ഡയുടെയും ബ്രയാന്‍ ജെന്‍സന്റെയും ബുദ്ധിയില്‍ നിന്ന് വിരിഞ്ഞതാണ് ഈ റിസോര്‍ട്ട്. തങ്ങളുടെ കുട്ടികള്‍ക്കായി നിര്‍മ്മിച്ച ബങ്ക് കിടക്കകളും സിപ്പ് ലൈനും ഉള്ള ഒരു ട്രീഹൗസാണ് ദമ്പതികളെ ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്.
ജെന്‍സന്‍ ആദ്യം സ്വന്തം സ്ഥലത്ത് ട്രീഹൗസുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. പിന്നീട് സെവിയര്‍വില്ലെയിലെ 40 ഏക്കര്‍ സ്ഥലം ലഭ്യമായപ്പോള്‍ അവിടെ നിര്‍മാണം ആരംഭിച്ചു. പ്രകൃതിക്ക് ഒരു തരത്തിലും ദോഷം ഉണ്ടാക്കാത്ത വിധമായിരുന്നു നിര്‍മാണം. പ്രകൃതിയുടെ സൗന്ദര്യത്തെയും അവിടെ വസിക്കുന്ന ജീവജാലങ്ങളെയും ബഹുമാനിക്കുക എന്ന നിര്‍ബന്ധം നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ഈ ദമ്പതികള്‍ പാലിച്ചുപോന്നു.
സ്‌മോക്കി പര്‍വ്വതനിരകളുടെ കാഴ്ച്ചയിലേക്കാണ് റിസോര്‍ട്ടിലെ ഓരോ വീടുകളും മിഴി തുറന്നു നില്‍ക്കുന്നത്. നടപ്പാതകള്‍, മുകളിലേക്കുള്ള വളഞ്ഞ കോവണിപ്പടികള്‍, സഞ്ചാരികള്‍ക്ക് ഒത്തുചേരാനുള്ള ഇടം, കഥകള്‍ പറഞ്ഞുതരാന്‍ പ്രദേശിക കഥാകൃത്തുകള്‍, ഔട്ട് ഡോ ഹോട്ട് ടബ്ബ്, ഗോള്‍ഫ് കോര്‍ട്ട് അങ്ങനെ നീളുന്നു റിസോര്‍ട്ടിലെ പ്രത്യേകതകള്‍.
ഇരു നിലകളിലായുള്ള ഓരോ വീടുകളിലും ആറു പേര്‍ക്ക് താമസിക്കാനുളള സൗകര്യമുണ്ട്. തണുപ്പ് അകറ്റാന്‍ വിറക് കത്തിക്കാനുള്ള സൗകര്യവും വിദൂരകാഴ്ച്ചകള്‍ക്കുള്ള ദൂരദര്‍ശിനിയും പുറത്തെ കാഴ്ച്ചകള്‍ തടസമില്ലാതെ കാണാന്‍ ഉതകുന്ന നിലയിലുള്ള ബാല്‍ക്കണിയും ഉണ്ട്. വലിയ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ബ്രിഡ്ജുകള്‍ വഴി ബന്ധിപ്പിച്ചുള്ള ട്രീ ഹൗസുകളും ഉണ്ട്. സഞ്ചാരികള്‍ക്ക് ഒരു ഹൗസില്‍ നിന്ന് മറ്റൊന്നിലേക്ക് ഈ ബ്രിഡ്ജുവഴി എളുപ്പം എത്താം. ഈ വേനല്‍ക്കാലത്ത് ആറു ട്രീ ഹൗസുകള്‍ കൂടി പുതുതായി പണികഴിപ്പിക്കാനുള്ള തിരക്കിലാണ് അമാന്‍ഡ, ബ്രയാന്‍ ജെന്‍സ് ദമ്പതികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.