ലക്‌നൗ: മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടു പോലും ബിഎസ്പി പ്രതികരിച്ചില്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മായാവതി. രാഹുല്‍ ഗാന്ധി ആദ്യം സ്വന്തം പാര്‍ട്ടിയുടെ അവസ്ഥയോര്‍ത്ത് പരിതപിക്കൂ. എന്നിട്ടാകാം സഖ്യത്തിന് ക്ഷണിക്കലെന്നായിരുന്നു മായാവതിയുടെ പരിഹാസം.
പ്രധാനമന്ത്രിയെ ബലമായിട്ട് കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ശൈലിയല്ല ബിഎസ്പിയുടേത്. ലോകം മുഴുവന്‍ കറങ്ങി ആനന്ദം കണ്ടെത്തുന്നവരല്ല തങ്ങളെന്നും മായാവതി പറഞ്ഞു. ബിജെപിയെയും വിമര്‍ശിക്കാന്‍ മായാവതി മറന്നില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം മാത്രമല്ല ബിജെപിയുടെ ലക്ഷ്യം. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സിബിഐ, ഇഡി എന്നിവയെ ഭയപ്പെട്ടിട്ടാണ് കഴിഞ്ഞ തവണ മായാവതി മല്‍സരിക്കാന്‍ തയാറാകാതിരുന്നതെന്നു രാഹുല്‍ ഗാന്ധി ഇന്നലെ തുറന്നടിച്ചിരുന്നു. ദ ദളിത് ട്രൂത്ത്- ബാറ്റില്‍സ് ഫോര്‍ റിയലൈസിംഗ് അംബേദ്‌കേഴ്സ് വിഷന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 ല്‍ രണ്ടു സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. വോട്ട് വിഹിതം 2.5 ശതമാനം മാത്രമായിരുന്നു. ബിഎസ്പിക്ക് ഒരു സീറ്റും 13 ശതമാനം വോട്ടുമാണ് ലഭിച്ചത്. ബിഎസ്പിയുടെ 72 ശതമാനം സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായപ്പോള്‍ കോണ്‍ഗ്രസിനിത് 97 ശതമാനമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.