ന്യൂയോര്‍ക്ക്: പ്രായം തളര്‍ത്തിയ അവശതകള്‍ ഒരുവശത്ത്. പണം മറ്റൊരു വെല്ലുവിളി. എന്നാല്‍ 62 കാരനായ കെനിയന്‍ പര്‍വ്വതാരോഹകന്‍ നേരിട്ട വലിയ പ്രതിസന്ധി തന്റെ നിറമായിരുന്നു. അവഗണനകളുടെയും മാറ്റിനിര്‍ത്തലുകളുടെയും ദുരനുഭവങ്ങളില്‍ നിന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കാനുള്ള ജെയിംസ് കഗാംബി എന്ന ആഫ്രിക്കന്‍ വംശജന്റെ പോരാട്ടത്തിന്റെ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് തന്റെ നാട് സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ ദശകം രാജ്യം ആഘോഷിച്ച രാവില്‍, കെനിയന്‍ പര്‍വത നിരകളുടെ കൊടുമുടിയില്‍ പൊട്ടിച്ചിന്നിയ നക്ഷത്രകണങ്ങളുടെ പ്രശോഭയാണ് ജെയിംസ് കഗാംബിയിലെ പര്‍വ്വതാരോഹകനിലേക്ക് വെളിച്ചമായത്. അര്‍ദ്ധരാത്രിയിലെ വെടിക്കെട്ട് തന്റെ ഗ്രാമത്തില്‍ നിന്ന് വിസ്മയത്തോടെ നോക്കിനില്‍ക്കുമ്പോള്‍ മുന്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ മനസ് പര്‍വതത്തോളം ഉയര്‍ന്നു.
പിന്നീടുള്ള വര്‍ഷം അദ്ധ്യാപക പരിശീലനത്തോടൊപ്പം പര്‍വ്വതാരോഹണത്തിനുള്ള പരിശീനവും അദ്ദേഹം നേടി. പ്രായം തടസമെന്ന് പറഞ്ഞവര്‍ക്ക് മുന്നിലൂടെ കഗാംബി ഓരോ പര്‍വ്വതങ്ങളും ചവിട്ടി കയറി. കെനിയന്‍ പര്‍വ്വത നിരകള്‍ക്ക് മുകളില്‍ ആദ്യം കാല്‍കുത്തുമ്പോള്‍ താന്‍ മുമ്പെങ്ങോ ഇഷ്ടപ്പെട്ട കാര്യം ചെയ്ത സന്തോഷമാണ് കഗാംബിക്കുണ്ടായത്. കഴിയില്ലെന്ന സ്വന്തം വിചാരത്തെ തോല്‍പ്പിച്ച ആത്മവിശ്വാസവും.
പിന്നീട് ആഫ്രിക്കയിലെ ഉയരം കൂടിയ കൊടുമുടികളും നാല് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലവും അദ്ദേഹം കീഴടക്കി. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഡെനാലി കീഴടക്കിയ ആദ്യ ആഫ്രിക്കക്കാരനുമായി അദ്ദേഹം.
അവിടംകൊണ്ട് സ്വപ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കഗാംബിക്ക് കൂട്ടാക്കിയില്ല. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്‌റ്റോളം സ്വപ്‌നം ഉയര്‍ന്നു. എന്നാല്‍ എവറസ്റ്റ് കീഴടക്കാനുള്ള അദ്ദേഹത്തിന്റെ പാത കുത്തനെയുള്ളതായിരുന്നു. പ്രായവും പണവും നിറവും ഓരോ ഘട്ടത്തിലും തടസങ്ങളായി മുന്നില്‍ വന്നു.
'എറവസ്റ്റ് ചവിട്ടികയറാനുള്ള കരുത്ത് നിന്റെ കാലുകള്‍ക്ക് ഇല്ലെ'ന്നായിരുന്നു ബന്ധുക്കളും നാട്ടുകാരും പറഞ്ഞത്. അവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കുടുതല്‍ കരുത്തോടെ മുന്നേറി. കെനിയയിലെ ദാരിദ്രത്തില്‍ വളര്‍ന്ന കഗാംബിക്ക് എവറസ്റ്റ് ക്ലൈബിംഗിനുള്ള 65,000 ഡോളര്‍ കണ്ടെത്തുക എന്നത് സ്വപ്‌നത്തില്‍ പോലും കഴിയുന്ന കാര്യമായിരുന്നില്ല.
സ്‌പോണ്‍സര്‍മാരെ തേടിയുള്ള അലച്ചിലിലൊക്കെ പ്രായവും നിറവും തടസമായി. കറുത്ത വര്‍ഗക്കാരാനായതിനാല്‍ പലരും പണം നല്‍കാന്‍ വിസമ്മതിച്ചു. അമേരിക്കന്‍ സ്‌പോണ്‍സര്‍മാരാകട്ടെ യുഎസിലുള്ളവര്‍ക്ക് മാത്രമേ പണം മുടക്കാന്‍ തയ്യാറായിരുന്നുള്ളു. അവഗണനകള്‍ ഒന്നൊന്നായ വന്നപ്പോള്‍ കഗാംബി തളര്‍ന്നില്ല.
പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു പണപ്പിരിവ് ആരംഭിച്ചു. കെനിയയുടെ ഗ്രാമാന്തരങ്ങളില്‍പ്പോലും വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ പ്രചാരണം വ്യാപിച്ചു. പണം ഒഴുകിയെത്തി തുടങ്ങി. ഇതിനിടെയാണ് കെനിയയിലെ ഒരു വാതുവയ്പ്പ് കേന്ദ്രത്തില്‍ ഈ വാര്‍ത്ത എത്തുന്നത്. വാതുവയ്പ്പ് സംഘത്തിലെ പ്രാധാനികളില്‍ ഒരാള്‍ സ്‌പോണ്‍സര്‍ഷിപ്പിന് തയ്യാറായി.
അങ്ങനെ എവറസ്റ്റ് കീഴടക്കാന്‍ ലക്ഷ്യമിട്ട 10 പര്‍വ്വതാരോഹക്കാരുടെ കൂട്ടത്തില്‍ കഗാംബിയും ചേര്‍ന്നു. അമേരിക്കയില്‍ നിന്നുള്ള കറുത്തവര്‍ഗക്കാരുടെ സംഘമായിരുന്നു അത്. കഗാംബിയാണ് സംഘത്തിലെ ഏറ്റവും പ്രായംകൂടിയ ആള്‍.
സംഘം ഇപ്പോള്‍ ബേസ് ക്യാമ്പ് പിന്നിട്ടതായാണ് വിവരം. രണ്ട് മാസത്തിനുള്ളില്‍ ലക്ഷ്യ സ്ഥാനത്ത് എത്തും. അതോടെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരുടെ സംഘം എന്ന ഖ്യാതി കഗാംബിയുടെയും കൂട്ടരുടെയും പേരിലാകും.
സ്വപ്‌ന സാക്ഷാത്കാരം എന്നതിലുപരി നിറത്തിന്റെ പേരില്‍ തഴയപ്പെടുന്നവര്‍ക്ക് പ്രചോദനമാകുക എന്ന ഉദ്ദേശമാണ് തന്റെ യാത്രയുടേതെന്ന് പര്‍വ്വതാരോഹണം ആരംഭിക്കുന്നതിന് മുന്‍പ് നേപ്പാളില്‍ മാധ്യമപ്രവര്‍ത്തകരോട് കഗാംബി പറഞ്ഞു. കറുത്ത നിറക്കാരും പുറത്തിറങ്ങുക, പര്‍വ്വതങ്ങള്‍ കയറുക അങ്ങനെ വെള്ളക്കാര്‍ക്ക് ചെയ്യാനാകുന്നത് തങ്ങള്‍ക്കും ചെയ്യാന്‍ കരുത്തുണ്ടെന്ന് തെളിയിക്കുക... കറുത്ത വംശജര്‍ക്കുള്ള കഗാംബിയുടെ വാക്കുകളായിരുന്നു ഇത്.
6,000 പേര്‍ ഇതുവരെ എവറസ്റ്റ് കീഴടക്കിയെങ്കിലും ഇതില്‍ ആഫ്രിക്കന്‍ വംശജര്‍ വെറും 10ല്‍ താഴെ മാത്രമാണ്. തങ്ങള്‍ ലക്ഷ്യത്തിലെത്തുന്നതോടെ എവറസ്റ്റ് കീഴടക്കിയ കറുത്തവംശക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നും കഗാംബി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.