ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപത്തിമൂന്നാം ഭാഗം.
പതിനേഴാം നൂറ്റാണ്ടിലെ അറിയപ്പെട്ട ഒരു ഗണിത ശാസ്ത്രജ്ഞനാണ് പിയെത്രോ മെംഗോളി. ഗണിതത്തില്‍ മാത്രമല്ല മറ്റു പല വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ച ഒരു പ്രതിഭാധനനാണ് മെംഗോളി. പല വിഷയങ്ങളില്‍ പഠനവും പാണ്ഡിത്യവും കൈമുതലായിരുന്ന അദ്ദേഹം ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും ശാസ്ത്രീയ സംഭാവനകളുമാണ് ഈ ലക്കത്തിലെ പ്രതിപാദ്യം.
1626 ല്‍ ഇറ്റലിയിലെ ബൊളോഞ്ഞായിലാണ് പിയെത്രോ മെംഗോളി ജനിച്ചത്. അദ്ദേഹത്തിന്റെ നാമം ബൊളോഞ്ഞാ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ 1648 മുതല്‍ 1686 വരെയുളള കാലഘട്ടത്തില്‍ കാണാന്‍ സാധിക്കും. അദ്ദേഹം കവലിയേരിയുടെ കീഴില്‍ ഗണിതം അഭ്യസിച്ചു. ബൊളോഞ്ഞാ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷം അവിടെത്തന്നെ ഒരു ഗണിതശാസ്ത്ര അധ്യാപകന്‍ ആയി. ഈ ജോലി ചെയ്യുന്ന സമയത് തന്നെ മെംഗോളി തത്വശാസ്ത്രം പഠിക്കുകയും 1650 ല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു.
തുടര്‍ന്ന് അദ്ദേഹം തന്റെ ശ്രദ്ധ നിയമത്തിലേക്ക് തിരിച്ചു. രാഷ്ട്ര നിയമത്തിലും കാനന്‍ നിയമത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇതെല്ലം അദ്ദേഹം പഠിക്കുന്നത് അവിടെ ഗണിത ശാസ്ത്രം പഠിപ്പിക്കുന്ന അതേ കാലയളവിലാണ്. ഇതേ സമയത്തു തന്നെ അദ്ദേഹം പൗരോഹിത്യ പരിശീലനം പൂര്‍ത്തിയാക്കുകയും പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.
ബൊളോഞ്ഞായില്‍ പഠിപ്പിക്കുന്ന കാലത്ത് ഗണിത ശാസ്ത്രത്തിന്റെയും മെക്കാനിക്‌സിന്റെയും തലവന്‍ എന്ന പദവി അദ്ദേഹം അലങ്കരിച്ചു. അതേ സമയത്തു തന്നെ ബൊളോഞ്ഞായിലെ മറിയം മഗ്ദലേനയുടെ നാമത്തിലുള്ള ഇടവക ദേവാലയത്തിന്റെ ചുമതല കൂടി അദ്ദേഹം നിര്‍വഹിച്ചു.
1650 ല്‍ ബൊളോഞ്ഞായില്‍ പ്രസിദ്ധീകൃതമായ Novae quadraturae arithmeticae, seu de additione fractionum എന്ന പുസ്തകം അദ്ദേഹത്തിന്റെ ഗണിതത്തിലെ ആദ്യത്തേതാണ്. ഈ പുസ്തകത്തില്‍ ഇന്‍ഫിനിറ്റ് സീരീസ് (അനന്തശ്രേണി) വളരെ നന്നായി അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ജോമെട്രിക് സീരീസ് സങ്കലനം ചെയ്യുമ്പോള്‍ അവ പരസ്പരം കൂട്ടിമുട്ടുന്നില്ല എന്ന് മെംഗോളി നിരീക്ഷിച്ചു.
ജ്യാമിതീയ രൂപങ്ങളുടെ പരിമിതികളെപ്പറ്റി Geometriae speciosae elementa എന്ന ഒരു പുസ്തകം 1659 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഡെഫിനിറ്റ് ഇന്റെഗ്രേലിന്റെ ( definite integral) വ്യാഖ്യാനമായി ഒരു നിശ്ചിത രൂപത്തിന്റെ വിസ്തീര്‍ണം എന്ന നിലയില്‍ അദ്ദേഹം നല്‍കുന്നുണ്ട്. ഇത് ന്യൂട്ടണ്‍, ലെയ്ബ്നിസ് തുടങ്ങിയവര്‍ calculus രൂപപ്പെടുത്തുന്നതിനും 30 വര്‍ഷങ്ങള്‍ മുന്‍പാണ് എന്നത് മെംഗോളിയുടെ ബൗദ്ധിക നിലവാരം സൂചിപ്പിക്കുന്നു.
ഇവ കൂടാതെ ജ്യോതിശാസ്ത്രത്തിലും സംഗീതത്തിലുമൊക്കെ അദ്ദേഹം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ യാഥാസ്ഥിതികനായ ഒരു ഗണിത ശാസ്ത്രജ്ഞനായിരുന്നു പിയെത്രോ മെംഗോളി. തോറിച്ചെല്ലിയെപ്പോലെയുള്ള ശാസ്ത്രജ്ഞരുടെ നവീന മാര്‍ഗങ്ങളോട് അദ്ദേഹം തെല്ലും മമത കാട്ടിയില്ല. ഇതുകൊണ്ട് പിയെത്രോ മെംഗോളിയുടെ പുസ്തകങ്ങള്‍ വായിക്കുക കുറേക്കൂടെ പ്രയാസമാണ്.
ലാറ്റിന്‍ ഭാഷയില്‍ അദ്ദേഹം നല്‍കിയ ഗണിതശാസ്ത്ര വിശദീകരണങ്ങള്‍ വായിക്കാനും മനസിലാക്കാനും നല്ല ബുദ്ധിമുട്ടാണ്. പതിനേഴാം നൂറ്റാണ്ടില്‍ പ്രചുര പ്രചാരത്തിലായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിസ്മൃതിയില്‍ ആണ്ടുപോയി. അതിനുശേഷം ഈ അടുത്ത കാലത്താണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും ആളുകള്‍ പഠിച്ചു തുടങ്ങിയത്.
കവലിയേരിയുടെ indivisible, ന്യൂട്ടന്റെ fluxions, ലെയ്ബ്നിസിന്റെ differential എന്നിവയുടെ നടുവില്‍ ഒരു മാറ്റത്തിന്റെ പ്രതീകമായി നില്‍ക്കുന്നു എന്നതാണ് ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ മെംഗോളിയുടെ പ്രസക്തി. ഹാര്‍മോണിക് സീരിസുകള്‍ക്ക് മേല്‍പരിധി ഇല്ല എന്ന് അദ്ദേഹം തെളിയിച്ചു. ഗലീലിയോയുടെ റെസൊണന്‍സ് തിയറിയെ വിമര്‍ശിച്ചു.
1650 ല്‍ അദ്ദേഹം വളരെ പ്രശസ്തമായ ബാസല്‍ പ്രശ്‌നം മുന്നോട്ട് വെച്ചു. 1735 ല്‍ Leonhard Euler പരിഹരിക്കും വരെയും ഇത് ഒരു ഉത്തരമില്ലാത്ത പ്രഹേളികയായി തുടര്‍ന്നു. 1686 ല്‍ പിയെത്രോ മെംഗോളി ഈ ലോകത്തോട് വിട പറഞ്ഞു. ഇന്നും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വീണ്ടും വായിക്കപ്പെടാന്‍ ആരംഭിച്ചിട്ടുണ്ട് എന്നത് മെംഗോളിയുടെ പ്രസക്തി സൂചിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.