കീവ്: റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് ഒമ്പതു വയസുള്ള ഉക്രെയ്ന്‍ പെണ്‍കുട്ടി എഴുതിയ വികാരനിര്‍ഭരമായ കത്ത് സമൂഹമാധ്യങ്ങളില്‍ നൊമ്പരമാകുന്നു. ഉക്രെയ്ന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് ആന്റണ്‍ ഗെരാഷ്ചെങ്കോ ട്വിറ്ററില്‍ പങ്കുവെച്ച ഒന്‍പതുകാരിയുടെ കത്തിന്റെ ചിത്രമാണ് മനസാക്ഷിയുള്ളവരുടെ കണ്ണു നിറയ്ക്കുന്നത്. കാറിന് നേരെയുണ്ടായ ആക്രമണത്തിലാണ് പെണ്‍കുട്ടിയുടെ അമ്മ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമ്മയെ അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. താന്‍ ഒരു നല്ല കുട്ടിയാകാന്‍ ശ്രമിക്കുമെന്നും, അങ്ങനെ നമുക്ക് വീണ്ടും സ്വര്‍ഗത്തില്‍ കണ്ടുമുട്ടാമെന്നുമാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്.
'അമ്മേ, ഈ കത്ത് അമ്മയ്ക്കുള്ള സമ്മാനമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒന്‍പതു വര്‍ഷങ്ങള്‍ സമ്മാനിച്ച അമ്മയ്ക്ക് നന്ദി. ലോകത്തെ ഏറ്റവും നല്ല അമ്മയാണ് നിങ്ങള്‍. ഒരിക്കലും അമ്മയെ ഞാന്‍ മറക്കില്ല. ആകാശത്ത് അമ്മ സന്തോഷവതിയായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്വര്‍ഗത്തില്‍ തന്നെ അമ്മ എത്തിക്കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവിടെ വച്ച് നമുക്ക് കണ്ടുമുട്ടാം. നല്ല കുട്ടിയാവാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. അങ്ങനെയായാല്‍ എനിക്കും സ്വര്‍ഗത്തില്‍ അമ്മയുടെ അടുത്ത് എത്താമല്ലോ'. സ്വര്‍ഗത്തില്‍ കാണാം, ഗാലിയ.'- ഡയറിയില്‍ പെണ്‍കുട്ടി കുറിച്ച വാക്കുകളാണിവ.
വൈകാരികമായാണ് പലരും പോസ്റ്റിനോട് പ്രതികരിച്ചത്്. അതിലൊരാള്‍ ഇങ്ങനെ എഴുതി: 'ഓരോ കുട്ടിക്കും അമ്മയാണ് എല്ലാം. എനിക്ക് അവളുടെ വേദന മനസിലാകും. അമ്മയെ നഷ്ടപ്പെട്ടപ്പോള്‍ അവള്‍ എത്ര ബുദ്ധിമുട്ടി കാണും. അവളെപ്പോലെ നിരവധി കുട്ടികള്‍ ഈ സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. എന്തുകൊണ്ടാണ് രാജ്യങ്ങള്‍ യുദ്ധം ചെയ്യുന്നത്? അവര്‍ക്ക് സമാധാനമായി ജീവിക്കാന്‍ കഴിയുന്നില്ലേ? മറ്റുള്ളവരെയും ജീവിക്കാന്‍ അനുവദിക്കാത്തത് എന്ത് കൊണ്ടാണ്?'.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.