ന്യൂഡല്‍ഹി: ബ്രഹ്മോസ് അബദ്ധത്തില്‍ പാകിസ്ഥാനിലേക്ക് അയച്ച സംഭവത്തില്‍ മിസൈല്‍ യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫിസര്‍ ഉള്‍പ്പടെ ഉത്തരവാദികളായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ.
ഗുരുതരമായ കൃത്യവിലോപമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും അതിര്‍ത്തിക്കപ്പുറത്തു നിന്ന് സൈനിക തിരിച്ചടിക്കുവരെ ഇടയാക്കാമായിരുന്ന സംഭവമാണതെന്നും അന്വേഷണം നടത്തിയ സമിതി വ്യക്തമാക്കി. അഭൂതപൂര്‍വമെന്നാണ് മിസൈല്‍ പാളിച്ചയെ സൈനികതല അന്വേഷണത്തില്‍ വിലയിരുത്തിയത്.
സംഭവത്തില്‍ ബ്രഹ്മോസ് യൂണിറ്റിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള (കേണല്‍) ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രഥമദൃഷ്ട്യാ ഉത്തരവാദികളാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് ഏഴിനാണ് രാജസ്ഥാനിലെ വ്യോമസേനാ താവളത്തില്‍നിന്ന് 290 കിലോമീറ്റര്‍ സഞ്ചാര ശേഷിയുള്ള ആണവേതര മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്. പാക് അതിര്‍ത്തിയില്‍ നിന്ന് 124 കിലോമീറ്റര്‍ ഉള്ളിലായാണ് മിസൈല്‍ പതിച്ചത്.
ഒരു വീടുള്‍പ്പടെയുള്ള വസ്തുവകകള്‍ തകര്‍ന്നു. മിസൈലില്‍ സ്‌ഫോടക വസ്തു ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി. സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇന്ത്യ ഖേദവും അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.