ഇറക്കുമതി സര്‍ക്കാരിനെ അംഗീകരിക്കില്ല; അധികാരമില്ലാത്ത താന്‍ അപകടകാരിയെന്ന ഭീഷണിയുമായി ഇമ്രാന്‍ ഖാന്‍

ഇറക്കുമതി സര്‍ക്കാരിനെ അംഗീകരിക്കില്ല; അധികാരമില്ലാത്ത താന്‍ അപകടകാരിയെന്ന ഭീഷണിയുമായി ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: അവിശ്വാസവോട്ടിലൂടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ ഭീഷണിയുമായി ഇമ്രാന്‍ ഖാന്‍. അധികാരമുള്ള സമയത്ത് താന്‍ അപകടകാരിയായിരുന്നില്ല. എന്നാല്‍ ഇനി കൂടുതല്‍ അപകടകാരിയാകും എന്നാണ് ഇമ്രാന്‍ പറഞ്ഞത്. പെഷവാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് പാതിരാത്രിയില്‍ പാക് സുപ്രീം കോടതി ചേര്‍ന്നത് എന്തിനായിരുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നു. കോടതി സ്വതന്ത്രമായി പ്രവര്‍ത്തിച്ചില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് അന്ന് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു.

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും നിയമ വ്യവസ്ഥക്കെതിരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചിട്ടില്ല. ഇപ്പോള്‍ പാകിസ്താനിലുള്ളത് ഇറക്കുമതി സര്‍ക്കാരാണെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. പുതിയ സര്‍ക്കാരിനെതിരെ നടത്തിയ പ്രകടനങ്ങളിലൂടെ ജനങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യമെന്ന് വ്യക്തമാക്കി. പാകിസ്താനില്‍ ഇതിനു മുന്‍പ് നേതാക്കളെ പുറത്താക്കിയപ്പോഴെല്ലാം ജനങ്ങള്‍ ആഘോഷിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തവണ ജനകീയ പ്രതിഷേധമാണ് നടന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പാകിസ്താനില്‍ തന്നെ പിന്തുണച്ച് നടന്ന റാലികള്‍ സൂചിപ്പിച്ചാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. തന്നെ നീക്കാന്‍ വിദേശ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. പുതിയ സര്‍ക്കാരിനെ അടിച്ചേല്‍പ്പിച്ച് അമേരിക്ക പാകിസ്താനെ അപമാനിച്ചു. അമേരിക്ക ഗൂഢാലോചനയിലൂടെ സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ പുറത്താക്കി. എന്നാലിത് 1970ലെ പാകിസ്താനല്ല, പുതിയ പാകിസ്താനാണെന്നും ഇമ്രാന്‍ പറഞ്ഞു.

അതേസമയം കോടതിക്കെതിരായ ഇമ്രാന്റെ പ്രസ്താവനകളെ വിമര്‍ശിച്ച് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പിഎംഎല്‍ (നവാസ് വിഭാഗം) നേതാവ് അഹ്സാന്‍ ഇഖ്ബാല്‍ തുടങ്ങിയവര്‍ രംഗത്തെത്തി. ഭരണഘടനാ ലംഘനം നടന്നുന്നതു കൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടിവന്നതെന്ന് ഇരുവരും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.