ബഹിരാകാശത്ത് 183 ദിവസം; ചൈനീസ് യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി

ബഹിരാകാശത്ത് 183 ദിവസം; ചൈനീസ് യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി

ബീജിങ്: ചൈനയുടെ എറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മൂന്നു യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി. ചൈനീസ് ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങിലെ 183 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് രണ്ട് പുരുഷന്‍മാരും ഒരു വനിതയുമടങ്ങുന്ന സംഘം മടങ്ങിയത്. ശനിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 10-ന് മുമ്പായാണ് വാങ് യാപിങ്, ഷായ് ഷിഗാങ്, യി ഗുവാങ്ഫു എന്നിവരെ വഹിച്ച് ഷെന്‍ഷോവ്-13 പേടകം ഭൂമിയിലെത്തിയത്. ബഹിരാകാശ നടത്തത്തില്‍ പങ്കെടുത്ത ആദ്യ ചൈനീസ് വനിതയെന്ന നേട്ടം 42കാരിയായ വാങ് യാപിങ് സ്വന്തമാക്കി.

ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശനിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവര്‍ കഴിഞ്ഞ ഒക്ടോബറില്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. നിലയത്തിന്റെ പ്രധാന ഭാഗമായ ടിയാങ് കോര്‍ മോഡ്യൂളിലാണ് ആറ് മാസം ചെലവഴിച്ചത്. 2008-ല്‍ ചൈനയുടെ ആദ്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ഷെന്‍ഷോവ്-13ന്റെ മിഷന്‍ കമാന്‍ഡറും മുന്‍ യുദ്ധവിമാന പൈലറ്റുമായ ഷായ് ഷിഗാങ്. യി ഗുവാങ്ഫു ലിബറേഷന്‍ ആര്‍മിയുടെ പൈലറ്റാണ്.

കഴിഞ്ഞ ഒക്ടോബറിലാണ് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗോബി മരുഭൂമിയില്‍ നിന്ന് ഷെന്‍ഷോവ്-13 വിക്ഷേപിച്ചത്. ബഹിരാകാശത്ത് അമേരിക്കയുടെ പ്രധാന എതിരാളിയായി മാറാനുള്ള തീവ്രശ്രമത്തിലാണ് ചൈന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.