ലക്ഷങ്ങളുടെ കടബാധ്യതയിൽ കർഷകർ; സംസ്ഥാനത്ത് നെല്‍ കര്‍ഷകര്‍ക്കുള്ള പ്രൊഡക്ഷന്‍ ബോണസ് മൂടങ്ങിയിട്ട് മൂന്ന് കൊല്ലം

ലക്ഷങ്ങളുടെ കടബാധ്യതയിൽ കർഷകർ;  സംസ്ഥാനത്ത് നെല്‍ കര്‍ഷകര്‍ക്കുള്ള പ്രൊഡക്ഷന്‍ ബോണസ് മൂടങ്ങിയിട്ട് മൂന്ന് കൊല്ലം

പത്തനംതിട്ട: സംസ്ഥാനത്ത് നെല്‍ കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും സമയബന്ധിതമായി നല്‍കുന്നില്ല. കൃഷി പ്രോത്സാഹിക്കാന്‍ പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ബോണസ് മൂടങ്ങിയിട്ട് മൂന്ന് കൊല്ലം കഴിഞ്ഞു. സേവന വേതന വ്യവസ്ഥ നിശ്ചയിക്കാനുള്ള ഐആര്‍സി യോഗം ചേരാത്തതോടെ ഇടനിലക്കാരുടെ ചൂഷണത്തിരയാവുകയാണ് കര്‍ഷകര്‍.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി മടുത്തവരാണ് കര്‍ഷകര്‍. നെല്‍ വിത്തിനുള്ള സബ്‌സിഡി മുതല്‍ നെല്ല് സംഭരണം വരെയുള്ള ആനൂകൂല്യങ്ങള്‍ക്ക് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഏക്കറിന് 1000 രൂപയാണ് പ്രൊഡക്ഷന്‍ ബോണസായി നിലവില്‍ നല്‍കുന്നത്.

2018 ലെ മഹാപ്രളയത്തിന് ശേഷം നാളിതുവരെ കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും കര്‍ഷകര്‍ക്ക് പ്രൊഡക്ഷന്‍ ബോണസ് കിട്ടിയിട്ടില്ല. വെള്ളം പമ്പ് ചെയ്യാന്‍ പാടശേഖര സമിതികള്‍ക്ക് പമ്പിങ്ങ് സബ്‌സിഡി ഇനത്തില്‍ ഏക്കറിന് 1800 രൂപ വീതം നല്‍കിയിരുന്നതും മുടങ്ങി. പലയിടത്തും കർഷകർക്ക് പാടശേഖരങ്ങള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതയാണുള്ളത്.

ഓരോ കൃഷിയ്ക്ക് മുമ്പും കര്‍ഷക തൊഴിലാളികളുടെ കൂലി, നെല്ല് കയറ്റി ഇറക്ക് കൂലി, കൊയ്ത്ത് യന്ത്രങ്ങളുടെ ചെലവ് തുടങ്ങിയവയുടെ ഏകീകൃത പട്ടികയുണ്ടാക്കാനാണ് കുട്ടനാട് ഇന്‍ഡസ്ട്രീയല്‍ റെഗുലേഷന്‍ കമ്മിറ്റി രൂപീകരിച്ചത്. വി എസ് അച്യുതാനന്ദനും കെ ആര്‍ ഗൗരിയമ്മയും അടക്കം അധ്യക്ഷരായിരുന്ന ഐആര്‍സിയാണ് നിലവില്‍ നാഥനില്ലാതെ കിടക്കുന്നത്. ഇതോടെ ഇടനിലക്കാര്‍ പിടിമുറുക്കി.

നിലവിലെ കുട്ടനാട്ടിലെ കൂലി ചെലവ് കര്‍ഷകന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്. വെള്ളത്തിൽ നിന്ന് നെല്ല് കയറ്റണമെങ്കില്‍ കിന്റലിന് 40 രൂപ, വെള്ളത്തിൽ നിന്ന് ഇറക്കി വണ്ടിയില്‍ കയറ്റാന്‍ കിന്റലിന് 35 രൂപ, ചുമട്ട് കൂലി കിന്റലിന് 120 മുതല്‍ 200 വരെ. പലയിടങ്ങളിലായി ഒരു കിന്റലിന് നെല്ലിന് കര്‍ഷകന്‍ കൊടുക്കേണ്ടി വരുന്നത് 350 മുതല്‍ 500 രൂപ വരെ. തൊഴിലാളികളും വളവും കീടനാശിനിയും അടക്കം കൃഷി ചെലവ് വേറെ. എല്ലാം കഴിഞ്ഞ് ഒരു കിന്റല്‍ നെല്ലിന് കിട്ടുന്നത് 2748 രൂപ. കഴിഞ്ഞ 21 കൊല്ലമായി ക‍ര്‍ഷകന് കൈകാര്യ ചെലവ് ഇനത്തില്‍ കിട്ടുന്നത് കിന്റലിന് 12 രൂപ മാത്രം.

കാലാവസ്ഥ പ്രതികൂലമായതോടെ നനഞ്ഞ നെല്ല് സംഭരിക്കാന്‍ മില്ല് ഉടമകളും തയ്യാറല്ല. പതിനേഴ് ശതമാനത്തിലധികം നനവ് ഉണ്ടെങ്കില്‍ ഒരോ കിന്റിലിനും ഒരു കിലോ വീതം കിഴിവ് എടുക്കും. അങ്ങനെ ചൂഷണങ്ങള്‍ക്കെല്ലാം ഒടുവില്‍ ലാഭമെന്നത് പേരിന് പോലുമില്ലാത്ത നിലയിലാണ് ഇന്ന് കര്‍ഷകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.