മെല്‍ബണ്‍: മെൽബൺ സീറോ മലബാർ രൂപതക്ക് ഇത് സന്തോഷ നിമിഷം. രൂപത വളർച്ചയുടെ പടവുകൾ കയറി മുന്നേറുന്നതിനിടെ തങ്ങളുടെ ആത്മീയ കാര്യങ്ങൾക്ക് ഉണർവ് നൽകാൻ ആവശ്യമായി മാറിയ രൂപത പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ (സാൻതോം ഗ്രോവ്) ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷമാണ് ഉദ്ഘാടന കർമങ്ങളിലേക്ക് കടന്നത്. സാൻതോം ഗ്രോവിന്റെ ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിർവഹിച്ചു.

മാർ റാഫേൽ തട്ടിൽ സംസാരിക്കുന്നു
മെൽബൺ സീറോ മലബാർ രൂപത കുറഞ്ഞ കാലങ്ങൾക്കുള്ളിൽ മനോഹരമായി വളർന്ന് വരുകയാണെന്ന് മേജർ ആർച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ദിവ്യബലിക്കിടെ നൽകിയ സന്ദേശത്തിൽ പറഞ്ഞു. കേരളത്തിൽ നിന്ന് പ്രത്യേകിച്ച് മലബാറിൽ നിന്ന് ഓസ്ട്രേലിയയിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ്. നീതിക്ക് വേണ്ടി ദാഹിക്കുന്നവർ ഭാഗ്യവന്മാരെന്ന് വിശുദ്ധ പത്രോസ് സ്ലീഹാ പറയുന്നുണ്ട്. നീതിക്ക് വേണ്ടി നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബാക്കിയെല്ലാം ദൈവം നോക്കിക്കോളും. നീതിയെന്നത് ദൈവത്തിനും ദൈവ ജനത്തിനും കൊടുക്കേണ്ട നമ്മുടെ ഉത്തരവാദിത്വമാണ്. കുടുംബ ജീവിതക്കാർ ദൈവത്തോടും കുടുംബത്തോടും സമൂഹത്തോടും ഉത്തരവാദിത്വം നിർവഹിക്കുന്നതാണ് നീതിയെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ഉച്ചക്ക് രണ്ട് മണിയോടെ വെഞ്ചിരിപ്പ് കർമം ആരംഭിച്ചു. സീറോ മലബാർ യൂത്ത് മൂവ്മെന്റ് അംഗങ്ങൾ ഈശ്വര പ്രാർത്ഥനക്ക് നേതൃത്വം നൽകി. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാഗത പ്രസംഗം നടത്തി. മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങിൽ അധ്യക്ഷനായി.

ഉദ്ഘാടനം നിർവഹിക്കുന്നു
ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലും ഏറ്റവും വേഗത്തിൽ വളരുന്ന കത്തോലിക്കാ സഭകളിലൊന്ന് സീറോ മലബാർ സഭയാണെന്ന് മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു. സമൂഹം വളരുന്നതിനൊപ്പം ആത്മീയമായും സാമൂഹികമായും സാംസ്കാരികമായും വളരേണ്ടതുണ്ട്. അതിന് സഹായകരമാകുന്നതാണ് പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ. പതിനൊന്ന് വർഷത്തെ നമ്മുടെ പ്രാർത്ഥനക്കാണ് ദൈവം ഇപ്പോൾ ഉത്തരം നൽകിയിരിക്കുന്നത്. അതിനാൽ നാം ദൈവത്തിന്റെ കരുണക്ക് നന്ദി പറയണം. പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ നമ്മുടെ യുവാക്കൾക്ക് ഇത് വളരെയധികം ഗുണം ചെയ്യുമെന്നും മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു. കുടിയേറ്റക്കാരായി ഒരു റിസോഴ്സ് സെന്റർ, ലൈബ്രറി, കൗൺസലിങ് സെന്റർ എന്നിവ നമ്മുടെ മനസിലുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, എപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ഡോ. സുശീൽ കുമാർ, പല്ലോട്ടി കോളജ് ചെയർമാൻ ഗാവിൻ റോഡറിക്, എംപി ഇവാൻ വാൾട്ടേഴ്സ് തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു. ഫിനാൻസ് ഓഫിസർ ഡോ. ജോൺസൺ ജോർജ് നന്ദി പ്രകാശനം നടത്തി.
ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോ മലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, മെൽബൺ സീറോ മലബാർ രൂപതയിലെ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എം.പിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
മെൽബൺ സിറ്റിയിൽ നിന്നും 60 കിലോമീറ്റർ അകലെ യാര റേഞ്ചസ് നാഷണൽ പാർക്കിനടുത്തുള്ള വെസ്‌ബേൺ എന്ന സ്ഥലത്തെ 200 ഏക്കർ സ്ഥലമാണ് രൂപതയുടെ പാസ്റ്ററൽ ആൻഡ് കമ്മ്യുണിറ്റി റിസോഴ്‌സ് സെന്ററിനായി സ്വന്തമാക്കിയത്.

സൗത്ത് ഈസ്റ്റിൽ പണിപൂർത്തിയായ ദേവാലയം യാരാ വാലി വൈനറി റിജീയണിനു തൊട്ടടുത്തായി പല്ലോട്ടി കോളജ് എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് ഏകദേശം 7857 സ്‌ക്വയർ മീറ്റർ ഏരിയയിൽ 69 മുറികളും ചാപ്പലും അനുബന്ധ സൗകര്യങ്ങളും ഉണ്ട്. രൂപതാ തലത്തിൽ നടത്തുന്ന വിവിധ ധ്യാനങ്ങൾക്കും കോൺഫറൻസുകൾക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകൾക്കും ഈ സ്ഥലം പ്രയോജനം ചെയ്യും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.