യുദ്ധം: വിലക്കയറ്റം രൂക്ഷമാകും; ലോകത്ത് അഞ്ചിലൊരാള്‍ പട്ടിണിയിലേക്കെന്ന് ഐക്യരാഷ്ട്ര സഭ

യുദ്ധം: വിലക്കയറ്റം രൂക്ഷമാകും; ലോകത്ത് അഞ്ചിലൊരാള്‍ പട്ടിണിയിലേക്കെന്ന് ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള ആഗോള പ്രതിസന്ധി ലോകത്ത് അഞ്ചിലൊരാളെ പട്ടിണിയിലേക്ക് തള്ളിവിട്ടേക്കാമെന്ന് ഐക്യരാഷ്ട്ര സഭ. ഇത്തരത്തില്‍ 107 കോടിയോളം പേര്‍ പട്ടിണിയിലാവുമെന്നാണ് കരുതപ്പെടുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

യുദ്ധം ഉക്രെയ്‌നെ മാത്രമല്ല അതിര്‍ത്തികള്‍ക്കപ്പുറമുള്ള വികസ്വര രാജ്യങ്ങളെയും ബാധിക്കും. ധാന്യക്കയറ്റുമതിയെയും വിതരണ ശൃംഖലകളെയും തകര്‍ക്കും. വിലക്കയറ്റം രൂക്ഷമാകും. ധനികരെ വീണ്ടും ധനികരും പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരുമാക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും ചെക്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുട്ടെറസ് പറഞ്ഞു.

ഉക്രെയ്ന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക ഭക്ഷ്യപദ്ധതി, ലോക വ്യാപാരസംഘടന എന്നിവ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.

ഇതിനിടെ മരിയൊപോളിലുള്‍പ്പെടെ യുദ്ധം രൂക്ഷമായ നഗരങ്ങളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതില്‍ റഷ്യയും ഉക്രെയ്‌നും തുടര്‍ച്ചയായ രണ്ടാം ദിവസവും ധാരണയിലെത്തിയില്ല. കഴിഞ്ഞ ദിവസം ഉക്രെയ്‌ന്റെ ആയുധപ്പുരകളില്‍ ഉള്‍പ്പെടെ 315 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് റഷ്യ അവകാശപ്പെട്ടു. കിഴക്കന്‍ നഗരമായ ക്രെമിന്ന റഷ്യ പിടിച്ചെടുത്തതായി ലുഗാന്‍സ്‌ക് മേഖല ഗവര്‍ണര്‍ പറഞ്ഞു.

പടിഞ്ഞാറന്‍ നഗരമായ ലിവീവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അഞ്ചു മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്ന് മേയര്‍ അന്‍ഡ്രി സഡോവി പറഞ്ഞു.

ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇനിയും വ്യോമാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആരും പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഖാര്‍കിവ്, കീവ്, ഖേര്‍സണ്‍ തുടങ്ങിയ പട്ടണങ്ങള്‍ തകര്‍ന്നതോടെ ഇവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെപ്പേരാണ് ലിവീവില്‍ അഭയം പ്രാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.