കീവ്: റഷ്യന്‍ അധിനിവേശം തുടങ്ങി 55-ാം ദിവസം ഉക്രെയ്ന്‍ നഗരങ്ങളില്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി റഷ്യ. രണ്ടിടങ്ങളിലായി 10 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ നഗരമായ ലവിവിലുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റീജിയണല്‍ ഗവര്‍ണര്‍ മാക്‌സിം കൊസിസ്റ്റ്കി പറഞ്ഞു. എട്ട് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് മിസൈലുകളാണ് ഇവിടെ പതിച്ചത്.
കീവിലും ഹര്‍കീവിലുമായി മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിപ്രോപെട്രോവ്‌സ്‌ക് നഗരത്തിലും മിസൈലാക്രമണമുണ്ടായി. നിരവധി മിസൈലുകള്‍ ഉക്രെയ്ന്‍ പ്രതിരോധ സൈന്യം തകര്‍ത്തതായി നിപ്രോപെട്രോവ്‌സ്‌ക് ഗവര്‍ണര്‍ വലെന്റൈന്‍ രസ്‌നിഷെങ്കോ അവകാശപ്പെട്ടു.
ഡോണ്‍ബാസ് ഉള്‍പ്പെടെ കിഴക്കന്‍ മേഖലയിലും റഷ്യ ആക്രമണം അഴിച്ചു വിടുകയാണ്. തന്ത്രപ്രധാന സൈനികകേന്ദ്രങ്ങളില്‍ ബോംബാക്രമണം രൂക്ഷമാണ്. സപോറീഷ, ഡോനെട്‌സ്‌ക്, നിപ്രോപെട്രോവ്‌സ് മേഖലകളിലും മിക്കലയേവ് തുറമുഖത്തും റഷ്യന്‍ ആക്രമണം തുടരുകയാണ്.
അതേസമയം തുറമുഖനഗരമായ മരിയുപോളില്‍ റഷ്യയ്ക്ക് അധിനിവേശം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ശക്തമായ ചെറുത്തുനില്‍പ്പാണ് ഉക്രെയ്ന്‍ ഇവിടെ നടത്തുന്നത്. കീഴടങ്ങിയില്ലേല്‍ കനത്ത നാശമായിരിക്കും മരിയുപോളില്‍ ഉണ്ടാകുകയെന്ന് റഷ്യ അന്ത്യശാസനം നല്‍കി. കീഴടങ്ങിയാല്‍ സൈനികരുടെ ജീവന്‍ സുരക്ഷിതമായിരിക്കുമെന്നും അല്ലാത്തപക്ഷം പ്രതിരോധിക്കാന്‍ സൈനീകര്‍ ആരും ഉണ്ടാകില്ലെന്നുമാണ് റഷ്യയുടെ മുന്നറിയിപ്പ്.
മരിയുപോളിലെ ഭീമന്‍ സ്റ്റീല്‍ പ്ലാന്റായ അസോവ്സ്റ്റലിലെ ഭൂഗര്‍ഭപാതക്കുള്ളില്‍ നിലയുറപ്പിച്ച 2500 ഉക്രെയ്ന്‍ സൈനികര്‍ മാത്രമാണ് തങ്ങളെ പ്രതിരോധിക്കാന്‍ അവശേഷിക്കുന്നതെന്നാണ് റഷ്യയുടെ കണക്കുകൂട്ടല്‍. പ്രതിരോധം തുടര്‍ന്നാല്‍ തകര്‍ത്തുകളയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുകയാണ്.
എന്നാല്‍ ആയിരത്തോളം സാധാരണ ജനങ്ങളും മരിയുപോളിലെ ഭൂഗര്‍ഭപാതയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാണരക്ഷാര്‍ത്ഥം അവര്‍ ഇവിടെ അഭയം തേടിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഇതിലുണ്ട്.
അതേസമയം അമേരിക്ക വാഗ്ദാനം ചെയ്ത 800 ദശലക്ഷം ഡോളറിന്റെ സൈനിക സഹായ പാക്കേജിന്റെ ആദ്യ ഘട്ടം ഉക്രെയ്‌നില്‍ എത്തി. ഹെലികോപ്റ്ററുകള്‍, ഹോവിറ്റ്‌സറുകള്‍, കവചിത പേഴ്‌സണല്‍ കാരിയറുകള്‍ എന്നിവയുള്‍പ്പെടെ ഉപകരണങ്ങളാണ് എത്തിയിരിക്കുന്നത്.
ഉക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ചൊവ്വാഴ്ച സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫെബ്രുവരി 24നു റഷ്യന്‍ ആക്രമണം തുടങ്ങി ഇതുവരെ 48.36 ലക്ഷം ഉക്രെയ്ന്‍കാര്‍ രാജ്യം വിട്ടതായാണ് യുഎന്‍ കണക്കാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.