ഓരോ നേരത്തെ പാചകവും പാത്രങ്ങളും അടുക്കള വൃത്തിയാക്കലും ഭാരിച്ച ജോലി തന്നെയാണ്. അതിനാല്‍ മിക്കവാറും വൈകുന്നേരങ്ങളിലെ സ്നാക്സ് പുറത്തു നിന്ന് വാങ്ങാറാണ് പതിവ്.
എന്ത് ഭക്ഷണമായാലും അത് നമ്മള്‍ വീട്ടില്‍ പാകം ചെയ്യുമ്പോഴുള്ള ആരോഗ്യസുരക്ഷയും രുചിയും വൃത്തിയും ഒന്നു വേറെ തന്നെയാണ്. എന്നാല്‍ സ്നാക്സിന് വേണ്ടി അടുക്കളയില്‍ ഏറെ നേരെ ചെലവിടാന്‍ അധികം ആളുകള്‍ക്കും മടിയാണ്.
അത്തരക്കാര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഉരുളക്കിഴങ്ങ് വച്ചുള്ള ഒരു സ്നാക്ക് റെസിപി നോക്കാം. പാചകത്തില്‍ വലിയ 'എക്സ്പീരിയന്‍സ്' ഇല്ലാത്തവര്‍ക്ക് പോലും ആത്മവിശ്വാസത്തോടെ തയ്യാറാക്കാവുന്ന വിഭവമാണ് ഉരുളക്കിഴങ്ങ് വച്ചുള്ള 'പൊട്ടാറ്റോ റിംങ്സ്'.
പേര് കേള്‍ക്കുന്നത് പോലെ തന്നെ ഉരുളക്കിഴങ്ങ് 'റിംങ്' പരുവത്തില്‍ ആക്കി പൊരിച്ചെടുക്കുന്നതാണ് ഈ സ്നാക്ക്. എന്നാലിത് വെറുതെ ഉരുളക്കിഴങ്ങ് മാത്രം പൊരിച്ചെടുക്കുകയല്ല ചെയ്യുന്നത്. ആദ്യം ഇതിനായി വേണ്ട ചേരുവകള്‍ എന്തെല്ലാമാണെന്ന് അറിയാം.
ചേരുവകള്‍...
ഉരുളക്കിഴങ്ങ് - രണ്ടെണ്ണം വേവിച്ച് ഉടച്ചത്
റവ - കാല്‍ കപ്പ്
ചില്ലി ഫ്ളേക്സ് - ഒരു ടീസ്പൂണ്‍
ഒറിഗാനോ - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി - അഞ്ച് ചെറിയ അല്ലി, ചെറുതാക്കി മുറിച്ചതോ ചതച്ചതോ
ഉപ്പ് - ആവശ്യത്തിന്
ബട്ടര്‍ - ആവശ്യത്തിന്
കോണ്‍ഫ്ളവര്‍ - ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി...
ആദ്യം ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്‍പം ബട്ടര്‍ ചേര്‍ത്ത ശേഷം ചില്ലി ഫ്ളേക്സ്, ഒറിഗാനോ, വെളുത്തുള്ളി എന്നിവ ചേര്‍ക്കാം. ഇതൊന്ന് പാകമായി വരുമ്പോള്‍ ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് തിളപ്പിക്കണം. വെള്ളം തിളച്ചുവരുമ്പോള്‍ റവ ചേര്‍ക്കാം. റവ വെള്ളത്തില്‍ ഒന്ന് മുങ്ങി വെന്ത് വരുമ്പോള്‍ തീ കെടുത്തി ഇത് തണുക്കാന്‍ വയ്ക്കാം.
ഇത് തണുത്ത ശേഷം ഇതിലേക്ക് വേവിച്ച് ഉടച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവിന്റെ പരുവമാക്കിയെടുക്കാം. ഇനി ഈ മാവ് പരത്തി ഒരു കട്ടര്‍ ഉപയോഗിച്ച് റിംങ് ഘടനയില്‍ മുറിച്ചെടുക്കുകയോ അല്ലെങ്കില്‍ കൈകൊണ്ട് തന്നെ നീളത്തില്‍ ഉരുട്ടി അതിനെ യോജിപ്പിച്ച് റിംങ് ഘടനയിലാക്കിയെടുക്കുകയോ ചെയ്യാം.
ഇനി ഈ റിംങുകള്‍ ഓരോന്നായി അല്‍പം കോണ്‍ഫ്‌ളവര്‍ കൂടി വിതറിയ ശേഷം എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കാം. ഇഷ്ടമുള്ള ഡിപ്പുകളും ചേര്‍ത്ത് ചൂടോടെ തന്നെ പൊട്ടാറ്റോ റിംങ്സ് കഴിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.