തലശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനി അഭിഷിക്തനായി

തലശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനി അഭിഷിക്തനായി

തലശേരി: തലശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയന്‍. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മാര്‍ ജോസഫ് പാംപ്ലാനി തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. നിരവധി മെത്രാന്‍മാരേയും നൂറ് കണക്കിന് വൈദീകരേയും സന്യസ്തരേയും ആയിരക്കണക്കിന് വിശ്വാസികളേയും സാക്ഷിയാക്കി നടന്ന ഭക്തി നിര്‍ഭരമായ ചടങ്ങിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു.

തലശേരി അതിരൂപതയുടെ നാലാമത്തെ മെത്രാനായാണ് മാര്‍ ജോസഫ് പാംപ്ലാനി ചുമതലയേറ്റത്. തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. ചടങ്ങുകള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു.


നിയുക്ത മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ മെത്രാന്‍മാരും വൈദികരും ഘോഷയാത്രയായാണ് ചടങ്ങ് നടക്കുന്ന വേദിയിലേക്കെത്തിയത്. മാര്‍ ജോസഫ് പാംപ്ലാനിയെ മെത്രാപ്പോലീത്തയായി നിയമിച്ചു കൊണ്ടുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കത്ത് അതിരൂപതാ ചാന്‍സലര്‍ വായിച്ചു.

നിയുക്ത മെത്രാപ്പോലീത്ത സഭാ തലവന്റെ മുന്‍പാകെ മുട്ടുകുത്തി അനുഗ്രഹം യാചിച്ചു. പ്രാര്‍ത്ഥനയെ തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അംശ വടിയും മുടിയും ധരിപ്പിച്ചു. തുടര്‍ന്ന് മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശേരി രൂപതയുടെ മുന്‍ മെത്രാപ്പോലീത്തമാരായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. സിറോ മലങ്കര സഭയുടെ തലവന്‍ മോറാന്‍ മോര്‍ ബസേലിയസ് ക്ലിമീസ് വചന സന്ദേശം നല്‍കി.

മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിനൊപ്പം വിരമിക്കുന്ന മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് യാത്രയയപ്പും ഇന്ന് നല്‍കും. പൊതുസമ്മേളനം 11.30-ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും.


കുടിയേറ്റക്കാരുടെ അതിരൂപതയ്ക്ക് കുടിയേറ്റക്കാരുടെ ഇടയനെ ലഭിച്ചുവെന്ന ആഹ്ലാദത്തിലാണ് മലയോര ജനത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ താമസിക്കുന്ന മൂന്നു ലക്ഷത്തോളം വിശ്വാസികളെ ഉള്‍ക്കൊള്ളുന്നതാണ് തലശേരി അതിരൂപത. ബൈബിള്‍, ദൈവശാസ്ത്ര പണ്ഡിതനായ മാര്‍ ജോസഫ് പാംപ്ലാനി രാഷ്ട്രീയം, മതം, വര്‍ഗീയത തുടങ്ങി ഏത് വിഷയത്തിലും കൃത്യമായ നിലപാടും വീക്ഷണവുമുള്ള ബിഷപ്പാണ്.

ഇരിട്ടിക്കടുത്ത് ചരള്‍ ഇടവകയിലെ പാംപ്ലാനിയില്‍ പരേതനായ പി.ഡി.തോമസ് -പേരൂക്കുന്നേല്‍ മേരി ദമ്പതിമാരുടെ ഏഴുമക്കളില്‍ അഞ്ചാമനായി 1969 ഡിസംബര്‍ മൂന്നിനാണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ജനനം. ചരള്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, കിളിയന്തറ സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പാസായി.


1988 ഓഗസ്റ്റ് 14-ന് തലശേരി മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്ന അദ്ദേഹം ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കി. 1997 ഡിസംബര്‍ 30ന് തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് മാര്‍ ജോര്‍ജ് വലിയമറ്റത്തില്‍ നിന്ന് പൗരോഹിത്യവും സ്വീകരിച്ചു. 2006 മുതല്‍ അതിരൂപതയിലെ അപ്പോസ്തലേറ്റ്, ആല്‍ഫ സെന്റര്‍ ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം തന്റെ സേവനം കാഴ്ചവെച്ചിട്ടുണ്ട്. ബെല്‍ജിയത്തിലെ ലെവെനിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ വൈദികനാകാനുള്ള മകന്റെ ആഗ്രഹം ദൈവം കണ്ടറിഞ്ഞ് സാധിച്ചുവെന്ന അമ്മ മേരിയുടെ വാക്കുകളാണ് ദൈവസന്നിധിയിലേക്കുള്ള മാര്‍ ജോസഫ് പാംപ്ലാനിയുടെ വരവിനെ കൂടുതല്‍ കുരുത്തുറ്റതാക്കിയത്. കുട്ടി ആയിരിക്കുമ്പോള്‍ തന്നെ വെള്ള മുണ്ട് ചുറ്റി താന്‍ അച്ചനായി എന്ന് നിഷ്‌ക്കളങ്കമായി വിളിച്ചു പറഞ്ഞ് മുറിക്കുള്ളിലൂടെ ഓടി നടക്കുന്ന മകന്‍ അമ്മയുടെ ഓര്‍മയില്‍ ഇന്നും കുസൃതിക്കാരനായ കൊച്ചു മകനാണ്.


അദ്ദേഹത്തിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നത് പോലും ദൈവ നിയോഗമായി കാണുകയാണ് പാംപ്ലാനി കുടുംബാഗങ്ങളും നാട്ടുകാരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.