ഇമ്മാനുവല്‍ മാക്രോണോ മരീനയോ? നാളെയറിയാം ഫ്രാന്‍സിനെ ആരു നയിക്കുമെന്ന്

ഇമ്മാനുവല്‍ മാക്രോണോ മരീനയോ? നാളെയറിയാം ഫ്രാന്‍സിനെ ആരു നയിക്കുമെന്ന്

പാരീസ്: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പ് നാളെ നടക്കും. നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി മരീന്‍ ലെ പെന്നും തമ്മിലാണ് മത്സരം.

എപ്രില്‍ പത്തിന് 12 പേര്‍ മത്സരിച്ച ആദ്യവട്ട വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിനു മുകളില്‍ വോട്ട് നേടാനാകാത്തതിനാലാണു രണ്ടാംഘട്ടം വേണ്ടിവന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മാക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനവും വോട്ട് ലഭിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥി ജീന്‍-ലുക് മെലാന്‍ഷോണ്‍ 22 ശതമാനം വോട്ട് നേടി മൂന്നാമതെത്തി. രണ്ടാം ഘട്ടത്തില്‍ ഇവരുടെ പിന്തുണ മാക്രോണ്‍ ഉറപ്പാക്കിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ ഫ്രാന്‍സിനെ നയിക്കുന്നത് ആരാണെന്ന് നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. അതിനാല്‍ ലോകം ഏറെ ആകാംക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കികാണുന്നത്. 48.7 ദശലക്ഷം പേര്‍ രണ്ടാം ഘട്ടത്തിലും വോട്ട് രേഖപ്പെടുത്തും. മേയ് 13 ന് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.

ഇമ്മാനുവല്‍ മാക്രോണും മരീന്‍ ലെ പെന്നും നേരിട്ട് ഏറ്റുമുട്ടുന്നതോടെ 2017ലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനത്തിനാണ് വഴിയൊരുങ്ങുന്നത്. ജനവിധി അനുകൂലമായാല്‍ 20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോണ്‍. അതായത് ജയിച്ചാല്‍ 2002-ല്‍ ജാക്വസ് ഷിറാക്കിനു ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോണ്‍. മരീന്‍ ലെ പെന്‍ വിജയിച്ചാല്‍ ഫ്രാന്‍സില്‍ പ്രസിഡന്റാകുന്ന ആദ്യ സ്ത്രീയാകും അവര്‍.

ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയെ തുടര്‍ന്നുള്ള സാഹചര്യം വോട്ടെടുപ്പില്‍ പ്രതിഫലിക്കും. യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥത ശ്രമങ്ങളില്‍ മുന്‍നിരയില്‍ മാക്രോണുമുണ്ടായിരുന്നു. വൈദ്യുതി വില കുതിച്ചുയരുന്നതും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് തെരഞ്ഞെടുപ്പിലെ വിഷയങ്ങള്‍. രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. യൂറോപ്പിലെ ശക്തനായ നേതാവെന്ന പ്രതിച്ഛായ ഗുണമാകുമെന്നാണ് മാക്രോണിന്റെ പ്രതീക്ഷ.

അതേസമയം, അഭിപ്രായ സര്‍വേകളുടെ ആദ്യ ഘട്ടത്തില്‍ മുന്നിലായിരുന്ന മക്രോണിനു ജനപിന്തുണ ക്രമേണ കുറഞ്ഞു വരുന്നതായാണു കാണിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലും ഫ്രാന്‍സ് തുടരുന്നതില്‍ എതിര്‍പ്പുള്ളയാളാണ് ലെ പെന്‍. നിലവില്‍ മാക്രോണിന് നേരിയ മുന്‍തൂക്കമാണ് സര്‍വേകള്‍ കാണിക്കുന്നത്.

ഇത് മൂന്നാം തവണയാണ് മരീന്‍ ലെ പെന്‍ (53) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അവര്‍ വിജയിക്കുകയാണെങ്കില്‍ ഫ്രഞ്ച് ഭരണത്തില്‍ അടിമുടി മാറ്റത്തിനു വഴിതെളിയും.

സമീപ വര്‍ഷങ്ങളില്‍ യൂറോപ്പിലുടനീളം തീവ്ര വലതുപക്ഷ വികാരം വ്യാപിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം, അഭയാര്‍ത്ഥി പ്രതിസന്ധികള്‍, സാമ്പത്തിക വെല്ലുവിളികള്‍, കോവിഡ് വ്യാപനം, തീവ്രവാദ ആക്രമണങ്ങള്‍ തുടങ്ങിയവയെല്ലാം വോട്ടര്‍മാരെ വലതുപക്ഷ നയങ്ങളിലേക്ക് അടുപ്പിച്ചിട്ടുണ്ട്.

പൊതുസ്ഥലത്ത് ഹിജാബ് ധരിച്ചാല്‍ പിഴ ഈടാക്കുന്ന നിയമം കൊണ്ടുവരുമെന്ന മരീന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രചാരണ വേളയില്‍ കുടിയേറ്റ വിരുദ്ധ നിലപാടില്‍ അവര്‍ മയം വരുത്തിയിരുന്നു. പകരം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിലാണ് ഊന്നല്‍ നല്‍കിയത്. ഈ മാറ്റം അവര്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കിയെന്നും രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.

തീവ്രവാദ ആക്രമണങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന പ്രധാന യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. അതിനാല്‍ ഇരു നേതാക്കളും തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

അവസാന സര്‍വേയില്‍ നിലവിലെ പ്രസിഡന്റും എതിര്‍ സ്ഥാനാര്‍ഥിയുമായ ഇമ്മാനുവല്‍ മക്രോണുമായുള്ള അകലം ലെ പെന്‍ കുറച്ചിരുന്നു. മാക്രോണിന് 54 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ലെ പെന്നിന് 46 ശതമാനമാണ് പിന്തുണ. രണ്ടാം റൗണ്ടിലും മാക്രോണ്‍-ലെ പെന്‍ ശക്തമായ മത്സരം നടക്കുമെന്നാണ് പ്രവചനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.