പെയിന്റിങുകള്‍ കൊണ്ട് പോരാട്ടം നടത്താന്‍ സാധിക്കുമോ. മറിച്ചൊന്ന് ആലോചിക്കാതെ ഉത്തരം നല്‍കാം സാധുക്കുമെന്ന്. കാരണം പെയിന്റിങ്ങിലൂടെ വലിയൊരു പോരാട്ടം നടത്തുകയാണ് അമേരിക്കന്‍ ഷൂ കമ്പനിയായ കണ്‍വേര്‍സ്. വായു മലിനീകരണത്തിനെതിരെയുള്ള പോരാട്ടമാണ് ഇത്.
വായു മലിനീകരണം തടയണം എന്ന് ലോകത്തിന്റെ പലയിടങ്ങളിലിരുന്ന് പലരും പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും നടത്താറുണ്ടെങ്കിലും പലതും കുടം കമഴ്ത്തി അതിന് മുകളില്‍ വെള്ളം ഒഴിക്കുന്നതിന് സമാനമാണ്. കാരണം മിക്കതും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നു.
എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു ആശയത്തിലൂടെ വായു മലിനീകരണത്തെ ചെറുക്കാനുള്ള പോരാട്ടം തുടരുകയാണ് കണ്‍വേര്‍സ് ഷൂ കമ്പനി. പതിമൂന്നോളം നഗരങ്ങളിലെ കലാകരന്മാരുമായി സഹകരിച്ചുകൊണ്ടാണ് കമ്പനിയുടെ പോരാട്ടം. പെയിന്റിങ്ങു കൊണ്ട് എങ്ങനെ വായു മലിനീകരരണത്തെ ചെറുക്കാന്‍ സാധിക്കും എന്നായിരിക്കും പലരും ചിന്തിക്കുക. എന്നാല്‍ ഇതൊന്നും വെറും പെയിന്റിങ്ങുകളല്ല. സ്‌മോഗ് ഈറ്റിങ് പെയിന്റിങ്ങുകളാണ് കൂറ്റന്‍ ചുമരുകളില്‍ നിറഞ്ഞിരിക്കുന്നത്. അതായത് വായുവിനെ ശുദ്ധീകരിക്കാന്‍ കെല്‍പുള്ള പ്രത്യേകതരം നിറക്കൂട്ടുകളാണ് ചിത്രങ്ങള്‍ക്കായി കലാകാരന്മാര്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ പെയിന്റിങ്ങിലൂടെ നടത്തുന്ന വായു മലിനീകരണത്തിനെതിരെയുള്ള പോരാട്ടം പദ്ധതിയുടെ പേര് കണ്‍വേര്‍സ് സിറ്റി ഫോറസ്റ്റ് എന്നാണ്. പദ്ധതിയുടെ ഭാഗമായി രണ്ട് ചിത്രങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒന്ന് പോളെണ്ടിലെ വാര്‍സയിലും മറ്റൊന്ന് ബാങ്കോക്കിലുമാണ്. നഗരത്തിന്റെ ഭംഗി കൂട്ടുന്നതിനോടൊപ്പം വായു ശുദ്ധീകരണത്തിന്റെ ഉപകരണങ്ങള്‍ കൂടിയായി മാറുകയാണ് ഈ പെയിന്റിങ്ങുകള്‍.
ഫോട്ടോകാറ്റലിറ്റിക് പെയിന്റുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ടൈറ്റാനിയം ഡൈഓക്‌സൈഡ് ആണ് ഇവയിലെ പ്രധാന ഘടകം. ഇവ മലിനീകരണമുണ്ടാക്കുന്ന ദോഷകരമായ വാതകങ്ങളെ നിരുപദ്രവകരമായ നൈട്രേറ്റുകളായും കാര്‍ബണേറ്റുകളായും മാറ്റുന്നു. ആഗോള തലത്തില്‍ പദ്ധതി ആവിഷ്‌കരിക്കാനാണ് കണ്‍വേര്‍സ് കമ്പനിയുടെ ആഗ്രഹവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.