മദ്യക്കുപ്പികള്‍ തിരികെ നല്‍കിയാല്‍ 10 രൂപ ഡിസ്‌കൗണ്ട്; ലക്ഷ്യം മൃഗ സംരക്ഷണം

മദ്യക്കുപ്പികള്‍ തിരികെ നല്‍കിയാല്‍ 10 രൂപ ഡിസ്‌കൗണ്ട്; ലക്ഷ്യം മൃഗ സംരക്ഷണം

നീലഗിരി: മദ്യക്കുപ്പികള്‍ തിരികെ നല്‍കിയാല്‍ 10 രൂപ ഡിസ്‌കൗണ്ട് നല്‍കണമെന്ന് തമിഴ്‌നാട് ഹൈക്കോടതി. നീലഗിരിയില്‍ വില്‍ക്കുന്ന മദ്യക്കുപ്പികള്‍ക്ക് പ്രത്യേക മുദ്ര പതിപ്പിക്കാനും കുപ്പികള്‍ തിരിച്ചു നല്‍കിയാല്‍ പത്ത് രൂപയുടെ കിഴിവ് നല്‍കാനുമാണ് തീരുമാനം. മദ്യപിക്കുന്നവര്‍ ഉപയോഗത്തിന് ശേഷം കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുകയും ഇവ ചവിട്ടി മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതും നിരീക്ഷിച്ചാണ് കോടതി നടപടി.

നീലഗിരിയില്‍ വിറ്റതാണെന്ന മുദ്ര പതിപ്പിച്ചിരിക്കണമെന്നാണ് കോടതി നിര്‍ദേശം. ഹൈക്കോടതി ജഡ്ജിമാരായ വി. ഭാരതി ദാസന്‍, എന്‍. സതീഷ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

പൊതു ഇടങ്ങളിലും കാട്ടിലും മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയാല്‍ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടാസ്മാക്) വിറ്റ കടകള്‍ കണ്ടെത്തുകയും മദ്യം വാങ്ങിയ ഉപഭോക്താക്കളുടെ പേരില്‍ കേസെടുക്കുകയും ചെയ്യും.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സെക്രട്ടറി എസ്.കെ. പ്രഭാകറാണ് നീലഗിരിയിലെ ടാസ്മാക് മാനേജിങ് ഡയറക്ടര്‍ക്കുള്ള പ്രത്യേക ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നീലഗിരി ജില്ലയിലെ ടാസ്മാക് മദ്യശാലകളില്‍ വില്‍ക്കുന്ന മദ്യ കുപ്പികള്‍ക്ക് 10 രൂപ അധികം ഈടാക്കുന്നുണ്ട്. ഒഴിഞ്ഞ കുപ്പികള്‍ മദ്യശാലകളില്‍ തിരികെ നല്‍കിയാല്‍ കുപ്പി ഒന്നിന് 10 രൂപ കിഴിവ് നല്‍കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.