കെ റെയില്‍: ഇപ്പോഴത്തെ ചര്‍ച്ച മര്യാദകേട്; എന്ത് വില കൊടുത്തും നടപ്പാക്കുമെന്നത് ഭീകര പ്രസ്താവനയെന്ന് ആര്‍.വി.ജി മേനോന്‍

കെ റെയില്‍: ഇപ്പോഴത്തെ ചര്‍ച്ച മര്യാദകേട്; എന്ത് വില കൊടുത്തും നടപ്പാക്കുമെന്നത് ഭീകര പ്രസ്താവനയെന്ന് ആര്‍.വി.ജി മേനോന്‍

തിരുവനന്തപുരം: കെ റെയില്‍ സംബന്ധിച്ച് ഇപ്പോള്‍ നടത്തുന്ന ചര്‍ച്ച മര്യാദകേടാണെന്ന് പദ്ധതിയെ എതിര്‍ത്ത് സംസാരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ആര്‍.വി.ജി മേനോന്‍.

മൂന്ന്, നാല് കൊല്ലം മുമ്പ് നടത്തേണ്ട ചര്‍ച്ചയാണിത്. ഞങ്ങള്‍ എല്ലാം തീരുമാനച്ചു കഴിഞ്ഞുവെന്നും എന്ത് വില കൊടുത്തും നടപ്പാക്കുമെന്നുമുള്ളത് ഭീകരമായ പ്രസ്താവനയാണ്. ഈ പ്രസ്താവന നടത്തിയിട്ട് ഇനി ചര്‍ച്ച നടത്താമെന്ന് പറയുന്നതില്‍ മര്യാദകേടുണ്ടെന്നും മേനോന്‍ ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ വിശദ വിവരങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് വ്യാപക ചര്‍ച്ച നടത്തണം. ഇത്തരം ആശയങ്ങള്‍ ആരുടെയും തലയില്‍ പൊട്ടിമുളക്കുന്നതല്ല. ജനങ്ങളുടെ ഇടയില്‍ നിന്ന് പലതരത്തിലുള്ള അഭിപ്രായങ്ങള്‍ പറയും. വിവിധ മേഖലകളില്‍ താല്‍പര്യമുള്ളവരും വൈധഗ്ദ്യമുള്ളവരും വിദേശ പദ്ധതികളില്‍ പ്രവര്‍ത്തിച്ചവരുമുണ്ട്.

ഇത്തരക്കാരുമായി വ്യാപക ആലോചനകള്‍ നടത്തി കേരളത്തിന്റെ റെയില്‍ വികസനത്തിന് ഉപയുക്തമായ പദ്ധതിയാണ് വേണ്ടതെന്ന് തീരുമാനിച്ച ശേഷമാണ് മുന്നോട്ടു പോകേണ്ടതെന്നും ആര്‍.വി.ജി മേനോന്‍ വ്യക്തമാക്കി.

വിവാദങ്ങള്‍ക്കിടെയാണ് കെ റെയില്‍ അധികൃതര്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച സംവാദം സംഘടിപ്പിച്ചത്. മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍, ഡോ.കുഞ്ചെറിയ പി. ഐസക്, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പദ്ധതിയെ അനുകൂലിച്ചും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ആര്‍.വി.ജി. മേനോന്‍ പദ്ധതിയെ എതിര്‍ത്തും സംസാരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.