റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം കീവില്‍ കൊല്ലപ്പെട്ടത് 1150 സാധാരണക്കാര്‍

റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം കീവില്‍ കൊല്ലപ്പെട്ടത് 1150 സാധാരണക്കാര്‍

കീവ്: റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍നിന്ന് കണ്ടെടുത്തത് 1150 സാധാരണക്കാരുടെ മൃതദേഹങ്ങള്‍. കൊല്ലപ്പെട്ട സാധാരണക്കാരില്‍ 70 ശതമാനത്തോളം പേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് കീവ് റീജിയണല്‍ പോലീസ് മേധാവി ആന്‍ഡ്രി നെബിറ്റോവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.

ബുച്ച പട്ടണത്തില്‍നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ സൈന്യം സാധാരണക്കാരായ ഉക്രെയ്‌നികളെ കൊലപ്പെടുത്തുകയാണെന്ന് ഉക്രെയ്ന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉക്രെയ്‌ന്റെ വാദഗതികള്‍ തെറ്റാണെന്നായിരുന്നു റഷ്യയുടെ മറുപടി. ബുച്ചയിലെ സാധാരണ ജനങ്ങളെ വധിച്ചുവെന്ന ആരോപണം റഷ്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും റഷ്യ വ്യക്തമാക്കി.

'ഇതുവരെ ഞങ്ങള്‍ 1,150 സിവിലിയന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന കീവിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് ഞാന്‍ നില്‍ക്കുന്നത്, ഇവര്‍ സൈനികരല്ല, സാധാരണക്കാരാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'-കീവ് റീജിയണല്‍ പോലീസ് മേധാവി ആന്‍ഡ്രി നെബിറ്റോവ് വീഡിയോയിലൂടെ പറഞ്ഞു.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി കീവില്‍ ചര്‍ച്ച നടത്തുന്ന ദിവസമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഗുട്ടെറസ് മൃതദേഹങ്ങള്‍ കണ്ടെടുത്ത ബോറോഡിയങ്ക പട്ടണം സന്ദര്‍ശിച്ചു. ബൊറോഡിയങ്ക പട്ടണത്തില്‍ കാണാനായത് ഭീതിജനകമായ കാഴ്ച്ചയായിരുന്നുവെന്ന് സെലന്‍സ്‌കി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.