'ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ച എത്ര കുട്ടികള്‍ മതം മാറി?.. കഴിഞ്ഞ നൂറ് വര്‍ഷത്തെ കണക്കെടുക്കൂ': സര്‍ക്കാരിന് മറുപടിയുമായി ബംഗളൂരു ആര്‍ച്ച് ബിഷപ്പ്

'ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ച എത്ര കുട്ടികള്‍ മതം മാറി?.. കഴിഞ്ഞ നൂറ് വര്‍ഷത്തെ കണക്കെടുക്കൂ': സര്‍ക്കാരിന് മറുപടിയുമായി ബംഗളൂരു ആര്‍ച്ച് ബിഷപ്പ്

''എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണ് സ്‌കൂളില്‍ നല്‍കുന്നത്. ആത്മീയതെയും ധാര്‍മികതയെയും വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം സഭാ നേതൃത്വം നോട്ടീസിന് മറുപടി നല്‍കും''.

ബംഗളൂരു: ക്രൈസ്തവ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ പഠിച്ച എത്ര കുട്ടികള്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ക്രൈസ്തവ മതം സ്വീകരിച്ചുവെന്ന് സര്‍ക്കാരിന് അന്വേഷിക്കാമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബൈബിള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം. ബൈബിള്‍ പഠന ക്ലാസിന്റെ പേരില്‍ നഗരത്തിലെ ക്ലാരന്‍സ്
ഹൈസ്‌കൂളിനാണ് കഴിഞ്ഞ ദിവസം പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയത്.

സ്‌കൂളില്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് മതപഠന ക്ലാസ് നല്‍കിയിരുന്നതെന്നും ക്ലാസ് തുടങ്ങുന്നതിനു മുമ്പോ ശേഷമോ മാത്രമാണ് ഇത് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ എഴുപത്തിയഞ്ചു ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളോടു ബൈബിള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആവശ്യമുള്ളവര്‍ മാത്രം ബൈബിള്‍ കൊണ്ടുവന്നാല്‍ മതിയെന്നു നിര്‍ദേശിച്ചിരുന്നു. എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണ് സ്‌കൂളില്‍ നല്‍കുന്നതെന്നും ആത്മീയതെയും ധാര്‍മികതയെയും വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം സഭാ നേതൃത്വം നോട്ടീസിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി കര്‍ണാടകയിലെ ക്രൈസ്തവ സമൂഹം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്ന് കനത്ത ഭീഷണിയാണ് നേരിടുന്നത്. അടുത്തിടെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ കര്‍ണാടകയിലെ ഗദാംഗ് ജില്ലയിലെ തടവറയിലെ അന്തേവാസികള്‍ക്ക് ബൈബിള്‍ നല്‍കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

പ്രിസണ്‍ മിനിസ്ട്രിയുടെ ഭാഗമായി ഏഴ് ഇവാഞ്ചലിക്കല്‍ ക്രൈസ്തവര്‍ ഗദാംഗ് ജില്ല ജയില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും പുതിയ നിയമത്തിന്റെ കോപ്പികള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിശ്വഹിന്ദു പരിഷത്തും ബജറംഗ്ദളും കേസ് കൊടുക്കുകയായിരുന്നു. തീവ്ര ഹൈന്ദവ സംഘടനയില്‍പ്പെട്ട ഒരാള്‍ ജയിലിലെത്തി തടവുകാരനെ സന്ദര്‍ശിച്ച് ബൈബിളിന്റെ ഫോട്ടോ എടുക്കുകയും ബൈബിള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണ് സ്‌കൂളില്‍ നല്‍കുന്നത്. ആത്മീയതെയും ധാര്‍മികതയെയും വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം സഭാ നേതൃത്വം നോട്ടീസിന് മറുപടി നല്‍കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.