എല്‍ഐസി പ്രഥമിക ഓഹരി വില്‍പന ഇന്നു മുതല്‍; ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ 902 രൂപ മുതല്‍

എല്‍ഐസി പ്രഥമിക ഓഹരി വില്‍പന ഇന്നു മുതല്‍; ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ 902 രൂപ മുതല്‍

കൊച്ചി: എല്‍ഐസി ഓഫ് ഇന്ത്യയുടെ ഓഹരി വില്‍പന ദേശവിരുദ്ധ നീക്കമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസി ഓഫ് ഇന്ത്യയുടെ ഐപിഒ മെയ് നാലിന് ആരംഭിക്കുകയാണ്.

1956ല്‍ അഞ്ച് കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച എല്‍ഐസി ഓഫ് ഇന്ത്യയുടെ സര്‍ക്കാര്‍ നിക്ഷേപം 2011 ല്‍ 100 കോടി രൂപയാക്കി വര്‍ധിപ്പിച്ചു. ഇപ്പോള്‍ എല്‍ഐസി ഓഫ് ഇന്ത്യ 38 ലക്ഷം കോടി രൂപയുടെ ആസ്തിയും 29 കോടി പോളിസി ഉടമകളും ഒരു ലക്ഷം ജീവനക്കാരും 14 ലക്ഷം ഏജന്റുമാരുമുള്ള ബൃഹത് സ്ഥാപനമായി വളര്‍ന്നു.

എല്‍ഐസിയ്ക്ക് രാജ്യത്ത് 2048 ശാഖകളും, 113 ഡിവിഷണല്‍ ഓഫീസുകളും, 1554 സാറ്റലൈറ്റ് ഓഫീസുകളുമുണ്ട്. ഇന്‍ഷുറന്‍സ് മേഖല തുറന്ന് കൊടുത്തിട്ടും ഇപ്പോഴും പോളിസി ഉടമകളില്‍ 75% വും പ്രീമിയത്തിന്റെ 66% വും മാര്‍ക്കറ്റ് ഷെയര്‍ എല്‍ഐസി ഓഫ് ഇന്ത്യക്കാണ്. പോളിസികളുടെ എണ്ണത്തിലും, ക്ലെയിം തീര്‍പ്പാക്കുന്നതിലും ലോകത്തെ തന്നെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമാണ് എല്‍ഐസി ഓഫ് ഇന്ത്യ.

2020-21 വര്‍ഷം പ്രീമിയം വരുമാനം 4.02 ലക്ഷം കോടിയും നിക്ഷേപ വരുമാനം 2.72 ലക്ഷം കോടിയും രേഖപ്പെടുത്തിയ എഐസി 2.10 ലക്ഷം കോടിയുടെ ക്ലെയിമുകളും തീര്‍പ്പാക്കി. ഇതുവരെ കേന്ദ്ര സര്‍ക്കാരിന് ഡിവിഡന്റായി 28695 കോടി രൂപ നല്‍കിയിട്ടുണ്ട്. എല്‍ഐസിയുടെ നിക്ഷേപത്തിന്റെ 82% വും സര്‍ക്കാര്‍ നിക്ഷേപങ്ങളിലാണ്. ഓഹരി വില്‍പന ആത്യന്തികമായി സ്വകാര്യവല്‍ക്കരണത്തിലേക്കാണ് വഴിതെളിക്കുക.

സ്വകാര്യ നിക്ഷേപം വരുന്നതോടെ സ്ഥാപനത്തിന്റെ ലക്ഷ്യം ലാഭ കേന്ദ്രീകൃതമാവുകയും ദേശീയ താല്‍പര്യങ്ങള്‍ അന്യമാവുകയും ചെയ്യും. രാജ്യതാല്‍പര്യം ബലികഴിച്ച് സ്വദേശ-വിദേശ കുത്തകള്‍ക്കും, സ്വകാര്യ മൂലധനത്തിനും രാജ്യത്തിന്റെ അഭിമാനമായ എല്‍ഐസി ഓഫ് ഇന്ത്യ തുറന്നുകൊടുക്കുന്നതില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

എല്‍ഐസി ജീവനക്കാരും ഏജന്റുമാരും പോളിസി ഉടമകളും നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജില്ലാ കേന്ദ്രങ്ങളില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഐ.പി.ഒ. ആരംഭിക്കുന്ന പ്രതിഷേധ പരിപാടികള്‍ ഇന്ന് സംഘടിപ്പിക്കുമെന്നും ബെഫി പ്രസ്താവനയില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.