ഗര്‍ഭഛിദ്ര നിരോധനം; യു.എസ്. സുപ്രീം കോടതിയില്‍നിന്ന് കരട് രേഖ ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ്

ഗര്‍ഭഛിദ്ര നിരോധനം; യു.എസ്. സുപ്രീം കോടതിയില്‍നിന്ന് കരട് രേഖ ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ്

വാഷിങ്ടണ്‍: അമേരിക്കയൊട്ടാകെ ഗര്‍ഭഛിദ്രം നിരോധിക്കുന്നതിലേക്കു നയിക്കുന്ന സുപ്രീം കോടതി വിധിയുടെ കരട് രേഖ ചോര്‍ന്നതില്‍ പ്രതികരണവുമായി ചീഫ് ജസ്റ്റിസ്. കരട് രേഖയുടെ ആധികാരികത ഉറപ്പിച്ച ചീഫ് ജസ്റ്റിസ് ജോണ്‍ ജി റോബര്‍ട്ട്‌സ് ജൂനിയര്‍ സംഭവത്തില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കോടതിയോടുള്ള വിശ്വാസ വഞ്ചന എന്നാണ് അദ്ദേഹം സു്രപധാന രേഖ ചോര്‍ന്നതിനെ വിശേഷിപ്പിച്ചത്.

ക്രൈസ്തവ സഭകളും മനുഷ്യാവകാശ സംഘടനകളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗര്‍ഭഛിദ്ര നിരോധന നിയമം സംബന്ധിച്ച പുതിയ സംഭവവികാസങ്ങള്‍ രാജ്യത്ത് വിവാദക്കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുകയാണ്. നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ചോര്‍ച്ചയുടെ ഉറവിടം അന്വേഷിക്കാന്‍ മാര്‍ഷല്‍ ഓഫ് കോര്‍ട്ടിന് നിര്‍ദേശം നല്‍കിയതായി ചീഫ് ജസ്റ്റിസ് റോബര്‍ട്ട്‌സ് സ്ഥിരീകരിച്ചു. കോടതിയുടെ നിയമാവലി അനുസരിച്ച് ഇത്തരം ഡ്രാഫ്റ്റുകള്‍ കര്‍ശനമായും രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കേണ്ടതാണ്.

'കോടതിയോടുള്ള ഈ വിശ്വാസവഞ്ചന തങ്ങളുടെ സുതാര്യമായ പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അത് വിജയിക്കില്ല. കോടതിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ഈ സംഭവം ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവനയില്‍ പറഞ്ഞു.

നീതിന്യായ പ്രക്രിയയുടെ രഹസ്യസ്വഭാവം മാനിക്കുകയും കോടതിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന മാതൃകാപരമായ പാരമ്പര്യമാണ് ഇവിടുത്തെ ജീവനക്കാര്‍ക്കുള്ളതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് കോടതിയെ അപമാനിക്കാനുള്ള നിഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് സാമുവല്‍ എ അലിറ്റോ ജൂനിയര്‍ എഴുതിയ 98 പേജുള്ള രേഖയാണ് ചോര്‍ന്നത്. ഫെബ്രുവരി 10 എന്ന് രേഖപ്പെടുത്തിയ കരട് രൂപമാണ് കഴിഞ്ഞ തിങ്കളാഴ്ച്ച ചോര്‍ന്നത്. നിലവിലുള്ള ഗര്‍ഭഛിദ്ര നിയമത്തെ മറികടന്ന് അബോര്‍ഷന്‍ നിരോധിക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിന്റെ പ്രാഥമിക കരട് രൂപമാണിതെന്ന് ചോര്‍ന്ന് കിട്ടിയ രേഖകള്‍ ഉദ്ധരിച്ച് പോളിറ്റിക്കോ എന്ന യു.എസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ദ ഗാര്‍ഡിയനും റോയിറ്റേഴ്സും അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളും ഇത് ഏറ്റുപിടച്ചതോടെ വാര്‍ത്ത അമേരിക്കയില്‍ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് യു.എസ് സുപ്രീം കോടതിയില്‍ നിന്ന് സുപ്രധാന രേഖകള്‍ പുറത്ത് പോകുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

രാജ്യവ്യാപകമായി ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ സുപ്രധാന കേസായ റോ വേഴ്‌സസ് വേഡിനെ അസാധുവാക്കാനുള്ള തീരുമാനത്തിന് ജഡ്ജിമാര്‍ക്കിടയില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്ന് രേഖകളില്‍ പറയുന്നു. നിയമം പ്രാബല്യത്തിലായാല്‍ 1973 മുതല്‍ അമേരിക്കയില്‍ നിലവിലുള്ള ഗര്‍ഭഛിദ്ര നിയമം ഇല്ലാതാകും.

നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്ര നിരോധന നിയമം നിലവിലുണ്ടെങ്കിലും രാജ്യമൊട്ടാകെ നിയമം കൊണ്ടുവരുന്നത് പ്രോ-ലൈഫ് സംഘടനകള്‍ക്ക് വലിയ പ്രതീക്ഷയാണു പകരുന്നത്. അതേസമയം കടുത്ത പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

നിലവിലുള്ള ഗര്‍ഭച്ഛിദ്ര നിയമമായ റോ വേഴ്‌സസ് വേഡിനെ സുപ്രീം കോടതി അസാധുവാക്കരുതെന്നും ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സംരക്ഷിക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നുമാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ നിലപാട്.

റോ വേഴ്‌സസ് വേഡ് നിയമം അസാധുവാക്കാന്‍ നിരവധി സംഘടനകളും വ്യക്തികളും മുന്നേറ്റങ്ങളും കാലങ്ങളായി ശ്രമിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. 1973-ല്‍ ഗര്‍ഭഛിദ്രത്തിന് അനുവാദം കൊടുത്തുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വന്നതുമുതല്‍ പ്രതിഷേധ സൂചകമായി എല്ലാ വര്‍ഷവും വാഷിങ്ടണ്‍ ഡി.സിയില്‍ 'മാര്‍ച്ച് ഫോര്‍ ലൈഫ്' നടക്കാറുണ്ട്. സുപ്രീംകോടതിയുടെ മുന്നില്‍ ഗര്‍ഭഛിദ്രത്തില്‍ ജീവന്‍ നഷ്ടമായ കുരുന്നുകളെ അനുസ്മരിച്ച് റോസാപ്പൂക്കള്‍ സമര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട്. ഇത് ഈ വര്‍ഷം ജനുവരിയിലും നടന്നിരുന്നു. റോ വേഴ്‌സസ് വേഡ് നിയമം അസാധുവായാല്‍ ഒരുപക്ഷേ ഇത് അവസാനത്തെ മാര്‍ച്ച് ആയിരിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

കൂടുതല്‍ വായനയ്ക്ക്:

ശുഭ വാര്‍ത്തയ്ക്ക് കാതോര്‍ത്ത് ലോകം; അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിരോധിച്ചുള്ള നിയമം വന്നേക്കും

റോ vs വേഡ് VS മാർച്ച് ഫോർ ലൈഫ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.