അതിശക്ത യുദ്ധത്തിനൊരുങ്ങി പുടിന്‍; ഉക്രെയ്ന്‍ തീരത്ത് റഷ്യയുടെ ആണവ മിസൈല്‍ പരീക്ഷണം

അതിശക്ത യുദ്ധത്തിനൊരുങ്ങി പുടിന്‍; ഉക്രെയ്ന്‍ തീരത്ത് റഷ്യയുടെ ആണവ മിസൈല്‍ പരീക്ഷണം

കീവ്: ഉക്രെയ്ന്‍ അധിനിവേശത്തിന്റെ അതിശക്തവും ഭീകരവുമായ രണ്ടാംഘട്ടത്തിനൊരുങ്ങി വ്‌ളാഡിമിര്‍ പുടിന്‍. ഇതുവരെ നടത്തിക്കൊണ്ടിരിക്കുന്ന 'പ്രത്യേക സൈനീക നടപടി'കളില്‍ നിന്ന് മാറി യഥാര്‍ത്ഥ യുദ്ധത്തിലേക്ക് കടക്കാനാണ് റഷ്യ ഒരുങ്ങുന്നത്. ഇതിന്റെ മുന്നറിയിപ്പ് എന്ന നിലയില്‍ ഉക്രെയ്ന്‍ തീരത്ത് കരിങ്കടലില്‍ റഷ്യ ആണവ മിസൈല്‍ പരീക്ഷണം നടത്തിയെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് ഒന്‍പതോടെ റഷ്യയുടെ ഉക്രെയ്ന്‍ യുദ്ധ പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകളും പശ്ചാത്യ നിരീക്ഷകര്‍ നല്‍കുന്നുണ്ട്.

റഷ്യക്ക് വളരെ പ്രധാനപ്പെട്ട തീയതികളിലൊന്നാണ് മേയ് ഒന്‍പത്. നാസികള്‍ക്കെതിരേ നേടിയ വിജയത്തിന്റെ ഓര്‍മ പുതുക്കാനായി മേയ് ഒന്‍പത് വിജയ ദിനമായാണ് റഷ്യ ആചരിക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ വിജയം നേടിയത് 1945 മേയ് ഒന്‍പതിനാണ്. യുക്രൈനില്‍ നടത്തിയ സൈനിക നടപടിയുടെ വിജയം പ്രഖ്യാപിക്കാനോ, അല്ലെങ്കില്‍ യുദ്ധ പ്രഖ്യാപനം നടത്താനോ പുടിന്‍ ഈ ദിവസം തിരഞ്ഞെടുത്തേക്കുമെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

ഉക്രെയ്‌നില്‍ ഫെബ്രുവരി 24 ന് അക്രമണം ആരംഭിച്ചപ്പോള്‍ യുദ്ധം പ്രഖ്യാപിക്കുന്നതിന് പകരം പുടിന്‍ അതിനെ വിശേഷിപ്പിച്ചത് 'പ്രത്യേക സൈനിക നടപടി' എന്നു മാത്രമാണ്. നാറ്റോ സംഖ്യ കക്ഷികള്‍ ഉക്രെയ്‌നൊപ്പം ചേര്‍ന്നതോടെ യുദ്ധ പ്രഖ്യാപനമെന്ന കടത്ത തീരുമാനത്തിനാണ് പുടിന്‍ ഒരുങ്ങുന്നത്. ഇതിന്റെ മുന്നറിയിപ്പ് എന്ന നിലയില്‍ ബുധനാഴ്ച്ച ആണവശേഷിയുള്ള ഇസ്‌കന്തര്‍ ബാലിസ്റ്റിക് മിസൈലുകള്‍ കരിങ്കടലിലെ സൈനികാഭ്യാസത്തിനിടെ റഷ്യ പരീക്ഷിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത മാസം പകുതിയോടെ പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ആയുധശേഖരം ലഭിക്കുംവരെ ഉക്രെയ്ന്‍ കാര്യമായ ആക്രമണം നടത്താന്‍ ഇടയില്ലെന്നാണ് റഷ്യയുടെ കണക്കുകൂട്ടല്‍. ഇത് മുന്നില്‍ കണ്ടാണ് കടുത്ത സൈനീക നീക്കത്തിന് റഷ്യ തയാറെടുക്കുന്നത്.

എന്നാല്‍ പൂര്‍ണ തോതിലുള്ള യുദ്ധപ്രഖ്യാപനം പുടിനെ സംബന്ധിച്ച് എളുപ്പമാകില്ലെന്നും ഒരുവിഭാഗം വാദിക്കുന്നു. സൈനിക നടപടി ആരംഭിച്ചതിന് ശേഷം റഷ്യക്ക് ഇതുവരെ 15,000 ഓളം സൈനികരെ നഷ്ടമായെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധം സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. റഷ്യയെ സംബന്ധിച്ച് ഇതൊരു അപകടകരമായ നീക്കമാണെന്നും ഇപ്പോള്‍ തന്നെ തകര്‍ച്ചയിലായ റഷ്യയുടെ സാമ്പത്തിക മേഖലക്ക് ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.