ചൈനീസ് സൈനിക താവളമായി സോളമന്‍ ദ്വീപുകള്‍ മാറില്ലെന്ന് ഉറപ്പുലഭിച്ചതായി ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി

ചൈനീസ് സൈനിക താവളമായി സോളമന്‍ ദ്വീപുകള്‍ മാറില്ലെന്ന് ഉറപ്പുലഭിച്ചതായി ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി

ബ്രിസ്ബന്‍: ചൈനയുടെ സൈനിക താവളമായി സോളമന്‍ ദ്വീപുകള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍. സോളമന്‍ ദ്വീപുകളിലെ വിദേശകാര്യ മന്ത്രി ജെറമിയ മാനെലെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മാരിസ് പെയ്ന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായി വിവാദ സുരക്ഷാ കരാറില്‍ ഒപ്പുവച്ചതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ബ്രിസ്ബനില്‍ വെച്ച് വെള്ളിയാഴ്ച രാത്രിയില്‍ കൂടിക്കാഴ്ച്ച നടത്തിയത്.

മാര്‍ച്ചില്‍ സുരക്ഷാ സഹകരണ കരാറിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നതു മുതല്‍ ഓസ്‌ട്രേലിയ ആശങ്കയുടെ മുള്‍മുനയിലാണ്. ഓസ്ട്രേലിയന്‍ തീരത്തുനിന്ന് 2000 മൈല്‍ മാത്രം അകലെയുള്ള, ദക്ഷിണ പസിഫിക്കില്‍ സ്ഥിതി ചെയ്യുന്ന സോളമന്‍ ദ്വീപുകളും ചൈനയുമായി കരാര്‍ ഒപ്പുവച്ചതാണ് ആശങ്കയ്ക്കു കാരണമായത്. അയല്‍രാജ്യമായിട്ടും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ കരാറിന്റെ വിശദാംശങ്ങള്‍ നേരത്തെ അറിഞ്ഞില്ലെന്നും വേണ്ട ഇടപെടല്‍ നടത്തിയില്ലെന്നുമുള്ള ആരോപണം ശക്തമാണ്. ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ മുഖ്യ പ്രചാരണായുധവും ഇതുതന്നെയാണ്.

കഴിഞ്ഞ മാസമാണ് ചൈനയുമായി കരാറില്‍ ഒപ്പുവെച്ചത്. അന്നുമുതല്‍ സോളമന്‍ ദ്വീപ് പ്രതിനിധികളുമായി വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് മാരിസ് പെയ്‌നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വിമര്‍ശനം നേരിട്ടിരുന്നു.

സോളമന്‍ ദ്വീപുകളില്‍ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്നതിനുമാണ് കരാറെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇത് അതേപടി ഓസ്‌ട്രേലിയ, യു.എസ്, ന്യൂസിലന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ വിശ്വാസത്തിലെടുത്തിട്ടില്ല.

ഇപ്പോള്‍തന്നെ പസഫിക് മേഖലയില്‍ അധിനിവേശ ഭീഷണി ഉയര്‍ത്തുന്ന ചൈനയ്ക്ക് തങ്ങളുടെ നിഗൂഡ ലക്ഷ്യങ്ങള്‍ നേടാന്‍ കരാര്‍ വഴിയൊരുക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ഭയം.
പോലീസ്, സൈനിക സഹകരണത്തിനുള്ള കരാറെന്നാണു വ്യാഖ്യാനമെങ്കിലും ചൈന അവിടെ സൈനിക താവളം തുറന്നേക്കുമോ എന്നാണ് സംശയം ഉയരുന്നത്. എന്നാല്‍ ഇൗ സംശയം അടിസ്ഥാനമില്ലാത്തതാണെന്നു ചൈനയും സോളമന്‍ ദ്വീപുകളും അടിവരയിടുന്നു.

കരാര്‍ പ്രകാരം സോളമന്‍ ദ്വീപുകളിലെ സുരക്ഷാ കാര്യങ്ങളില്‍ സഹായിക്കാന്‍ ചൈനയുടെ പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എത്തും. ചൈനീസ് യുദ്ധക്കപ്പലുകളുടെ ഇടത്താവളമായും സോളമന്‍ ദ്വീപുകള്‍ മാറും

'തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സോളമന്‍ ദ്വീപുകളുടെ പരമാധികാരത്തെ ഓസ്ട്രേലിയ ബഹുമാനിക്കുന്നു. ഇക്കാര്യത്തില്‍ ഓസ്ട്രേലിയയുടെ നിലപാട് സുവ്യക്തവും സ്ഥിരവുമാണ്. എന്നാല്‍ ചൈനയുമായുള്ള സുരക്ഷാ കരാറിലെ സുതാര്യതയില്ലായ്മ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തങ്ങളെ വളരെയധികം ആശങ്കപ്പെടുത്തുന്നതായി മാരിസ് പെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സോളമന്‍ ദ്വീപുകള്‍ വിദേശ സൈനിക താവളത്തിനായി ഉപയോഗിക്കില്ലെന്ന പ്രധാനമന്ത്രി സോഗവാറെയുടെ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ച്ച വളരെ ഫലപ്രദമായിരുന്നുവെന്നും സോളമന്‍ ദ്വീപുകളുടെ പ്രധാന സുരക്ഷാ പങ്കാളിയായി ഓസ്ട്രേലിയ തുടരുമെന്നും വ്യാപാര മന്ത്രി ഡാന്‍ ടെഹാന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.