ബെംഗ്‌ളുരു: ബെംഗ്‌ളുരു ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ട്-അപ്പ് കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് ജോലി സമയത്ത് 30 മിനിറ്റ് ഉറക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉറങ്ങാനുള്ള അവകാശം, ജീവനക്കാര്‍ക്ക് ഉറങ്ങാന്‍ കഴിയുന്ന സമയങ്ങള്‍ എന്നിവ വിശദമാക്കുന്ന പോസ്റ്റര്‍ വേക്ക്ഫിറ്റ് സൊല്യൂഷന്‍സ് എന്ന മാട്രസസ് കമ്പനി ട്വിറ്ററില്‍ പങ്കുവച്ചു.
ഉച്ചയ്ക്ക് രണ്ടിനും 2.30 നും ഇടയില്‍ ജീവനക്കാര്‍ക്ക് ഉറങ്ങാന്‍ സമയം അനുവദിക്കുന്നുവെന്ന് അറിയിച്ച് വേക്ക്ഫിറ്റ് സഹസ്ഥാപകന്‍ ചൈതന്യ രാമലിംഗഗൗഡ അടുത്തിടെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിന്റെ കോപ്പിയും ട്വീറ്റിലുണ്ട്. ''ഞങ്ങള്‍ ഇപ്പോള്‍ ആറ് വര്‍ഷത്തില്‍ ഏറെയായി ഉറക്കത്തിന്റെ ബിസിനസിലാണ്, എന്നിട്ടും വിശ്രമത്തിന്റെ നിര്‍ണായക വശമായ ഉച്ചയുറക്കത്തോട് നീതി പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഞങ്ങള്‍ എല്ലായ്പ്പോഴും ഉറക്കം ഗൗരവമായി എടുത്തിട്ടുണ്ട്...' മെയിലില്‍ അദ്ദേഹം പറയുന്നു.
എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ 2.30 വരെ 30 മിനിറ്റ് ഉറങ്ങാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്നും ഈ സമയത്ത് എല്ലാ ജീവനക്കാരുടെയും കലണ്ടര്‍ ഔദ്യോഗിക ഉറക്ക സമയമായി ബ്ലോക്ക് ചെയ്യുമെന്നും കമ്പനി ട്വിറ്ററില്‍ അറിയിച്ചു.
ജീവനക്കാര്‍ക്ക് അനുയോജ്യമായ ഉറക്ക അന്തരീക്ഷം നിര്‍മ്മിക്കുന്നതിനായി ഓഫീസില്‍ സുഖപ്രദമായ നാപ് പോഡുകളും ശാന്തമായ മുറികളും ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. മികച്ച സ്വീകരണമാണ് ഇത്തരമൊരു പ്രവൃത്തിക്ക് ട്വിറ്ററില്‍ നിന്ന് ലഭിക്കുന്നത്. നല്ല തീരുമാനമെന്നാണ് ചിലരുടെ കമന്റുകള്‍.
കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ സൈക്കോളജിസ്റ്റായ ജെയിംസ് മാസ് ആണ് പവര്‍ നാപ്പ് എന്ന പദം ഉപയോഗിച്ചത്. പവര്‍ നാപ്പ്, പലപ്പോഴും ക്യാറ്റ് നാപ്പ് എന്നറിയപ്പെടുന്നു. ഇത് ഗാഢനിദ്രയ്ക്ക് (സ്ലോ-വേവ് സ്ലീപ്പ്) മുമ്പ് സംഭവിക്കുന്ന ഒരു ചെറിയ ഉറക്കമാണ്. ഒരു പവര്‍ നാപ്പ് എന്നത് വ്യക്തിയെ വേഗത്തില്‍ ഉന്മേഷപ്രദമാക്കുന്നുവെന്നാണ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.