എവറസ്റ്റ് കീഴടക്കിയത് 26 തവണ; സ്വന്തം റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി നേപ്പാളി പര്‍വതാരോഹകന്‍

എവറസ്റ്റ് കീഴടക്കിയത് 26 തവണ; സ്വന്തം റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി നേപ്പാളി പര്‍വതാരോഹകന്‍

കാഠ്മണ്ഡു: 26-ാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി സ്വന്തം പേരിലുള്ള മുന്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് നേപ്പാളി ഷേര്‍പ്പ ഗൈഡ്. ഏറ്റവും കൂടുതല്‍ പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ റെക്കോര്‍ഡാണ് 52 വയസുകാരനായ കാമി റിത വീണ്ടും മറികടന്നത്. റിതയും പതിനൊന്ന് ഷേര്‍പ്പ ഗൈഡുകളുമടങ്ങുന്ന സംഘം 8,849 മീറ്റര്‍ ഉയരത്തില്‍ പ്രാദേശിക സമയം ശനിയാഴ്ച്ച വൈകുന്നേരം 6:55-നാണ് എത്തിയതെന്ന് സെവന്‍ സമ്മിറ്റ് ട്രക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജര്‍ ദവ ഷെര്‍പ്പ പറഞ്ഞു. കാമി റിത കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡാണ് മറികടന്നത്.

പര്‍വതാരോഹകരെ കൊടുമുടിയിലേക്കു വഴികാട്ടുന്ന ഗൈഡുകളാണ് ഷേര്‍പ്പ. 1994 മെയ് 13-നാണ് കാമി റിത ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 21 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ മൂന്നാമത്തെ വ്യക്തിയായി കാമി റിത മാറിയത് 2017-ലാണ്. അന്ന് അപ ഷേര്‍പ്പ, ഫുര്‍ബ താഷി ഷേര്‍പ്പ (ഇരുവരും 21 തവണ) എന്നിവരുമായാണ് അദ്ദേഹം റെക്കോര്‍ഡ് പങ്കിട്ടത്. അപ ഷേര്‍പ്പയും ഫുര്‍ബ താഷി ഷേര്‍പ്പയും വിരമിച്ചതിന് പിന്നാലെ 2018 മുതല്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കൊടുമുടി കീഴടക്കിയ വ്യക്തിയായി കാമി മാറിയിരുന്നു.

1950-ല്‍ വിദേശ പര്‍വതാരോഹകര്‍ക്കായി എവറസ്റ്റ് തുറന്നുകൊടുത്തതിന് ശേഷമുള്ള ആദ്യത്തെ പ്രൊഫഷണല്‍ ഷേര്‍പ്പ ഗൈഡുകളില്‍ ഒരാളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഗൈഡായ റിതയുടെ സഹോദരനും 17 തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്.

എവറസ്റ്റ് മാത്രമല്ല, ലോകത്തിലെ രണ്ടാമത്തെ വലിയ പര്‍വതമായ പാകിസ്ഥാനിലെ മൗണ്ട് കെ-ടു ഉള്‍പ്പടെ 35 പര്‍വ്വതങ്ങളില്‍ റിത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കുറഞ്ഞ ഓക്‌സിജനിലും അതിജീവനത്തിനുള്ള കഴിവും ഉന്നത അന്തരീക്ഷ മര്‍ദമേഖലകളിലും ഊര്‍ജ്ജസ്വലരായിരിക്കാനും കഴിയുന്നതാണ് നേപ്പാളിലെ ഷേര്‍പ്പകളെ വ്യത്യസ്തരാക്കുന്നത്. പര്‍വതാരോഹണത്തില്‍ ഇവര്‍ അതിവിദഗ്ധരാണ്. ടെന്‍സിങും ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് മുതല്‍ ഷേര്‍പ്പകളുടെ സാന്നിധ്യം പര്‍വ്വതത്തില്‍ ഉണ്ട്.

പീക്ക് ക്ലൈമ്പിംഗ് സീസണിനു മുന്നോടിയായി കൊടുമുടിയുടെ അറ്റത്തേക്കുള്ള മഞ്ഞുമൂടിയ വഴികളില്‍ പര്‍വതാരോഹകരെ സഹായിക്കാന്‍ കയറുകള്‍ ഷേര്‍പ്പ സംഘം സ്ഥാപിച്ചിട്ടുണ്ട്. കൊടുമുടി കയറാന്‍ നേപ്പാള്‍ ടൂറിസം വകുപ്പ് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള 316 പേര്‍ക്കാണ് ഇപ്രാവശ്യം അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ 408 പേര്‍ക്കായിരുന്നു എവറസ്റ്റ് കയറാന്‍ അനുമതി ലഭിച്ചത്. എവറസ്റ്റ് കീഴടക്കാന്‍ ഏറ്റവും അനുയോജ്യമായ മാസമാണ് മേയ്. ഇതുവരെ 311 പേരാണ് കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.