ജബല്‍പുര്‍: കാമുകി കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് 13 വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഗോത്ര വിഭാഗക്കാരനായ മുന്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2008ല്‍ നടന്ന കൊലപാതകത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ചന്ദ്രേഷ് മാര്‍സ്‌കോളിനെ (34) ഉടന്‍ മോചിപ്പിക്കാനാണ് ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.
കൂടാതെ തടവറയില്‍ യുവത്വം ഹോമിക്കേണ്ടി വന്ന ചന്ദ്രേഷിന് നഷ്ടപരിഹാരമായി 42 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ 90 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കോടതി വിധിച്ചു. കേസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്നും ചന്ദ്രേഷിനെ കുടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയായിരുന്നു അന്വേഷണമെന്നും ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്‍, സുനിത യാദവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഭോപാലിലെ ഗാന്ധി മെഡിക്കല്‍ കോളജില്‍ ചന്ദ്രേഷ് അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചന്ദ്രേഷിന്റെ കാമുകിയുടെ മൃതശരീരം മലയോര സുഖവാസ കേന്ദ്രമായ പച്ച്മാര്‍ഹിയിലെ മലയിടുക്കില്‍ കണ്ടെത്തുകയായിരുന്നു. ഇതെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ സംഭവത്തിനു മൂന്ന് ദിവസം മുന്‍പ് ചന്ദ്രേഷ് തന്റെ കാര്‍ കൊണ്ടു പോയെന്നും കൊലപാതകവുമായി ഇതിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായും കോളജില്‍ സീനിയറായിരുന്ന ഡോ. ഹേമന്ത് വര്‍മ പൊലീസിനെ അറിയിച്ചു.
പച്ച്മാര്‍ഹിയിലേക്ക് ഒപ്പം പോയ ഹേമന്തിന്റെ ഡ്രൈവറും ഇതു ശരിവച്ചതോടെ ചന്ദ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 2009ല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരെ ചന്ദ്രേഷ് നല്‍കിയ അപ്പീലിലാണ് കേസന്വേഷണം അടിമുടി അട്ടിമറിച്ചതായി ഹൈക്കോടതി കണ്ടെത്തിയത്.
ഹേമന്ത് വര്‍മയും ചന്ദ്രേഷും തമ്മില്‍ ക്യാംപസ് രാഷ്ട്രീയത്തിന്റെ പേരില്‍ ശത്രുതയുണ്ടായിരുന്നെന്നും ഭോപാല്‍ ഐജിയായിരുന്ന ശൈലേന്ദ്ര ശ്രീവാസ്തവയെ സ്വാധീനിച്ച് ഹേമന്ത് അന്വേഷണം അട്ടിമറിച്ചെന്നും നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച് ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടാകാമെന്നും ചൂണ്ടിക്കാട്ടി.
മാത്രമല്ല ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്യായമായി പ്രതിയാക്കപ്പെട്ട് ജയിലില്‍ കിടക്കേണ്ടി വന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നല്‍കാന്‍ സുപ്രീം കോടതി വിധിച്ചതും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.