യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ ഉക്രെയ്‌നില്‍; ഒലീന സെലെന്‍സ്‌കയുമായി കൂടിക്കാഴ്ച നടത്തി

യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ ഉക്രെയ്‌നില്‍; ഒലീന സെലെന്‍സ്‌കയുമായി കൂടിക്കാഴ്ച നടത്തി

കീവ്: റഷ്യന്‍ അധിനിവേശത്തിനെതിരെ ശക്തമായ നടപടികളുമായി അമേരിക്ക മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ ഉക്രെയ്‌നില്‍ എത്തി. റഷ്യയ്‌ക്കെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രഥമ വനിതയുടെ ഉക്രെയ്ന്‍ സന്ദര്‍ശനം. പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയുടെ ഭാര്യയും ഉക്രെയ്ന്‍ പ്രഥമ വനിതയുമായ ഒലീന സെലെന്‍സ്‌കയുമായി ജില്‍ ബൈഡന്‍ കൂടിക്കാഴ്ച നടത്തി.

അതിര്‍ത്തി പട്ടണമായ ഉസ്ഹോറോഡിലെ ഒരു സ്‌കൂളില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. യുദ്ധത്തെത്തുടര്‍ന്ന് കുടിയിറക്കപ്പെട്ടവരെ പാര്‍പ്പിച്ചിട്ടുള്ള സ്‌കൂളായിരുന്നു ഇത്. യുദ്ധം നടന്നുകൊണ്ടിരിക്കെ അമേരിക്കന്‍ പ്രഥമവനിതയുടെ യുദ്ധഭൂമിയിലെ സന്ദര്‍ശനം ധീരമായ നടപടിയാണെന്ന് ഒലീന പ്രശംസിച്ചു.

മാതൃദിനത്തില്‍ അഭയാര്‍ഥികളായ കുട്ടികള്‍ക്കും മുതിര്‍ന്ന അമ്മമാര്‍ക്കും ജില്‍ ബൈഡന്റെ സന്ദര്‍ശനം സ്വാന്തനമായി. സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം അല്പനേരം ചിലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് ഒലീന പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്.


റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് പലായനം ചെയ്ത ഉക്രെനിയന്‍ കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് റൊമാനിയയിലും സ്ലൊവാക്യയിലും ജില്‍ ബൈഡന്‍ കഴിഞ്ഞ ആഴ്ച്ച സന്ദര്‍ശനം നടത്തിയിരുന്നു. ഈ രാജ്യങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കന്‍ സൈനികരുമായും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ജില്‍ ബൈഡന്‍ കൂടിക്കാഴ്ച്ച നടത്തിയ ശേഷം അഭയാര്‍ഥികളെ നേരില്‍ കണ്ട് സ്വാന്തനമേകി.

2,600 റഷ്യന്‍, ബെലാറഷ്യന്‍ വ്യക്തികള്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ പുതിയ ഉപരോധങ്ങളാണ് റഷ്യയ്ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ, റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ജി 7 രാജ്യങ്ങളും ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.