മൈസൂരു: കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ പൂര്‍ണകായ പ്രതിമ മെഴുകില്‍ നിര്‍മ്മിച്ച് 'പിതൃ സാന്നിധ്യത്തില്‍' മകന്റെ മിന്നുകെട്ട്. മൈസൂരുവിലെ നഞ്ചന്‍കോടിലാണ് വ്യത്യസ്തമായ ഈ വിവാഹം നടന്നത്. ആയുര്‍വേദ ഡോക്ടറായ യതീഷാണ് വിവാഹവേദിയില്‍ അച്ഛന്‍ രമേഷിന്റെ മെഴുകു പ്രതിമ ഒരുക്കിയത്.
കോവിഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷമാണ് രമേഷ് മരിച്ചത്. അച്ഛന്റെ വലിയ സ്വപ്നമായിരുന്നു മക്കളുടെ വിവാഹം. അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിനിടെ അച്ഛന്റെ സാന്നിധ്യം വിവാഹ വേദിയില്‍ വേണമെന്ന അടങ്ങാത്ത ആഗ്രഹമാണ് മെഴുകു പ്രതിമ നിര്‍മ്മിക്കാന്‍ കാരണം. വിവാഹ മണ്ഡപത്തില്‍ അച്ഛനും അമ്മയ്ക്കും ഇരിക്കാനുള്ള പ്രത്യേക ഇരിപ്പിടം ഒരുക്കി. രമേഷിന്റെ മെഴുകു പ്രതിമ അവിടെ സ്ഥാപിച്ചു. സമീപത്ത് അമ്മയുമുണ്ടായിരുന്നു.
യതീഷിന്റെയും സഹോദരന്‍ പവന്റെയും വിവാഹം രമേഷ് മരിക്കുന്നതിന് രണ്ട് മാസം മുമ്പാണ് നിശ്ചയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പവന്റെ വിവാഹം നടന്നത്. പവന്റെ വിവാഹവും അച്ഛന്റെ പൂര്‍ണകായ പ്രതിമയ്ക്ക് മുന്നില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. അഞ്ച് മാസം മുമ്പേ ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും കൃത്യ സമയത്ത് പ്രതിമ ലഭിച്ചില്ല.
പിതാവിന് ഏറ്റവും പ്രിയപ്പെട്ട കറുത്ത കോട്ടും വെളുത്ത പാന്റുമാണ് മക്കള്‍ മെഴുകു പ്രതിമയ്ക്കും നല്‍കിയത്. ചിക്കമംഗ്ലുരു കഡൂര്‍ താലൂക്കിലെ കര്‍ഷകനായിരുന്നു രമേഷ്. കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് രണ്ട് മക്കളെയും പഠിപ്പിച്ചത്. ആയുര്‍വേദ ഡോക്ടറായ അപൂര്‍വയാണ് യതീഷിന്റെ വധു. വിവാഹത്തിന് എത്തിയവരുടെ എല്ലാം ശ്രദ്ധ മെഴുകു പ്രതിമയില്‍ തന്നെയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.