രാജ്യദ്രോഹ നിയമം പുനപരിശോധിക്കാന്‍ തയാറെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍; 1870 ല്‍ ഉള്‍പ്പെടുത്തിയ വകുപ്പ് മാറ്റാന്‍ സാധ്യത തെളിയുന്നു

രാജ്യദ്രോഹ നിയമം പുനപരിശോധിക്കാന്‍ തയാറെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍; 1870 ല്‍ ഉള്‍പ്പെടുത്തിയ വകുപ്പ് മാറ്റാന്‍ സാധ്യത തെളിയുന്നു

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം പുനപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷ നിര്‍ണയിക്കുന്ന 124 എ വകുപ്പിന്റെ സാധുത പുനപരിശോധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ നിലപാട് സ്വീകരിക്കും വരെ വിഷയം പരിഗണിക്കരുതെന്നും സുപ്രീം കോടതിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കൊളോണിയല്‍ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉപേക്ഷിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രിക്കുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

നേരത്തെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ വിശാല ബെഞ്ചിലേക്ക് അയക്കേണ്ടതില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടീഷ് ഭരണ കാലത്താണ് നിയമം നടപ്പിലായത്. 1870 ലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ രാജ്യദ്രോഹ വകുപ്പ് ഉള്‍പ്പെടുത്തിയത്. ഭരണവിരുദ്ധ പ്രസ്താവനകളെ ചങ്ങലയ്ക്കിടാന്‍ ബ്രിട്ടീഷുകാര്‍ നിയമം ആയുധമാക്കി.

മഹാത്മ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും നിശബ്ദരാക്കാന്‍ ഇതേ നിയമമാണ് അന്ന് ഉപയോഗിച്ചത്. യങ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തില്‍ ഗാന്ധി മൂന്ന് ലേഖനങ്ങള്‍ എഴുതിയതിന് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ 1922 ല്‍ ആറു വര്‍ഷം തടവു ശിക്ഷയ്ക്ക് വിധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.