ന്യൂയോർക്ക്: ലോകമെമ്പാടും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് വത്തിക്കാൻ. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറിയും രാജ്യാന്തര ബന്ധങ്ങൾക്ക് ഉത്തരവാദിയുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗർ ആണ് ഈ ആവശ്യം ഉന്നയിച്ചത്.
ലോകതലത്തിൽ ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന വിഭാഗം ക്രൈസ്തവർ തന്നെയാണെന്നും എന്നാൽ അവരുടെ ദുരവസ്ഥ അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
36 കോടി ക്രൈസ്തവര്‍ ഉയര്‍ന്ന തോതിലുള്ള പീഡനമോ വിവേചനമോ അനുഭവിക്കുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ പള്ളികള്‍ക്കും വീടുകള്‍ക്കും സമൂഹങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമാവുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ദക്ഷിണ സുഡാന്‍, സുഡാന്‍ എന്നിവയടക്കം നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആശങ്കാജനകമായ മേഖലകളായി ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഒരു കത്തോലിക്കാ ഇടവകയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 64 പേരുടെ മരണത്തിന് കാരണമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെയും ആര്‍ച്ച് ബിഷപ്പ് പരാമര്‍ശിച്ചു. കോംഗോയും റുവാണ്ടയും തമ്മിൽ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ സമാധാന കരാർ സ്വാഗതം ചെയ്തു.
ഇസ്രയേൽ-പാലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ശാശ്വത സമാധാനം വേണമെന്ന വത്തിക്കാന്റെ നിലപാട് ആർച്ച് ബിഷപ്പ് ആവർത്തിച്ചു. ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തല്‍ കൈവരിക്കാനും സന്നദ്ധ സഹായത്തിന്റെ സുരക്ഷിതമായ പ്രവേശനം സുഗമമാക്കാനും മാനുഷിക നിയമം പൂര്‍ണമായും മാനിക്കാനും വിവേചനരഹിതമായ ബലപ്രയോഗവും നിര്‍ബന്ധിത കുടിയിറക്കവും അവസാനിപ്പിക്കാനും ലിയോ മാര്‍പാപ്പ ആവശ്യപ്പെടുന്നതായി ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.