ഉച്ചഭാഷിണി ഉപയോഗം നിരോധിക്കും; സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ഉച്ചഭാഷിണി ഉപയോഗം നിരോധിക്കും; സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: ഉച്ചഭാഷിണി ഉപയോഗം കര്‍ണാടകയിലും നിരോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ഇത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തരവ് ഘട്ടം ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് നടപ്പില്‍ വരുത്തുകയെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയ്ക്കും യുപിയ്ക്കും പിന്നാലെ ഉച്ചഭാഷിണി വിവാദം കര്‍ണാടകയിലും കനക്കുകയാണ്. ബാങ്ക് വിളിക്കെതിരെ ഇന്നലെ ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലിസ ആലപിച്ച്‌ രംഗത്തെത്തിയ ഒരു സംഘം ശ്രീ രാം സേന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.

പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. കൂടാതെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ കേന്ദ്ര സര്‍ക്കാരും ഉത്തരവിറക്കിയിട്ടുണ്ട്. മാത്രമല്ല 2002 ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാരും ഇത് സംബന്ധിച്ച്‌ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. ഇത് സൗഹാര്‍ദപരമായി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബൊമ്മൈ ഉറപ്പ് നല്‍കി.

ഉത്തരവ് നടപ്പാക്കാനുള്ള ചുമതല അതത് പ്രദേശങ്ങളിലെ ഡി.വൈ.എസ്‌.പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും. വര്‍ഷം മുഴുവനും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നുണ്ടോ, ഇതിന്റെ അനുമതി തുടങ്ങിയ വിശദാംശങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കും. ഇത് നടപ്പാക്കുന്നതിന് ഉചിതമായ മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.