ട്വിറ്റര്‍ സ്വന്തമായാല്‍ ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കും; സ്ഥിരം വിലക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന് അപകടമെന്ന് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ സ്വന്തമായാല്‍ ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കും; സ്ഥിരം വിലക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന് അപകടമെന്ന് ഇലോണ്‍ മസ്‌ക്

ലണ്ടന്‍: ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുന്ന ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്ത മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അകൗണ്ട് താന്‍ പുനസ്ഥാപിക്കുമെന്ന് ടെസ്ല സിഇഒയും വിശ്വകോടിശ്വരനുമായ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ സ്വന്തമായാലുടന്‍ ട്രംപിനെതിരായ ട്വിറ്ററിന്റെ സ്ഥിരം വിലക്ക് പിന്‍വലിക്കാനാകും ആദ്യ പരിഗണന നല്‍കുക.

സ്ഥിരമായി അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യുന്നത് വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണെന്നും അത്തരം വിലക്കുകളെ 'വിഡ്ഢി' വിലക്കെന്നേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളെന്നും ലണ്ടനില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഓഫ് ദ കാര്‍ ഉച്ചകോടിയില്‍ സംസാരിക്കവെ മസ്‌ക് പറഞ്ഞു.

ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് ട്വിറ്റര്‍ കൈക്കൊണ്ടത്. തട്ടിപ്പുകള്‍ നടത്തുന്ന അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതുപോലെ അഭിപ്രായം പറയുന്നതിന്റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഏകാധിപത്യമാണ്. സംവാദത്തിനുള്ള ഇടമായാണ് സാമൂഹ്യമാധ്യമങ്ങള്‍ മാറേണ്ടത്. ഏകാധിപത്യ നടപടികള്‍ അത്തരം അവസരങ്ങള്‍ ഇല്ലാതാക്കും.

ട്വിറ്ററിന് ശക്തമായ ഇടതുപക്ഷ പക്ഷപാതിത്വമുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സ്ഥിതി ചെയ്യുന്നതിനാലാവണം അത്. യുഎസിലും ലോകത്തും വിശ്വാസം വളര്‍ത്തുന്നതില്‍ ഇത് തടസമാണ്. ആശയങ്ങള്‍ കൈമാറുന്നതിനുള്ള മികച്ച പൊതുവേദിയാകാന്‍ ട്വിറ്റര്‍ ബോട്ടുകളെയും സ്‌കാമര്‍മാരെയും ഒഴിവാക്കണം. താന്‍ ട്വിറ്ററിന്റെ അവകാശിയായാല്‍ ശാശ്വതമായ നിരോധനം എടുത്തുകളയുന്നത് ഉള്‍പ്പടെയുള്ള ഗുണപരമായ മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടുവരുമെന്നും മസ്‌ക് പറഞ്ഞു.

സ്ഥിരമായ വിലക്കുകളോട് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സിയും നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.



അതേസമയം അക്കൗണ്ട് പുനസ്ഥാപിച്ചാലും ട്വിറ്ററില്‍ വീണ്ടും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് ട്രംപ്. തന്റെ സ്വന്തം പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന ട്രംപിന്റെ ഹര്‍ജി കാലിഫോര്‍ണിയ ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം ട്രംപ് സ്വീകരിച്ചത്.

2021 ജനുവരി ആറിന് നടന്ന 'സ്റ്റോപ്പ് ദി സ്റ്റീല്‍' റാലിയില്‍ പ്രസംഗം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ ശാശ്വതമായി സസ്‌പെന്‍ഡ് ചെയ്യുന്നത്. പ്രസംഗത്തിന് ശേഷം അദ്ദേഹം നടത്തിയ ട്വീറ്റുകള്‍ ജനങ്ങളെ പ്രകോപിക്കുകയും ആക്രമണങ്ങളിലേക്ക് നയിക്കുകയും ചെയ്‌തെന്ന് ട്വിറ്റര്‍ വിലയിരുത്തി. ഇതിന്റെ അപകടസാധ്യത കണക്കിലെടുത്താണ് ട്വിറ്റര്‍ നിരോധനമേര്‍പ്പെടുത്തിയത്.

ഇതിനെതിരെ ട്വിറ്ററിന്റെ മുന്‍മേധാവി ജാക്ക് ഡോര്‍സിയടക്കമുള്ളവരെ പ്രതികളാക്കി ട്രംപ് ഹര്‍ജി സമര്‍പ്പിച്ചു. സ്വതന്ത്ര സംഭാഷണ അവകാശങ്ങള്‍ ലംഘിച്ച് ഏര്‍പ്പെടുത്തിയ നിരോധനം ശരിയല്ലെന്നും അക്കൗണ്ട് എത്രയും പെട്ടന്ന് പുനസ്ഥാപിക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍, ഹര്‍ജിയിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന അക്കൗണ്ടുകളെയോ ഉള്ളടക്കത്തെയോ നിരോധിക്കാനുള്ള അവകാശം ട്വിറ്റിനുണ്ടെന്നും വിലയിരുത്തി യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ജെയിംസ് ഡൊണാറ്റോ ഹര്‍ജി തള്ളുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.