ചൈനയില്‍ ടേക്ക് ഓഫിനിടെ വിമാനം തെന്നിമാറി തീപിടിച്ചു; ഇറങ്ങിയോടി യാത്രക്കാര്‍: വീഡിയോ

ചൈനയില്‍ ടേക്ക് ഓഫിനിടെ വിമാനം തെന്നിമാറി തീപിടിച്ചു; ഇറങ്ങിയോടി യാത്രക്കാര്‍: വീഡിയോ


ചോങ് ക്വിങ്: ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനത്തിനു തീപിടിച്ചു. ചൈനയിലെ ചോങ് ക്വിങ് ജിയാങ്ബെയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നു രാവിലെ എട്ടു മണിയോടെയാണ് സംഭവം. ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 113 യാത്രക്കാരും ഒന്‍പതു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ചോങ് ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈന്‍ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ചു. എന്നാല്‍ അപ്പോഴേക്കും വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരും അഗ്നിശമന സേനയും രംഗത്തെത്തി വിമാനത്തിന്റെ തീ അണച്ചു.

ചൈനീസ് മാധ്യമം ട്വിറ്ററില്‍ അപകടത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് തെന്നിമാറി കിടക്കുന്ന വിമാനത്തിന്റെ ഇടതു ഭാഗത്തെ ചിറകില്‍നിന്ന് തീനാളങ്ങളും പുകയും ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയചകിതരായി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ചില യാത്രക്കാര്‍ക്കു മാത്രം ചെറിയ പരിക്കുകള്‍ പറ്റിയെന്നും മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. പെട്ടെന്നുതന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലെ തീ അണച്ചതായും റണ്‍വേ അടച്ചതായും ചൈനീസ് മാധ്യമം അറിയിച്ചു.

മാര്‍ച്ചില്‍ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീണ് 132 യാത്രക്കാര്‍ മരിച്ചിരുന്നു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.