ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു വേണ്ടി പെര്‍ത്തില്‍ 'റാലി ഫോര്‍ ലൈഫ്'; തടസപ്പെടുത്താന്‍ ശ്രമിച്ച് ഗര്‍ഭച്ഛിദ്രാനുകൂലികള്‍

ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു വേണ്ടി പെര്‍ത്തില്‍ 'റാലി ഫോര്‍ ലൈഫ്'; തടസപ്പെടുത്താന്‍ ശ്രമിച്ച് ഗര്‍ഭച്ഛിദ്രാനുകൂലികള്‍

പെര്‍ത്ത്: ഗര്‍ഭച്ഛിദ്രത്തിനെതിരേ പെര്‍ത്തില്‍ സമാധാനപരമായി നടന്ന റാലിയിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച് ഗര്‍ഭച്ഛിദ്രാനുകൂലികള്‍. ഇന്നലെ വൈകിട്ട് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം നടന്ന 'റാലി ഫോര്‍ ലൈഫ്' എന്ന പരിപാടിയുടെ വേദിയിലേക്കെത്തിയ ഗര്‍ഭച്ഛിദ്രാനുകൂലികളാണ് മനഃപൂര്‍വം തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംഘാടകരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിതവും സമാധാനപരവുമായ ഇടപെടലിലൂടെ അല്‍പസമത്തിനു ശേഷം ഇവര്‍ പിന്‍വാങ്ങി. റാലി ഫോര്‍ ലൈഫിന്റെ 24 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.

ഇന്നലെ വൈകിട്ട് ആറു മണിയോടെ പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലിന് മുന്നില്‍നിന്ന് നടന്നുനീങ്ങിയ ജപമാല റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. നഗരമധ്യത്തിലൂടെ ഭക്തിനിര്‍ഭരമായി നടന്നുനീങ്ങിയ റാലിയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. 'ഗര്‍ഭച്ഛിദ്രം അരുത്', 'അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ വിലപ്പെട്ടതാണ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയായിരുന്നു റാലി. സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരും പരിപാടിയിലുടനീളം സജീവമായുണ്ടായിരുന്നു.



പാര്‍ലമെന്റ് മന്ദിരത്തിനു സമീപം നടന്ന സമ്മേളനത്തില്‍ പെര്‍ത്ത് മുന്‍ ആര്‍ച്ച് ബിഷപ്പ് ബാരി ഹിക്കി പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. ഓസ്ട്രേലിയ ക്രിസ്റ്റ്യന്‍ ലോബി ഡയറക്ടര്‍ മാര്‍ട്ടിന്‍ ഐല്‍സ് മുഖ്യപ്രഭാഷണം നടത്തി. ഗര്‍ഭച്ഛിദ്രത്തിനെതിരേയുള്ള പോരാട്ടം നിത്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മാര്‍ട്ടിന്‍ ഐല്‍സ് പറഞ്ഞു. ഓസ്‌ട്രേലിയ ക്രിസ്ത്യന്‍ പാര്‍ട്ടി ഡയറക്ടര്‍ മേരിക ഗ്രോനെവാള്‍ഡ്, പെര്‍ത്ത് പാര്‍ലമെന്റ് അംഗം നിക് ഗൊയ്‌രാന്‍ എന്നിവര്‍ പ്രസംഗിച്ചു.



പ്രാര്‍ത്ഥന ആരംഭിച്ച ഉടനെയാണ് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ വേദിയിലേക്ക് എത്തിയത്. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന പ്ലക്കാര്‍ഡുകളും ഇവര്‍ കൈകളില്‍ പിടിച്ചിട്ടുണ്ടായിരുന്നു. സംഘര്‍ഷമുണ്ടാക്കാനുള്ള ഇവരുടെ ശ്രമം പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ സമാധാനപരമായ ഇടപെടലിലൂടെ ഒഴിവായി. അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര നിയമം അസാധുവാക്കാനുള്ള നീക്കങ്ങള്‍ സുപ്രീം കോടതി നടത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഗര്‍ഭച്ഛിദ്രാനുകൂലികള്‍ വ്യാപക ആക്രമണമാണ് അഴിച്ചുവിടുന്നത്. ഇതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാവണം പെര്‍ത്തിലെ സംഭവങ്ങള്‍.


ഗര്‍ഭച്ഛിദ്രത്തിനെതിരേ പെര്‍ത്തില്‍ നടന്ന 'റാലി ഫോര്‍ ലൈഫ്'

കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും നിയന്ത്രണങ്ങളോടെ നടത്തിയ റാലിക്ക് വലിയ ജനപങ്കാളിത്തമുണ്ടായത് പ്രോ ലൈഫ് സമൂഹം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

മനുഷ്യരാശിയുടെ ഏറ്റവും വലിയ നഷ്ടമാണ് ഗര്‍ഭച്ഛിദ്രം എന്ന ആശയത്തിലൂന്നിയാണ് റാലി നടത്തിയത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ 1998-ല്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയതു മുതല്‍ 2,00,000 ഗര്‍ഭസ്ഥ ശിശുക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ കുഞ്ഞുങ്ങളെ അനുസ്മരിച്ച് പ്രാര്‍ഥിച്ചു. ഏറെ വൈകിയുള്ള ഗര്‍ഭഛിദ്രത്തിനിടെ 27 കുഞ്ഞുങ്ങള്‍ ജീവനോടെ ജനിക്കുകയും തുടര്‍ന്ന് പരിചരണം കിട്ടാതെ മരിക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.